Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സമവായ ചർച്ചക്ക് തുഷാറെത്തി,  മോഡിയേയും അമിത് ഷായേയും കണ്ടു

ന്യൂദൽഹി- എൻ.ഡി.എ കേരള ഘടകത്തിൽ ഘടകകക്ഷികളിൽ അതൃപ്തി ശക്തമായിരിക്കെ ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി ദൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി, ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ എന്നിവരുമായി ചർച്ച നടത്തി. ബി.ജെ.പി നേതൃത്വം വാഗ്ദാനങ്ങൾ ലംഘിച്ചുവെന്ന ആരോപണമുയർത്തി എൻ.ഡി.എയുമായി സഹകരിക്കാതെ മാറിനിൽക്കുന്നതിനിടെയാണ് തുഷാർ വീണ്ടും ചർച്ചക്കായി ദൽഹിയിലെത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി വിഷയങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം ചർച്ചക്ക് മുൻകൈ എടുത്തത്.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി പി.എസ് ശ്രീധരൻ പിള്ള ചുമതലയേറ്റതിന് തൊട്ടുപിന്നാലെയാണ് തുഷാറിനെ ബി.ജെ.പി കേന്ദ്ര നേതൃത്വം ചർച്ചക്കായി ദൽഹിക്ക് വിളിപ്പിച്ചത്. ബി.ഡി.ജെ.എസുമായി സഖ്യ ചർച്ച നടത്തിയതും എൻ.ഡി.എയുടെ ഭാഗമാക്കിയതും ബി.ജെ.പി കേന്ദ്ര നേതൃത്വം നേരിട്ടായിരുന്നു. ബി.ജെ.പി സംസ്ഥാന നേതൃത്വം കാഴ്ചക്കാരുടെ റോളിലായിരുന്നു. ഇതിനിടയിൽ ബി.ജെ.പിയിൽ രൂക്ഷമായ ഗ്രൂപ്പിസം ഘടകകക്ഷികളുമായുള്ള ബന്ധത്തെയും ബാധിച്ചു. 
ബി.ഡി.ജെ.എസുമായി സഖ്യമുണ്ടാക്കിയത് ഗുണകരമായില്ലെന്ന നിലപാടായിരുന്നു വി. മുരളീധര വിഭാഗം സ്വീകരിച്ചത്. ബി.ജെ.പിയിലെ ഈഴവ നേതാവായ മുരളീധരന് ഒരു ഈഴവ കക്ഷിയെ എൻ.ഡി.എയിൽ ഉൾപ്പെടുത്തുന്നതിനോടു താൽപ്പര്യമില്ലായിരുന്നു. സംസ്ഥാന ഘടകത്തിൽ ഇക്കാര്യത്തിൽ അഭിപ്രായ ഭിന്നത രൂക്ഷമായതോടെ കേന്ദ്ര നേതൃത്വം വാഗ്ദാനങ്ങൾ പാലിക്കുന്നതിനും സമയം നീട്ടി. ഇതോടെ ബി.ജെ.പിയുമായി അകന്ന ബി.ഡി.ജെ.എസ്, ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണ രംഗത്തിറങ്ങാനും ബി.ജെ.പിയുമായി സഹകരിക്കാനും തയാറായില്ല. ബി.ജെ.പി സ്ഥാനാർഥിയായിരുന്ന പി.എസ് ശ്രീധരൻ പിള്ളയുടെ വോട്ടുനില കുറയാൻ ഇതിടയാക്കി.
ബി.ഡി.ജെ.എസിനെ അനുനയിപ്പിച്ച് ഒപ്പം നിർത്തണമെന്ന അഭിപ്രായമുള്ള ശ്രീധരൻപിള്ള പ്രസിഡന്റായതിന് തൊട്ടുപിന്നാലെ തന്നെ ചർച്ച പുനരാരംഭിച്ചത് വ്യക്തമായ സൂചന നൽകുന്നുണ്ട്. സംസ്ഥാന ആർ.എസ്.എസ് നേതൃത്വത്തിനും പി.കെ കൃഷ്ണദാസ് പക്ഷത്തിനും ബി.ഡി.ജെ.എസിനെ ചേർത്തുനിർത്തണമെന്ന അഭിപ്രായം തന്നെയാണുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻ മാത്രമല്ല സംസ്ഥാനത്ത്‌നിന്ന് കൂടുതൽ സീറ്റുകൾ കണ്ടെത്താൻ നീക്കമാരംഭിച്ച സാഹചര്യത്തിൽ ബി.ഡി.ജെ.എസിനെ പിണക്കരുതെന്നാണ് ഈ വിഭാഗത്തിന്റെ അഭിപ്രായം. 


 

Latest News