ഹമാസ് പ്രേമി പിണറായിക്ക് സുഖം തന്നെയല്ലേ; ഷാജന്‍ സ്‌കറിയക്കെതിരെ പരാതിയുമായി പി.വി.അന്‍വര്‍

മലപ്പുറം-കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്ന് കാണിച്ച് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കെതിരെ പി.വി അന്‍വര്‍ എംഎല്‍എ പരാതി നല്‍കി. സംഭവത്തിന്റെ പിന്നാലെ, ക്രിസ്ത്യന്‍മുസ്‌ലിം മതവിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷം ഉണ്ടാക്കുകയെന്ന ഉദ്ദേശത്തോടെ ഷാജന്‍ സ്‌കറിയ വീഡിയോ പ്രചരിപ്പിച്ചെന്നും അതിനാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എഡിജിപി(ലോ ആന്‍ഡ് ഓര്‍ഡര്‍) എംആര്‍ അജിത് കുമാറിന് രേഖാമൂലം പരാതി നല്‍കിയതായി എംഎല്‍എ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.

മറുനാടന്‍ മലയാളി യൂട്യൂബ് ചാനലില്‍ പ്രസിദ്ധീകരിച്ച 'ഇസ്രായിലിനുള്ള തിരിച്ചടിയാണോ കളമശ്ശേരി? ഹമാസ് പ്രേമി പിണറായിക്ക് സുഖം തന്നെയല്ലേ? കളമശേരിയില്‍ നടന്നത് ഇസ്രായേല്‍ വിരുദ്ധ സ്‌ഫോടനമോ' എന്ന തലക്കെട്ടിലുള്ള വീഡിയോക്കെതിരെയാണ് പരാതി നല്‍കിയതെന്നും പി.വി അന്‍വര്‍ വ്യക്തമാക്കി. പരാതിയുടെ പകര്‍പ്പ് സഹിതമായിരുന്നു ഫേസ്ബുക്ക് കുറിപ്പ്.

വിഷയത്തില്‍ കേരളത്തിലെ മുസ്‌ലിം സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയായിരുന്നു വീഡിയോയുടെ ലക്ഷ്യമെന്നും പി.വി അന്‍വര്‍ കുറ്റപ്പെടുത്തി. മുസ്‌ലിം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുക, വെറുപ്പ് പ്രചരിപ്പിക്കുക, സമൂഹത്തിലെ സമാധാനവും സന്തുലിതാവസ്ഥയും തകര്‍ക്കുന്ന വിധത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ ഈ വീഡിയോക്ക് പിറകിലുണ്ടെന്നും പരാതിയില്‍ ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചതായും പറഞ്ഞു. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണെന്നും ഇതിന് മുമ്പും ഷാജന്‍ സ്‌കറിയ വിദ്വേഷം പ്രചരിപ്പിക്കുന്ന വീഡിയോകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ ഷാജന്‍ സ്‌കറിയയ്ക്കും മറുനാടന്‍ മലയാളിക്കുമെതിരെ 153 എ, 505, 153 ബി എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നും അന്‍വര്‍ പരാതിയില്‍ പറഞ്ഞു.
നേരത്തെയും അന്‍വര്‍ ഷാജന്‍ സ്‌കറിയക്കെതിരെയും മറുനാടന്‍ മലയാളിക്കെതിരെയും പരാതി നല്‍കുകയും ചെയ്തിരുന്നു.

 

Latest News