Sorry, you need to enable JavaScript to visit this website.

കേന്ദ്രമന്ത്രി വിഷമല്ല, കൊടും വിഷം; ഒരു വിടുവായൻ പറയുന്നതാണ്‌ മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞതെന്ന് മുഖ്യമന്ത്രി

കളമശ്ശേരി​ - കേരളം തീവ്രവാദ ശക്തികളുടെ കേന്ദ്രമാണെന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജീവ് ചന്ദ്രശേഖർ വിഷമല്ല, കൊടും വിഷമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു കേന്ദ്രമന്ത്രി സംസാരിക്കുന്നതു പോലെയല്ല, ഒരു വിടുവായൻ പറയുന്നതു പോലെയാണു രാജീവ് ചന്ദ്രശേഖർ സംസാരിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 കേന്ദ്രമന്ത്രി തന്റേതായ രീതിയിൽ കാര്യങ്ങൾ സ്വീകരിക്കുന്നു. അദ്ദേഹം രാജ്യത്തിന്റെ മന്ത്രി ആണ്. ആ മന്ത്രിക്ക് അന്വേഷണ ഏജൻസികളെ വിശ്വാസം വേണം. സാധാരണ നിലയ്ക്ക് ഒരു വിടുവായൻ പറയുന്ന കാര്യമാണ് അദ്ദേഹം പറഞ്ഞത്. അത് ഒരു മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതല്ല. കേരളത്തിന്റെ തനിമ തകർക്കുന്ന കാര്യങ്ങളാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പ്രചരിപ്പിച്ചത്. ഒരു വിഭാഗത്തെപ്പറ്റി പ്രചാരണം നടത്തി. പക്ഷേ, കേരളം അങ്ങനെയല്ല. ഒരു വർഗീയതയോടും കേരളം വിട്ടുവീഴ്ച ചെയ്യില്ല. ഇന്ത്യ രാജ്യത്ത് തന്നെ ഒരു തുരുത്താണ് കേരളം. അത് ലോകവും രാജ്യവും അംഗീകരിച്ചതാണ്. അത് അദ്ദേഹത്തിന് മനസിലാകില്ല. കേരളത്തിന്റെ തനിമ കളയാൻ ആരെയും അനുവദിക്കില്ല. അദ്ദേഹം വെറും വിഷമല്ല, കൊടും വിഷമാണ്. അത് അദ്ദേഹത്തിന് ഒരു അലങ്കാരമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.
 കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നതെന്നും കസ്റ്റഡിയിലുള്ള ഡൊമിനിക് മാർട്ടിൻ പറഞ്ഞതിനപ്പുറം മറ്റെന്തെങ്കിലും കാര്യങ്ങളുണ്ടോയെന്നു പോലീസ് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരുക്കേറ്റവർക്ക് ആശുപത്രിയിൽ നല്ല രീതിയിലുള്ള ചികിത്സയാണ് നൽകുന്നത്. സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ ചെലവുകൾ സർക്കാർ വഹിക്കുമെന്നും സ്‌ഫോടന സ്ഥലവും ആശുപത്രയിലുള്ളവരെയും സന്ദർശിച്ച ശേഷം മുഖ്യമന്ത്രി പറഞ്ഞു. 
 ഇന്നലെ കാലത്ത് അന്വേഷണം ആരംഭിച്ചപ്പോൾ ഡി.ജി.പി പറഞ്ഞു: ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന്. അത് എല്ലാ മാധ്യമങ്ങളും ഏറ്റെടുത്തു. വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും ചോദ്യങ്ങളോടായി മുഖ്യമന്ത്രി വ്യക്തമാക്കി. അപകടം സംഭവിക്കുമ്പോൾ എന്ത് ചെയ്യണമെന്ന് യഹോവ സാക്ഷികളുടെ പരിപാടിയിൽ പറയാറുണ്ട്. അങ്ങനെ നടത്തിയതിനാലാണ് ആളുകൾ ഓടുന്നത് ഇല്ലാതായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Latest News