റിയാദ്-ചെണ്ടമേളവും കഥകളിയും വിവിധ സംസ്ഥാനങ്ങളിലെ തനത് ഡാൻസുകളും ഘോഷയാത്രയും തീർത്ത ആഘോഷത്തിമർപ്പിൽ റിയാദ് സുവൈദി പാർക്കിൽ ഇന്ത്യൻ ഉത്സവത്തിന് തുടക്കമായി. റിയാദ് സീസണിന്റെ ഭാഗമായി വിവിധ രാജ്യങ്ങളുടെ സാംസ്‌കാരിക പരിപാടികൾ അരങ്ങേറുന്ന സുവൈദി പാർക്കിൽ ഇത്തവണ ഇന്ത്യക്കാണ് ആദ്യ അവസരം ലഭിച്ചത്. അടുത്ത ഞായറാഴ്ച സമാപിക്കും. ശേഷം മറ്റു രാജ്യങ്ങളുടെ സാംസ്‌കാരിക പരിപാടികൾ അരങ്ങേറും.
റിയാദ് ടാക്കീസിന്റെ ചെണ്ടമേളം, പോൾസ്റ്റാറിന്റെ ഡാൻസ്, കാവടി, ഗോഡി ഡാൻസ്, കേരളത്തിൽ നിന്നെത്തിയ ചാത്തന്നൂർ കൊച്ചുനാരായണ പിള്ളൈ, ആറ്റിങ്ങൾ സുധി എന്നിവർ വേഷമിടുന്ന കഥകളി, പഞ്ചാബി, രാജസ്ഥാൻ ഡാൻസ്, ആക്രോബാറ്റിക് ഡാൻസ് തുടങ്ങിയവയാണ് ഇന്ത്യൻ ഉത്സവത്തിൽ അരങ്ങേറുന്നതെന്ന് പരിപാടിയുടെ ഹെഡ് ഇൻചാർജ് വിഷണു വിജയൻ മലയാളം ന്യൂസിനോട് പറഞ്ഞു.
വൈകുന്നേരം 5.30നാണ് പരിപാടി തുടങ്ങുക. റിയാദ് സീസൺ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്താണ് പാർക്കിലേക്ക് പ്രവേശിക്കേണ്ടത്. സൗജന്യമാണ് രജിസ്‌ട്രേഷൻ. രാത്രി 11 മണിവരെ ആഘോഷം തുടരും. ഇന്ത്യയുടെ തനത് കലാരൂപങ്ങളും വസ്ത്രവൈവിധ്യങ്ങളും മറ്റും പ്രദർശിപ്പിക്കുന്ന വിധത്തിൽ പാർക്കിനെ വലയം വെച്ച് നടക്കുന്ന ഘോഷയാത്രയോടെയാണ് എല്ലാ ദിവസവും ആഷോത്തിന് തുടക്കം. രണ്ട് മണിക്കൂർ കഴിഞ്ഞ് മറ്റൊരു ഘോഷയാത്രയും അരങ്ങേറും. സന്ദർശകരായെത്തുന്ന അറബ് വംശജർക്കും മറ്റും ഇന്ത്യൻ ഘോഷയാത്ര ആവേശമാണ്.
പാർക്കിലെത്തിച്ച നാട്ടിലെ ഓട്ടോറിക്ഷയും ആന ശിൽപവും സന്ദർശകർക്ക് കൗതുക കാഴ്ചയാണ്. ഇന്ത്യയുടെ വിവിധ ബ്രാൻഡ് ഉൽപന്നങ്ങൾ സ്വന്തമാക്കാനും ഭക്ഷ്യവൈവിധ്യങ്ങൾ രുചിക്കാനും പാർക്കിൽ അവസരമുണ്ട്. കുട്ടികളുടെ വിനോദ പരിപാടികൾക്ക് പ്രത്യേക സ്‌റ്റേജും കലാകാരന്മാരും പാർക്കിൽ സജ്ജമാണ്.