കാണ്‍പൂര്‍- കാമുകിയായ അധ്യാപികയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ യുവാവ് പതിനേഴുകാരനെ കൊലപ്പെടുത്തി. കുടുംബത്തേയും പോലീസിനേയും തെറ്റിദ്ധരിപ്പിക്കാന്‍ അല്ലാഹു അക്ബര്‍ എന്നെഴുതി കത്തയക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലേ കാണ്‍പൂരിലാണ് സംഭവം.
തട്ടിക്കൊണ്ടുപോകലാണെന്ന് വരുത്തിത്തീര്‍ക്കാനാണ് അല്ലാഹു അക്ബര്‍ എന്നെഴുതി പ്രതി കുട്ടിയുടെ കുടുംബത്തിന് മോചനദ്രവ്യം ആവശ്യപ്പെട്ട് കത്തയച്ചതെന്ന് പോലീസ് പറഞ്ഞു.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം വീട്ടില്‍ നിന്ന് പോലീസ് കണ്ടെത്തിയതിന് പിന്നാലെ പ്രതി പ്രഭാത് ശുക്ല അറസ്റ്റിലായി. കുട്ടിയുടെ ട്യൂഷന്‍ അധ്യാപിക രചിതയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആര്യന്‍ എന്ന മറ്റൊരാളും അറസ്റ്റിലായി.
കാമുകിയുമായി കുട്ടിക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തിലാണ് പ്രതി യുവാവിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികള്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കാണ്‍പൂരിലെ പ്രമുഖ തുണി വ്യാപാരിയുടെ മകനാണ് കൊല്ലപ്പെട്ടത്. വൈകുന്നേരം കോച്ചിംഗ് ക്ലാസുകള്‍ക്കായി സ്‌കൂട്ടറില്‍ വീട്ടില്‍ നിന്ന് പോയ മകന്‍ തിരിച്ചെത്തിയില്ലെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. പിന്നീട് തുണി കൊണ്ട് മുഖം മറച്ച ഒരാള്‍ സ്‌കൂട്ടറില്‍ ഇവരുടെ വീട്ടിലെത്തി മകനെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിന് 30 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് കത്ത് നല്‍കി.
കത്തില്‍ 'അല്ലാഹു അക്ബര്‍' എന്ന് എഴുതിയിരുന്നു, കൂടാതെ 'അല്ലാഹു പര്‍ വിശ്വാസ് രാഖോ' (അല്ലാഹുവില്‍ വിശ്വസിക്കുക) എന്നും എഴുതിയിരുന്നു. അന്വേഷണം വഴിതിരിച്ചുവിടാനുള്ള തന്ത്രമായിരുന്നു മോചനദ്രവ്യത്തിനുള്ള കത്തെന്ന് പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പോലീസ് വീണ്ടെടുത്തു
പ്രതി ശുക്ല കുട്ടിയെ ഒരു സ്‌റ്റോര്‍ റൂമിലേക്ക് കൊണ്ടുപോയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായി. ടീച്ചര്‍ മുറിയിലുണ്ടെന്ന് വിശ്വസിപ്പിച്ചാണ്
പ്രതി കുട്ടിയെ അങ്ങോട്ടു കൊണ്ടുപോയത്.
മിനിറ്റുകള്‍ക്ക് ശേഷം ശുക്ല സ്‌റ്റോര്‍റൂമില്‍ നിന്ന് പുറത്തേക്ക് വന്നെങ്കിലും കുട്ടി പുറത്തിറങ്ങിയില്ല. തുടര്‍ന്ന് പ്രതി വസ്ത്രം മാറി കുട്ടിയുടെ സ്‌കൂട്ടറില്‍ പോകുന്നത് സിസടിവി ദൃശ്യങ്ങളിലുണ്ടെന്നും പോലീസ് പറഞ്ഞു.
അതേസമയം, കുറ്റകൃത്യത്തില്‍ തനിക്ക് പങ്കുണ്ടെന്ന് രചിത സമ്മതിച്ചതായും മോചനദ്രവ്യത്തിലെ കൈയക്ഷരം തന്റെ കാമുകനായ പ്രഭാത് ശുക്ലയുടേതാണെന്ന് വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.
അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബന്ധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. ഇത് വളരെ ഗൗരവമുള്ള വിഷയമാണെന്നും കര്‍ശന നടപടിയെടുക്കണമെന്നും സംഭവത്തോട് പ്രതികരിച്ച് സമാജ് വാദി പാര്‍ട്ടി (എസ്പി) നേതാവും മുന്‍ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്, പറഞ്ഞു.
കാണ്‍പൂരില്‍ ടെക്‌സ്‌റ്റൈല്‍ വ്യവസായിയുടെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍, കുറ്റകൃത്യം ഒരു പ്രത്യേക സമുദായവുമായി ബന്ധപ്പെടുത്തി മോചനദ്രവ്യം ആവശ്യപ്പെടാനുള്ള ഗൂഢാലോചന വളരെ ഗൗരവമേറിയ കാര്യമാണെന്നും അതുവഴി പോലീസിന്റെ ശ്രദ്ധ തിരിക്കുകയാണെന്നും അഖിലേഷ് യാദവ് ഹിന്ദിയില്‍ നല്‍കിയ ട്വീറ്റില്‍ പറഞ്ഞു.
ഇത്തരത്തിലുള്ള പ്രവണത രാജ്യത്തിനും സമൂഹത്തിനും അങ്ങേയറ്റം അപകടകരമാണ്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.