കൊച്ചി-രാജ്യത്തെ ഒരുദിവസം ആശങ്കയിലാക്കി കളമശ്ശേരിയില്‍ യഹോവയുടെ സാക്ഷികളുടെ മേഖലാ കണ്‍വെന്‍ഷനിടെ ബോംബ്സ്ഫോടനം. സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രാര്‍ഥനയ്ക്കിടെ സെക്കന്‍ഡുകളുടെ വ്യത്യാസത്തിലുണ്ടായ മൂന്ന് സ്ഫോടനങ്ങളില്‍ മൂന്നുപേര്‍ മരിച്ചു. 51 പേര്‍ക്ക് പരിക്കേറ്റു.
സംഘടിത ഭീകരാക്രമണമെന്ന സംശയമുണര്‍ത്തിയെങ്കിലും പിന്നീട് യഹോവ സാക്ഷികളുടെ വിശ്വാസികളിലൊരാളായിരുന്ന ചെലവന്നൂര്‍ വേലിക്കകത്ത് വീട്ടില്‍ മാര്‍ട്ടിന്‍ ഡൊമിനിക് (57) ആണ് സ്ഫോടനം നടത്തിയതെന്ന സ്ഥിരീകരണത്തില്‍ പോലീസെത്തി. കൊച്ചി തമ്മനത്ത് വാടകയ്ക്ക് താമസിക്കുകയാണ് മാര്‍ട്ടിന്‍.
താനാണ് സ്ഫോടനം നടത്തിയതെന്ന് അവകാശപ്പെട്ട് മാര്‍ട്ടിന്‍ ഡൊമിനിക് തൃശ്ശൂര്‍ കൊടകര സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഉത്തരവാദിത്വമേറ്റുകൊണ്ടുള്ള വീഡിയോയും സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചു. സ്ഫോടനം നടത്താനുപയോഗിച്ച റിമോര്‍ട്ട് കണ്‍ട്രോള്‍ ഉള്‍പ്പെടെ വീട്ടില്‍നിന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ചോദ്യംചെയ്തു വരികയാണ്. യു.എ.പി.എ.ഉള്‍പ്പെടെ ചുമത്തി കേസെടുത്തിട്ടുണ്ട്.
പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വട്ടോളിപ്പടി പുളിയന്‍ വീട്ടില്‍ ലിയോണ പൗലോസ് (55) സംഭവ സ്ഥലത്തുവെച്ച് മരിച്ചു. രാത്രി ഒരുമണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ച തൊടുപുഴ വണ്ണപ്പുറം സ്വദേശി കുളത്തില്‍ കുമാരി(52)യാണ് മരിച്ച രണ്ടാമത്തെയാള്‍. മലയാറ്റൂര്‍ കടുവന്‍കുഴി വീട്ടില്‍ ലിബിന (12)യാണ് മരിച്ച മൂന്നാമത്തെയാള്‍. വെന്റിലേറ്ററിലായിരുന്നു. രാത്രി 1.30 ഓടെയാണ് മരണം സംഭവിച്ചത്.സ്ഫോടനത്തിലും തീപിടിത്തത്തിലും പരിക്കേറ്റവരില്‍ 30 പേര്‍ ചികിത്സയിലുണ്ട്. 18 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ആറു പേരുടെ നില ഗുരുതരമാണ്.