Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രധാനമന്ത്രിയാവാനില്ല, കോൺഗ്രസ് യാഥാർഥ്യങ്ങൾ ഉൾക്കൊള്ളണം -പവാർ 

ന്യൂദൽഹി- പ്രധാനമന്ത്രിയാകാൻ ഇല്ലെന്നും ബിജെപിക്കെതിരേ സോണിയാ ഗാന്ധിയും ദേവഗൗഡയും താനും ചേർന്നാൽ പ്രതിപക്ഷ ഐക്യം സാധ്യമാക്കാനാകുമെന്നും എൻസിപി നേതാവ് ശരത് പവാർ. പ്രധാനമന്ത്രി മോഹം ഇല്ലാത്ത മുതിർന്ന നേതാക്കൾ എന്ന നിലയിലാണ് പ്രാദേശിക പാർട്ടികളെ കൂടെ കൂട്ടി പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കാൻ കഴിയുകയെന്ന് അദ്ദേഹം വിശദീകരിച്ചു.
സംസ്ഥാനങ്ങളിൽ പലതിലും പ്രാദേശിക പാർട്ടികൾക്കു പിന്നിൽ രണ്ടാമതാണെന്ന യാഥാർഥ്യം കോൺഗ്രസ് അംഗീകരിക്കണമെന്ന് പവാർ പറഞ്ഞു. പ്രതിപക്ഷ ഐക്യം യാഥാർഥ്യമാകണമെങ്കിൽ കോൺഗ്രസിന് ഈ തിരിച്ചറിവ് ഉണ്ടാകേണ്ടത് പ്രധാനമാണെന്നും ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വിശദീകരിച്ചു. 
എന്നാൽ, കോൺഗ്രസിനെ ആർക്കും വിസ്മരിക്കാനാകില്ല. കോൺഗ്രസ് ഒരു പ്രധാന ശക്തിയാണ്. പല സംസ്ഥാനങ്ങളിലും സാന്നിധ്യവുമുണ്ട്. എന്നാൽ പഴയകാലം പോയെന്ന് കോൺഗ്രസും മനസിലാക്കണം. ഈ യാഥാർഥ്യം അംഗീകരിക്കുന്ന മൂഢിലാണ് രാഹുൽ ഗാന്ധിയെന്നും പവാർ ചൂണ്ടിക്കാട്ടി. ഗുജറാത്തിൽ കോൺഗ്രസാണ് ശക്തിയെന്ന് മറ്റുള്ളവർ അംഗീകരിക്കണം. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ശക്തിയാണ്. അവിടെ മറ്റുള്ളവർ രണ്ടാം സ്ഥാനം അംഗീകരിക്കണം.
കേരളത്തിൽ കോൺഗ്രസ് അംഗീകരിച്ചാലും ഇല്ലെങ്കിലും ഇടതുപാർട്ടികൾക്ക് മേൽക്കൈയുണ്ട്. തമിഴ്‌നാട്ടിൽ സ്റ്റാലിനും ഡിഎംകെയും ശക്തിയാണ്. മഹാരാഷ്ട്രയിൽ എൻസിപിയും കോൺഗ്രസും ചേരണം. പക്ഷേ ഇടത്, അംബേദ്കർ പാർട്ടികളെ സഹകരിപ്പിക്കണം. യുപിയിൽ മായാവതിയെയും അഖിലേഷ് യാദവിനെയും കോൺഗ്രസ് അംഗീകരിക്കണം. ബംഗാളിൽ തൃണമൂൽ, ആന്ധ്രയിൽ ടിഡിപി, ഡൽഹിയിൽ ആംആദ്മി പാർട്ടി പാർട്ടികളാണ് വലുത്. ഇത്തരത്തിൽ പ്രതിപക്ഷത്തിന് നല്ല തോതിൽ എംപിമാരെ കിട്ടും. തെരഞ്ഞെടുപ്പിനു ശേഷം ഒന്നിച്ചിരുന്ന് ബദൽ മുന്നണി രൂപീകരിക്കണം.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒമ്പതു മാസം മാത്രം അകലെ നിൽക്കെ രാഷ്ട്രീയസ്ഥിതി 1975-76 കാലത്തേതിനു തുല്യമാണെന്ന് പവാർ അഭിപ്രായപ്പെട്ടു. അന്ന് എല്ലാം ഇന്ദിരാ ഗാന്ധിയുടെ പിടിയിലായിരുന്നു. സഞ്ജയ് ഗാന്ധി ഉണ്ടായിരുന്നെങ്കിലും അന്ന് എല്ലാം ശ്രീമതി ഗാന്ധി തന്നെയായിരുന്നു. 
രാജ്യത്തെങ്ങും ഗാന്ധി, ഗാന്ധി, ഗാന്ധി എന്ന അന്തരീക്ഷമാണ് കോൺഗ്രസുകാർ സൃഷ്ടിച്ചത്. മാധ്യമങ്ങൾ, സർക്കാർ, സർക്കാർ ഏജൻസികൾ എല്ലാം ഇന്നത്തേതു പോലെ പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലായിരുന്നു. മഹാരാഷ്ട്രയിൽ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന താൻ കൃഷി വകുപ്പിലേക്കു ചോദിച്ചു മാറുകയായിരുന്നുവെന്നും പവാർ വിശദീകരിച്ചു.
തുടക്കത്തിൽ ദുർബല വിഭാഗങ്ങളെല്ലാം പൂർണമായി ഇന്ദിരാ ഗാന്ധിയോടൊപ്പം ആയിരുന്നു. അടിയന്തരാവസ്ഥയിലെ അധികാര ദുർവിനിയോഗത്തെ തുടർന്ന് ദുർബല വിഭാഗങ്ങൾ സാവധാനം അകലാൻ തുടങ്ങി. പ്രധാനമന്ത്രിയായി മോഡി തുടങ്ങിയപ്പോഴും ഇതുതന്നെയായിരുന്നു സ്ഥിതി. എല്ലാം മോഡി, മോഡി, മോഡി മാത്രം. പക്ഷേ ഇപ്പോൾ സാവധാനം 1976-77ലേതു പോലെ സ്ഥിതി മാറി- പവാർ അഭിപ്രായപ്പെട്ടു.
1977ൽ പെട്ടെന്ന് തെരഞ്ഞെടുപ്പു വന്നപ്പോൾ ഫലവത്തായ ബദലോ, ഒരു പാർട്ടിയോ ഉണ്ടായില്ല. പക്ഷേ ജയപ്രകാശ് നാരായൺ എന്ന നേതാവായിരുന്നു വ്യത്യാസം. അദ്ദേഹത്തിന്റെ ഉപദേശം കേട്ടതിനാലാണ് നേതാക്കൾ എല്ലാം മറന്ന് യോജിച്ചത്. വ്യക്തമായൊരു സംഘടനയോ, സംവിധാനമോ ഇല്ലാതിരുന്നിട്ടും വലിയ ജനപിന്തുണ നേടി. തെരഞ്ഞെടുപ്പിനു ശേഷമാണ് ജനതാ പാർട്ടി ഉണ്ടായത്. മൊറാർജി ദേശായിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തതും ജനതാ പാർട്ടി രൂപീകരിച്ച ശേഷമാണ്.
എവിടെയാണ് ബദൽ, നേതാവ് ആരാണ്, പ്ലാറ്റ്‌ഫോം എന്താണ് എന്നൊക്കെ ഇപ്പോൾ എല്ലാവരും ചോദിക്കുന്നുണ്ട്. അതെക്കുറിച്ച് ആശങ്ക വേണ്ട. വിവിധ ശക്തികളെ ഒന്നിപ്പിക്കുകയാണ് ഏക ചോദ്യം. ദേശീയതലത്തിൽ പറ്റില്ലെന്നാണ് എന്റെ വിലയിരുത്തൽ. പക്ഷേ, പ്രാദേശിക തലത്തിൽ പറ്റും. അതിനായി വിവിധ സംസ്ഥാന നേതാക്കളുമായി താൻ സംസാരിച്ചുവരികയാണെന്നും പവാർ വ്യക്തമാക്കി.

 

Latest News