Sorry, you need to enable JavaScript to visit this website.

പണിമുടക്ക് ഗതാഗത രംഗത്തെ കുത്തകവൽക്കരണത്തിനെതിരായ ചെറുത്തുനിൽപ്

കോഴിക്കോട്- റോഡുഗതാഗത മേഖല കുത്തകവൽക്കരിക്കാനും  തൊഴിലാളികളെയും ചെറുകിട തൊഴിൽ ഉടമകളെയും വഴിയാധാരമാക്കാനും ഇടയാക്കുന്ന മോട്ടോർ വാഹന നിയമഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് നടത്തുന്ന വാഹന പണിമുടക്ക് വിജയിപ്പിക്കാൻ  ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂനിയൻസ് (എഫ്.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി അഭ്യർഥിച്ചു. ഗതാഗതരംഗമാകെ കുത്തകവൽക്കരിക്കാനും കോടിക്കണക്കായ തൊഴിലാളികളെയും ചെറുകിട  ഉടമകളെയും തൊഴിൽരഹിതരാക്കാനും ഇടയാക്കുന്ന നിയമഭേദഗതിക്കെതിരായ ചെറുത്തുനിൽപ്പാണ് പണിമുടക്ക്.
നിലവിലെ മോട്ടോർ വാഹനനിയമത്തിലെ 223 സെക്ഷനുകളിൽ 68 എണ്ണം ഭേദഗതി ചെയ്യാനും 28 പുതിയ സെക്ഷനുകൾ കൂട്ടിച്ചേർക്കാനുമാണ് നിയമഭേദഗതി നിർദേശിക്കുന്നത്. ഇത് പ്രാബല്യത്തിലാകുന്നതോടെ റോഡുഗതാഗതം പൂർണമായി കുത്തകവൽക്കരിക്കപ്പെടും. 
നയം രൂപീകരിക്കാനും നിയമം നിർമിക്കാനുമുള്ള അധികാരം ഉൾപ്പെടെ സമഗ്രാധിപത്യമാണ് വൻകിട കുത്തകകൾക്ക് ഈ രംഗത്തുണ്ടാകുക. ഇതോടെ അഞ്ചര കോടിയിലധികം മോട്ടോർ തൊഴിലാളികളും ചെറുകിട തൊഴിൽ ഉടമകളും വഴിയാധാരമാകും. റോഡുഗതാഗതത്തിൽ ഏർപ്പെടുത്താൻ പോകുന്ന 'അഗ്രിഗേറ്റർ' വ്യവസ്ഥ (വൻകിട വാഹനവ്യൂഹ വ്യവസ്ഥ) തൊഴിലാളികളെയും ചെറുകിട തൊഴിൽ ഉടമകളെയും തൊഴിൽരഹിതരാക്കും. 
പതിനായിരക്കണക്കിന് വാഹനങ്ങളുമായെത്തുന്ന കുത്തകകൾ സൃഷ്ടിക്കുന്ന മലവെള്ളപ്പാച്ചിലിൽ അവർക്കു പിടിച്ചുനിൽക്കാനാകില്ല.  ഊബർ, ഒല തുടങ്ങിയ കുത്തകകൾ ടാക്‌സി മേഖലയിൽ പിടിമുറുക്കിയതോടെ പതിനായിരക്കണക്കിനുപേർക്ക് തൊഴിൽ നഷ്ടമായി. അഗ്രിഗേറ്റർ എന്ന ഈ ഒരൊറ്റ കൂട്ടിച്ചേർക്കലിലൂടെ ഓട്ടോ, ടാക്‌സി, സ്വകാര്യബസ് വ്യവസായം, ആർടിസികൾ, ചരക്കുകടത്തുമേഖല എന്നിവ കുത്തകകളുടെ പിടിയിലാകും. നിലവിലുള്ള തൊഴിലാളികൾക്കും ചെറുകിട തൊഴിൽ ഉടമകൾക്കും ഒന്നുകിൽ കുത്തകകൾക്കു കീഴടങ്ങി അവരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാം. അല്ലെങ്കിൽ സ്വയം രംഗം വിടാം. ഗത്യന്തരമില്ലാതെ ഊബർ, ഒല കമ്പനികളുമായി ബന്ധപ്പെട്ടു പ്രവർത്തനമാരംഭിച്ച ടാക്‌സി ഡ്രൈവർമാർ കുടുംബം പുലർത്താനോ വായ്പ തിരിച്ചടക്കാനോ വരുമാനം ലഭിക്കാതെ നട്ടംതിരിയുകയാണ്. ഓട്ടോ മേഖലയിൽ വൻകിട വാഹനവ്യൂഹ വ്യവസ്ഥ ഡ്രൈവർമാരെ മാരകമായ രീതിയിലാണ് ബാധിക്കുക. നിരത്തുകളിൽനിന്ന് ഓട്ടോകൾ അപ്രത്യക്ഷമാകും. ഓട്ടോകളുടെയും ടാക്‌സികളുടെയും ഷെയറിങ് സവാരി 5000 രൂപവരെ പിഴ ചുമത്താവുന്ന കുറ്റമാണ്. നിശ്ചിത യാത്രക്കാരിലധികം കയറ്റിയാൽ ഓരോ യാത്രക്കാരനും 200 രൂപവീതം പിഴ ചുമത്തും. നിയമഭേദഗതി നടപ്പാകുന്നതോടെ ബസുകളുടെ പെർമിറ്റ് സമ്പ്രദായം അടിമുടി ഉടച്ചുവാർക്കപ്പെടും. നിലവിലുള്ള സ്‌റ്റേജ് കാര്യേജ്, കോൺട്രാക്ട് കാര്യേജ് വേർതിരിവ് നീക്കും. അതോടെ നിലവിലുള്ള സ്വകാര്യ ബസ് വ്യവസായത്തിന്റെയും ആർടിസികളുടെയും അന്ത്യമാകും. ദുർബല വിഭാഗങ്ങൾക്കുമുള്ള യാത്രാസൗജന്യം നഷ്ടമാകും.  ചരക്കുകടത്തുമേഖല കുത്തകവൽക്കരിക്കപ്പെടുന്നതിലൂടെ ചരക്കുകടത്തുകൂലി വർധിക്കും. 
ഇത് ഉപ്പുതൊട്ട് കർപ്പൂരംവരെ സർവ സാമഗ്രികളുടെയും വില കുത്തനെ ഉയരുന്നതിന് കാരണമാകും. ഭേദഗതി പ്രാബല്യത്തിലായാൽ വാഹനങ്ങളുടെ അറ്റകുറ്റപ്പണികളും ബന്ധപ്പെട്ട  കമ്പനികളിലോ നിർദേശിക്കുന്ന സർവീസ് സ്‌റ്റേഷനിലോതന്നെ ചെയ്യണം. ഈ കമ്പനികൾ ഉൽപ്പാദിപ്പിക്കുന്ന സ്‌പെയർ പാർട്‌സ് മാത്രമേ ഉപയോഗിക്കാനും പാടുള്ളൂ. ഇത് നിലവിലുള്ള വർക്‌ഷോപ്പുകളുടെയും സ്‌പെയർ പാർട്‌സ് നിർമാണ വിപണന ശാലകളുടെയും അടച്ചുപൂട്ടലിന് ഇടയാക്കും. 
റോഡുഗതാഗത മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന സമയമാണിത്. അനുദിനമുണ്ടാകുന്ന പെട്രോൾ-ഡീസൽ വിലവർധന, വർഷംതോറും വർധിക്കുന്ന ഇൻഷുറൻസ് പ്രീമിയം നിരക്ക്, വർധിച്ച ടോൾ നിരക്ക്, ഏകപക്ഷീയമായി കേന്ദ്ര സർക്കാർ വർധിപ്പിക്കുന്ന വിവിധ സർവീസ് ചാർജ്,  സ്‌പെയർ പാർട്‌സിന്റെ താങ്ങാനാകാത്ത വിലവർധന എന്നിങ്ങനെ ഈ രംഗത്തെ ചെലവുകൾ സർവസീമകളും ലംഘിച്ച് ഉയരുകയാണ്. അസംഘടിത മോട്ടോർ തൊഴിലാളികൾക്ക് ഇഎസ്‌ഐ, പ്രോവിഡന്റ് ഫണ്ട്, പെൻഷൻ തുടങ്ങിയ ഒരു സാമൂഹ്യസുരക്ഷാ സംവിധാനവും ബാധകമല്ലതാനും. ഇങ്ങനെ പ്രതിസന്ധിയിലായ ഗതാഗതമേഖലയെ രക്ഷിക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കുമെന്ന് കരുതിയിരിക്കുമ്പോഴാണ് തൊഴിലാളികളെ നിഷ്‌കാസിതരാക്കുന്നതിനും  കുത്തകകളെ പകരംവയ്ക്കുന്നതിനുമുള്ള നിയമനിർമാണം നടത്തുന്നത്. മോട്ടോർ തൊഴിലാളികളിൽ 80 ശതമാനവും സ്വയംതൊഴിൽ കണ്ടെത്തിയവർ എന്ന നിലയിൽ ഈ രംഗത്തേക്കു കടന്നുവന്നവരാണ്. നവ ഉദാരവൽക്കരണ നയങ്ങൾ പിടിമുറുക്കിയതോടെ രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായി. 
റോഡുഗതാഗത സുരക്ഷാനിയമം പിൻവലിക്കാൻ നിർബന്ധിതമായതിനെതുടർന്നാണ് കേന്ദ്രസർക്കാർ മോട്ടോർവാഹന നിയമഭേദഗതി കൊണ്ടുവന്നത്. സെലക്ട് കമ്മിറ്റി ബിജെപിയിതര കക്ഷികളുടെ വിയോജനാഭിപ്രായങ്ങൾ പരിഗണിച്ചതേയില്ല-പ്രസ്താവനയിൽ പറഞ്ഞു.

Latest News