വാക്കുകളിലും പ്രവൃത്തികളിലും വെറുപ്പിനെ പുരട്ടുമ്പോള്‍... ഉറക്കെ നമ്മുടെ വാക്കുകള്‍ വിളിച്ചു പറയണം, ഷെയ്ന്‍ താങ്കള്‍ക്ക് നന്ദി

കൊച്ചി- കളമശ്ശേരി സംഭവത്തില്‍ വിഷം വമിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്ക് തിരിച്ചടി നല്‍കിയ മലയാളി പൊതുസമൂഹം ഇന്ന് ആശ്വസിക്കുകയാണ്. വലിയൊരു പ്രതിസന്ധിയുടെ നിലാക്കയത്തില്‍ എങ്ങനെ പെരുമാറണമെന്ന് മലയാളി തെളിയിച്ചു. സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ വിഷം ചിതറുമ്പോഴും അതിനെതിരെ ഒറ്റക്കെട്ടായി ജാഗ്രതയോടെ നിലയുറപ്പിക്കാന്‍ അവര്‍ക്കായി. ഊഹാപോഹങ്ങള്‍ തടയാനും തെറ്റായ കാര്യങ്ങള്‍ പ്രചരിക്കാതിരിക്കാനും അവര്‍ പരമാവധി ഒത്തുപിടിച്ചു.
ഇക്കൂട്ടത്തില്‍ ശ്രദ്ധേയമായ ഒന്നായിരുന്നു യുവനടന്‍ ഷെയ്ന്‍ നിഗമിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. അങ്ങേയറ്റം ഉത്തരവാദിത്ത ബോധത്തോടെയാണ് അദ്ദേഹം പോസ്റ്റിട്ടത്. അതിങ്ങനെയായിരുന്നു.

സുഹൃത്തുക്കളേ, കൊച്ചി കളമശ്ശേരിയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒരു അപകടമാണ് അരങ്ങേറിയത്. ദയവായി ഊഹങ്ങള്‍ പ്രചരിപ്പിക്കരുത്. ചാനലുകളും രാഷ്ടീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുത്.  
ഈ സംഭവത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ അധികാരികള്‍ കണ്ടെത്തട്ടെ, അതുവരെ നമ്മള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം.

നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്തത്. എല്ലാവരും ഇപ്പോള്‍ ഷെയ്‌നെ അഭിനന്ദിക്കുന്നു. പകച്ചുനില്‍ക്കാതെ, നിര്‍ണായകമായൊരു സന്ദര്‍ഭത്തില്‍ മലയാളിയുടെ പൊതുബോധത്തിനനുസരിച്ച് ഉയര്‍ന്നതിന്, വിശാലമായ മാനവികത ഉയര്‍ത്തിപ്പിടിച്ചതിന്.

ഷെയ്‌നോട് നന്ദിപറഞ്ഞും അഭിനന്ദിച്ചും നിരവധി പേരാണ് രംഗത്തുവന്നത്. അവര്‍ക്കെല്ലാം അദ്ദേഹം നന്ദി പറയുന്നു. ഫെയ്‌സ് ബുക്കില്‍ കുറിച്ചത് ഇങ്ങനെ..

ഹലോ ഡിയര്‍ ഫ്രണ്ട്‌സ്,
കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വിഷയത്തില്‍ ഒരുപാട് ആളുകള്‍ അഭിനന്ദനങ്ങളും ഐക്യദാര്‍ഢ്യവും നല്‍കുന്നുണ്ട്...സന്തോഷം തന്നെ. ഞാന്‍ എന്ന വ്യക്തിയുടെ പൗരബോധത്തിന് ഉപരി, സമൂഹത്തില്‍ ഇപ്പോഴും  നിലനില്‍ക്കുന്ന വര്‍ഗ്ഗ, മത, വര്‍ണ വിഭാഗീയതക്ക് സാക്ഷ്യം വഹിക്കുന്ന വ്യക്തി എന്ന നിലക്ക് എന്റെ വ്യക്തിരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും മാത്രം ആണ് അത്.
സന്തോഷവും, സാഹോദര്യവും, നന്മയും എന്നും നിലനില്‍ക്കേണ്ട ലോകത്ത്. സ്വാര്‍ഥ ലാഭത്തിനുവേണ്ടി വാക്കുകളിലും പ്രവൃത്തികളിലും വെറുപ്പിനെ പുരട്ടുമ്പോള്‍...ഞാനല്ല ..നാം ഓരോരുത്തരും വെറുപ്പിന്  മീതെ ഉറക്കെ നമ്മുടെ വാക്കുകള്‍ വിളിച്ചു പറയണം എന്ന് തന്നെ ആണ് ഞാന്‍ വിശ്വസിക്കുന്നത്...അത് എന്നും തുടര്‍ന്ന് കൊണ്ടിരിക്കും....

തീര്‍ച്ചയായും ചുറ്റുപാടും നടക്കുന്നതിനെ കണ്ടില്ലെന്ന് നടിക്കാത്ത, സജീവമായൊരു മനസ്സും കൃത്യമായ രാഷ്ട്രീയ-സാമൂഹിക ബോധവുമുള്ള വ്യക്തിയാണ് താനെന്ന് തെളിയിക്കുകയാണ് ഷെയ്ന്‍ ഇതിലൂടെ.
കളമശ്ശേരിയില്‍ നടന്നതുപോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മറ്റൊരു പോസ്റ്റിലൂടെ ഷെയ്ന്‍ ചില നിര്‍ദേശങ്ങളും വെക്കുന്നുണ്ട്. അത് ഇതാണ്.


വീഴ്ചകളില്‍ നിന്ന് നമ്മള്‍ തെറ്റുകള്‍ മനസ്സിലാക്കി അതിനുള്ള പരിഹാരങ്ങള്‍ കണ്ടെത്തണം. ഇനിയെങ്കിലും മുന്നോട്ട് നമുക്ക് തെറ്റുകള്‍ തിരുത്തി പോകേണ്ടതുണ്ട്. ആയതിനാല്‍ ഇത്തരത്തിലുള്ള ബഹുജനങ്ങള്‍ സംഘടിക്കുന്ന പരിപാടികള്‍ക്ക് ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉണ്ടായാല്‍ നന്നായിരിക്കും, ചില നിര്‍ദ്ദശങ്ങളാണ് ചുവടെ...
1. പരിപാടിയില്‍ പങ്കെടുക്കുന്ന മുഴുവന്‍ അംഗങ്ങളുടെയും പേരും വിലാസവും രജിസ്ട്രറില്‍ രേഖപ്പെടുത്തി സൂക്ഷിക്കണം.
2. വ്യത്യസ്ത ഭാഗങ്ങളില്‍ സിസിടിവി നിര്‍ബന്ധമായും ഘടിപ്പിക്കണം.
3. സുരക്ഷാ മാനദണ്ഡത്തിന്റെ ഭാഗമായി ഗേറ്റ് മുതല്‍ സെക്യൂരിറ്റിയും മറ്റു സുരക്ഷാ പരിശോധനകളും ഏര്‍പ്പെടുത്തണം.
4. കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ ഒരു ഡോക്ടര്‍ , നഴ്‌സ്, ആംബുലന്‍സ് മറ്റു ജീവന്‍രക്ഷാ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുക.
സന്തോഷവും, സാഹോദര്യവും നന്മയും നിറഞ്ഞ നാളെകള്‍ ഉണ്ടാവട്ടെ... ?


അതെ, ഷെയ്ന്‍ പറഞ്ഞതുപോലെ സന്തോഷവും, സാഹോദര്യവും നന്മയും നിറഞ്ഞ നാളെകള്‍ ഉണ്ടാവട്ടെ...

Latest News