നിങ്ങളില്‍നിന്ന് ഇത് പ്രതീക്ഷിച്ചില്ല; സെബാസ്റ്റ്യന്‍ പോളിനോട് സോഷ്യല്‍ മീഡിയ

കൊച്ചി- കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിലുണ്ടായ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് സെബൈസ്റ്റ്യന്‍ പോള്‍ നടത്തിയ പരാമര്‍ശത്തില്‍ വിമര്‍ശവുമായി സോഷ്യല്‍ മീഡിയ. സാമൂഹ്യ പ്രതിബദ്ധതയുള്ള നിലപാടുകളുടെ പേരില്‍ കേരളം ആദരിക്കുന്ന വ്യക്തിയായ സെബാസ്റ്റ്യന്‍ പോളില്‍നിന്ന് ഇത്തരമൊരു പ്രസ്താവന പ്രതീക്ഷിച്ചിരുന്നില്ലെന്ന് സമൂഹ മാധ്യമ ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടു.

ബഷീര്‍ വള്ളിക്കുന്നിന്റെ ഫേസ് ബുക്ക് പോസ്റ്റ്


കളമശ്ശേരിയില്‍ സ്‌ഫോടനം നടന്ന് കേരളം സംഘര്‍ഷത്തിന്റെ മുള്‍മുനയില്‍ നിന്ന ആ മണിക്കൂറുകളില്‍ യഹോവ സാക്ഷികളെ ജൂതന്മാരുമായി  കണക്ട് ചെയ്യാന്‍ കാര്യമായി ശ്രമിച്ച ഒരാള്‍ സെബാസ്റ്റ്യന്‍ പോളാണ്.

ഒരാളെ നാം വിലയിരുത്തുന്നത് നിര്‍ണ്ണായകമായ വൈകാരിക മുഹൂര്‍ത്തങ്ങളില്‍ അയാളെന്ത്  നിലപാടെടുക്കുന്നു എന്ന് കൂടി നോക്കിയാണ്. അത്തരം വേളകളില്‍ ജീവിക്കുന്ന സമൂഹത്തോട് മാനുഷികതയുടെ പക്ഷത്ത് നിന്ന് പ്രതിബദ്ധതയുള്ള ഒരു സമീപനം സ്വീകരിക്കുന്നുവെങ്കില്‍ അയാളെ നമുക്ക് വിശ്വാസത്തിലെടുക്കാം.
എന്നാല്‍ വൈകാരികമായ ഒരു തീജ്വാല കത്തിപ്പടരാന്‍ സാധ്യതയുള്ള ഒരു നിര്‍ണ്ണായകമായ സമയത്ത് ആ ജ്വാലയിലേക്ക്  എണ്ണ പകരാന്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഒരാള്‍ ശ്രമിക്കുന്നുവെങ്കില്‍ അയാളില്‍ സംശയത്തിന്റെ ഒരു കണ്ണ് വരും.

സാമൂഹ്യ പ്രതിബദ്ധതയുള്ള നിലപാടുകളുടെ പേരില്‍ കേരളം ആദരിക്കുന്ന വ്യക്തിയാണ് സെബാസ്റ്റ്യന്‍ പോള്‍.. അദ്ദേഹത്തിന്റെ ഇന്നലത്തെ ആ നിര്‍ണ്ണായക മണിക്കൂറിലെ സമീപനം അദ്ദേഹം അദ്ദേഹത്തെ തന്നെ  റദ്ദ് ചെയ്യുന്ന വിധമായിരുന്നു. കേരളത്തില്‍ നടന്ന ഫലസ്തീന്‍ റാലികളുടെ കാര്യം ഓര്‍മ്മപ്പെടുത്തേണ്ട സമയമായിരുന്നില്ല അത്.

മിസ്റ്റര്‍ സെബാസ്റ്റ്യന്‍ പോള്‍,
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് വേണ്ടി രംഗത്ത് വന്നപ്പോഴും മറുനാടന് വേണ്ടി ശബ്ദിച്ചപ്പോഴും നിയമ വശങ്ങളുടെ ഏതെങ്കിലുമൊരു ബാലിശ തലം ആ നിലപാടുകളെ ന്യായീകരിക്കാന്‍ നിങ്ങള്‍ ഉയര്‍ത്തിക്കാട്ടിയിട്ടുണ്ടാകാം.
പക്ഷേ,

താങ്കള്‍ ഇന്നലെ ചെയ്ത ആ പണി ഒരു ന്യായീകരണത്തിനും വഴങ്ങാത്ത പണിയാണ്, കേരള സമൂഹം ഒരിക്കലും പ്രതീക്ഷിക്കാത്ത പണി. അത് അത്ര പെട്ടെന്നൊന്നും മറക്കാന്‍ കഴിയില്ല എന്ന് മാത്രം ഓര്‍മ്മപ്പെടുത്തിക്കൊള്ളട്ടെ!

 

 

Latest News