പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ കേന്ദ്ര സർക്കാർ പുതിയ പദ്ധതിയുമായി രംഗത്ത്. സുകന്യ സമൃദ്ധി യോജന എന്ന പേരിലുള്ള പദ്ധതി 10 വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്കു വേണ്ടിയുള്ളതാണ്. അക്കൗണ്ട് തുറക്കണമെങ്കിൽ പത്തു വയസ്സിൽ താഴെയായിരിക്കണം പ്രായം. 18 വയസ്സ് തികയുമ്പോൾ പെൺകുട്ടിയായിരിക്കും അക്കൗണ്ട് ഉടമ. ഒരു കുടുംബത്തിലെ രണ്ട് പെൺകുട്ടികളുടെ പേരിൽ മാത്രമേ അക്കൗണ്ട് തുറക്കാൻ സാധിക്കൂ. ഇരട്ടകൾ/മൂന്നു കുട്ടികൾ എന്നിങ്ങനെ ജനിച്ചാൽ രണ്ടിൽ കൂടുതൽ അക്കൗണ്ടുകൾ തുറക്കാം.
ബാങ്കുകൾ വഴിയോ, പോസ്റ്റ് ഓഫീസുകൾ വഴിയോ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാം.
പ്രതിവർഷം കുറഞ്ഞത് 250 രൂപയും പരമാവധി 1.50 ലക്ഷം രൂപയും നിക്ഷേപിക്കാം. പദ്ധതിയുടെ നിക്ഷേപ കാലയളവ് 15 വർഷവും മെച്യൂരിറ്റി കാലാവധി 21 വർഷവുമാണ്. 7.6 ശതമാനമാണ് പലിശ നിരക്ക്. ലഭിക്കുന്ന പലിശ എല്ലാ സാമ്പത്തിക വർഷാവസാനവും അക്കൗണ്ടിലേക്ക് കൂട്ടിച്ചേർക്കപ്പെടും. 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം ലഭിക്കുന്ന പലിശക്ക് നികുതി ഇളവിന് അർഹതയുണ്ട്. നിക്ഷേപിച്ച തുകയ്ക്കും നികുതി നൽകേണ്ടതില്ലെന്നതാണ് ഇതിന്റെ പ്രത്യേകത.
പെൺകുട്ടി ജനിച്ചയുടൻ സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപം ആരംഭിച്ചാൽ 21 വയസ്സ് തികയുമ്പോൾ ഉയർന്ന തുക ലഭിക്കും. സുകന്യ സമൃദ്ധി യോജനയിൽ പ്രതിമാസം 1000 രൂപ നിക്ഷേപിച്ചാൽ പ്രതിവർഷം 12,000 രൂപയുണ്ടാകും. 15 വർഷം കൊണ്ട് മൊത്തം നിക്ഷേപം 1,80,000 രൂപയായി ഉയരും. പലിശ 3,29,212 രൂപ. അതായത് 15 വർഷത്തെ നിക്ഷേപ കാലാവധി പൂർത്തിയാകുമ്പോൾ 5,09,212 രൂപ ലഭിക്കും.
പ്രതിമാസം 5000 രൂപയാണ് നിക്ഷേപിക്കുന്നതെങ്കിൽ പ്രതിവർഷം 60,000 രൂപയുടെ നിക്ഷേപം. 15 വർഷം കൊണ്ട് മൊത്തം 9,00,000 രൂപയുടെ നിക്ഷേപമായി മാറും. പലിശയിനത്തിൽ 16,46,062 രൂപ ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ 25,46,062 രൂപയായിരിക്കും പെൺകുട്ടിക്കു ലഭിക്കുക.
21 വർഷമാണ് കാലാവധിയെങ്കിലും 18 വയസ്സ് പൂർത്തിയായി വിവാഹം നടന്നാൽ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് അവസാനിപ്പിക്കാം. പത്താം ക്ലാസ് പഠനം പൂർത്തിയായ പെൺകുട്ടി 18 വയസ്സ് പൂർത്തിയാക്കിയാൽ അക്കൗണ്ടിലെ 50 ശതമാനം തുക പിൻവലിക്കാൻ സാധിക്കും. വർഷത്തിൽ ഒരു തവണ മാത്രമേ പിൻവലിക്കാൻ സാധിക്കുകയുള്ളൂ.