Sorry, you need to enable JavaScript to visit this website.

ഗാസ യുദ്ധം: അറബ് ഉച്ചകോടി ഈ മാസം 11 ന് റിയാദിൽ

ജിദ്ദ - ഇസ്രായിലിന്റെ ഗാസ ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശകലനം ചെയ്യാൻ ഈ മാസം 11 ന് റിയാദിൽ അടിയന്തിര അറബ് ഉച്ചകോടി ചേരാൻ അറബ് രാജ്യങ്ങൾ ധാരണയിലെത്തിയതായി ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ഉപദേഷ്ടാവ് ഡോ. മഹ്മൂദ് അൽഹബാശ് അറിയിച്ചു. 32-ാമത് അറബ് ഉച്ചകോടി പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന സൗദി അറേബ്യയുടെ അധ്യക്ഷതയിൽ ഈ മാസം 11 ന് റിയാദിൽ അസാധാരണ അറബ് ഉച്ചകോടി സംഘടിപ്പിക്കാനുള്ള ഔദ്യോഗിക അപേക്ഷ ഫലസ്തീനിൽ നിന്നും സൗദി അറേബ്യയിൽ നിന്നും ലഭിച്ചതായി അറബ് ലീഗ് സെക്രട്ടേറിയറ്റ് ജനറൽ അറിയിച്ചു. ഒക്‌ടോബർ ഏഴു മുതൽ ഗാസയിൽ ഫലസ്തീൻ ജനതക്കെതിരെ ഇസ്രായിൽ തുടരുന്ന ആക്രമണങ്ങൾ വിശകലനം ചെയ്യാൻ അടിയന്തിര ഉച്ചകോടി സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഔദ്യോഗിക അപേക്ഷ ഫലസ്തീനിൽ നിന്നും സൗദി അറേബ്യയിൽ നിന്നും ലഭിച്ചതായി അറബ് ലീഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ഹുസാം സക്കി പറഞ്ഞു. 
ഇസ്രായിൽ അന്താരാഷ്ട്ര നിയമത്തിന് അതീതമായി തുടരരുതെന്ന സന്ദേശം അറബ് ഉച്ചകോടി അന്താരാഷ്ട്ര സമൂഹത്തിന് നൽകുമെന്ന് അറബ് ലീഗിലെ ഫലസ്തീൻ പ്രതിനിധി മുഹന്നദ് അൽഅക്‌ലൂക് പറഞ്ഞു. ഇരട്ടത്താപ്പ്, ആളുകളെ പരസ്പരം ഭിന്നിപ്പിക്കുന്ന വംശീയ കാഴ്പ്പാട് എന്നീ നയങ്ങളിൽ നിന്ന് മാറി ഏകീകൃത അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഉണ്ടായിരിക്കണം എന്ന സന്ദേശവും ഉച്ചകോടി നൽകും. ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ അഭ്യർഥനയും നിലവിലെ അറബ് ഉച്ചകോടി പ്രസിഡന്റ് പദവി വഹിക്കുന്ന സൗദി അറേബ്യയുടെ അടിയന്തിര പ്രതികരണവും കാരണമാണ് അടിയന്തിര ഉച്ചകോടി ചേരുന്നത്. വംശഹത്യ, നിർബന്ധിത കുടിയൊഴിപ്പിക്കൽ, വംശീയ ഉന്മൂലനം, ഫലസ്തീൻ പ്രശ്‌നം ഇല്ലാതാക്കാനുള്ള ഇസ്രായിലിന്റെ ശ്രമങ്ങൾ എന്നിവക്ക് ഫലസ്തീനികൾ വിധേയരാകുന്ന ഈ ദുഷ്‌കരമായ കാലഘട്ടത്തിൽ ഫലസ്തീൻ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം സാധ്യമാക്കുന്നതിൽ അറബ് രാജ്യങ്ങൾ ഫലസ്തീൻ നേതൃത്വത്തിനും ജനതക്കുമൊപ്പം ഉത്തരവാദിത്തം വഹിക്കണമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നത്. 
അറബ് സമുദായത്തിന്റെ കേന്ദ്ര പ്രശ്‌നമായ ഫലസ്തീൻ പ്രശ്‌നത്തിന്റെ ഉത്തരവാദിത്തവും ഭാരവും എല്ലാ അറബ് സഹോദരങ്ങളും വഹിക്കാനും ഫലസ്തീൻ ജനത കഴിഞ്ഞ ആഴ്ചകളിൽ കാഴ്ചവെച്ച മഹത്തായ ത്യാഗങ്ങൾ ഒരു രാഷ്ട്രീയ പരിഹാരമായി വിവർത്തനം ചെയ്യപ്പെടാനുമാണ് ഇത്തരമൊരു ഉച്ചകോടി ചേരാൻ ഫലസ്തീൻ ആഹ്വാനം ചെയ്തത്. പോയ വാരങ്ങളിൽ ആയിരക്കണക്കിന് ഫലസ്തീനികൾ വീരമൃത്യുവരിക്കുകയും പതിനായരക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഫലസ്തീനികളുടെ ലക്ഷക്കണക്കിന് ഭവനങ്ങൾ തകർക്കപ്പെട്ടു. ഇസ്രായിൽ അധിനിവേശം അവസാനിപ്പിക്കാനും ഫലസ്തീൻ ജനതക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കാനും സ്വയം നിർണയത്തിനുള്ള അവകാശം ആസ്വദിക്കാൻ അവരെ ശാക്തീകരിക്കാനും സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും പ്രവർത്തിച്ചുകൊണ്ട് ഉച്ചകോടി രാഷ്ട്രീയ തലത്തിൽ വിവർത്തനം ചെയ്യപ്പെടണം. 
സ്വയം നിർണയാവകാശം അടക്കമുള്ള അവകാശങ്ങളാൽ ഫലസ്തീൻ ജനത ശാക്തീകരിക്കപ്പെട്ടില്ലെങ്കിൽ ഇപ്പോൾ നടക്കുന്ന ഇസ്രായിൽ ആക്രമണവും യുദ്ധവും ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ആവർത്തിക്കപ്പെട്ടേക്കും. ഇവിടെ നമ്മൾ എപ്പോഴും പ്രശ്‌നത്തിന്റെ വേരുകളിലേക്ക് മടങ്ങണം. അത് ഇസ്രായിലി അധിനിവേശമാണ്. അധിനിവേശവും അതിന്റെ അനന്തരഫലങ്ങളായ ആക്രമണം, കുടിയേറ്റം, വർണവിവേചനം, കൊലപാതകം, വസ്തുവകകൾ അഗ്നിക്കിരയാക്കൽ, നശിപ്പിക്കൽ എന്നിവയും അസാനിപ്പിക്കണം. ഫലസ്തീൻ പ്രശ്‌നത്തിന് നീതിയുക്തമായ പരിഹാരമുണ്ടാക്കിയും അവകാശങ്ങൾ വിനിയോഗിക്കാൻ ഫലസ്തീൻ ജനതയെ പ്രാപ്തരാക്കിയുമല്ലാതെ മേഖലയിൽ സമാധാനമോ സ്ഥിരതയോ ഉണ്ടാകില്ല എന്ന വ്യക്തമായ സന്ദേശം അടിയന്തിര അറബ് ഉച്ചകോടി ലോകത്തിന് നൽകണം. 
അധിനിവേശം, നിർബന്ധിത കുടിയൊഴിപ്പിക്കൽ, ജൂത കുടിയേറ്റം, വർണവിവേചനം, കൂട്ടായ ശിക്ഷ, വംശീയ ഉന്മൂലനം, വംശഹത്യ തുടങ്ങി എല്ലാ കുറ്റകൃത്യങ്ങളും അവസാനിപ്പിക്കാൻ ഇസ്രായിലിനു മേൽ സമ്മർദം ചെലുത്താൻ അറബ് രാജ്യങ്ങൾക്കുള്ള കഴിവിലും ഇക്കാര്യത്തിൽ അന്താരാഷ്ട്ര സമൂഹത്തിനു മേലുള്ള അറബ് ഭരണാധികാരികളുടെ സ്വാധീനത്തിലും തനിക്ക് വിശ്വാസമുണ്ട്. ഫലസ്തീൻ രാഷ്ട്രം അറബ് സമുദായത്തിന്റെ അവിഭാജ്യ ഘടകമാണ്. ഫലസ്തീൻ ജനത ഈ സമുദായത്തിന്റെ ഭാഗമാണ്. അതുകൊണ്ടു തന്നെ ഇസ്രായിലിന്റെ കുറ്റകൃത്യങ്ങളിൽ നിന്ന് ഫലസ്തീൻ ജനതയെ രക്ഷിക്കാൻ അറബ് സമുദായം പ്രവർത്തിക്കണം. ഫലസ്തീൻ ജനതയുടെ നാളെ ഇന്നലത്തെ പോലെ ആയിരിക്കരുത്. ഫലസ്തീൻ ജനതയുടെ അവകാശങ്ങളും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഫലസ്തീനികളുടെ ന്യായമായ അവകാശങ്ങളും നേടിയെടുക്കണമെന്നും മുഹന്നദ് അൽഅക്‌ലൂക് പറഞ്ഞു. 

Latest News