സ്ഫോടനത്തില്‍ ആദ്യം മരിച്ച സ്ത്രീ  പെരുമ്പാവൂര്‍ സ്വദേശി ലയോണ

കൊച്ചി-കളമശ്ശേരിയിലെ യഹോവ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്ഫോടനത്തില്‍ ആദ്യം കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞു. പെരുമ്പാവൂര്‍ കുറുപ്പംപടി സ്വദേശിനി ലയോണ പൗലോസ് (60) ആണ് മരിച്ചത്. കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ഒറ്റയ്ക്കാണ് ലയോണ എത്തിയത്. കയ്യില്‍ ഉണ്ടായിരുന്ന മോതിരം കണ്ടാണ് ബന്ധു ലയോണയെ തിരിച്ചറിഞ്ഞത്. ഗുരുതരമായി പൊള്ളലേറ്റ ലയോണ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു. ലയോണയുടെ മകള്‍ വിദേശത്താണ്. മകള്‍ ഇന്ന് നാട്ടിലെത്തും. മകള്‍ എത്തിയശേഷമാകും ലയോണയുടെ സംസ്‌കാരം. 
സ്ഫോടനത്തില്‍ രണ്ടുപേര്‍ കൂടി മരിച്ചതോടെ മരണം മൂന്നായി. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ച തൊടുപുഴ വണ്ണപ്പുറം സ്വദേശി കുളത്തില്‍ കുമാരി(52)യാണ് മരിച്ച രണ്ടാമത്തെയാള്‍. മലയാറ്റൂര്‍ കടുവന്‍കുഴി വീട്ടില്‍ ലിബിന (12)യാണ് മരിച്ച മൂന്നാമത്തെയാള്‍. വെന്റിലേറ്ററിലായിരുന്ന ലിബിന  രാത്രി 1.30 ഓടെയാണ് മരിച്ചത്. സ്ഫോടനത്തില്‍ പരിക്കേറ്റ 16 പേര്‍ ഐസിയുവില്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. സ്ഫോടനം നടത്തിയത് താനാണെന്ന് ആവകാശപ്പെട്ട് പോലീസിന് മുന്നില്‍ കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. സംസ്ഥാന പോലീസ്, എന്‍ഐഎ, എന്‍എസ്ജി തുടങ്ങിയ ഏജന്‍സികളിലെ ഉന്നത ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ ക്യാംപ് ചെയ്യുന്നുണ്ട്.

Latest News