ന്യൂദല്‍ഹി- ഇസ്രായില്‍- ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയുമായി ചര്‍ച്ച നടത്തി. പശ്ചിമേഷ്യയിലെ സുരക്ഷ സ്ഥിതി മോശമാകുന്നതുള്‍പ്പെടെയുള്ള മാനുഷിക സാഹചര്യങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തത്. മേഖലയിലെ ഭീകരപ്രവര്‍ത്തനം, ആക്രമണങ്ങള്‍, സാധാരണക്കാര്‍ നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍, എന്നിവയിലുള്ള ആശങ്കയും ഇരുവരും പങ്കുവെച്ചു.
മാനുഷിക സഹായം എത്തിക്കണമെന്നും മേഖലയില്‍ സമാധാനവും സുരക്ഷയും പുനസ്ഥാപിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. ഈജിപ്ത് പ്രസിഡന്റുമായി ചര്‍ച്ച നടത്തിയ കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോഡി എക്‌സ് പ്ലാറ്റ്‌ഫോമില്‍ അറിയിച്ചു.
ഗാസ മുനമ്പിലെ ഇസ്രായില്‍ സൈനിക നടപടിയില്‍ ഇരുനേതാക്കളും തങ്ങളുടെ സമീപനങ്ങള്‍ പങ്കുവെച്ചതായി ഈജിപ്ത് പ്രസിഡന്റിന്റെ വക്താവ് പറഞ്ഞു. ഇസ്രായില്‍ സൈനിക നടപടിയില്‍ ഇരുവരും ആശങ്ക അറിയിച്ചു. സാധാരണ ജനങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളും ജീവന്‍ വരെ അപകടത്തിലാക്കുന്ന സാഹചര്യങ്ങളും നേതാക്കള്‍ വിലയിരുത്തി.
അതേസമയം ഇസ്രായില്‍ ഹമാസ് യുദ്ധത്തില്‍ മാനുഷിക ഉടമ്പടി ആവശ്യപ്പെടുന്ന യുഎന്‍ പൊതുസഭയുടെ പ്രമേയത്തില്‍നിന്ന് ഇന്ത്യ വെള്ളിയാഴ്ച വിട്ടുനിന്നിരുന്നു. പ്രമേയത്തില്‍ ഹമാസിനെ കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്നും തീവ്രവാദത്തിനെതിരെ യുഎന്‍ വ്യക്തമായ സന്ദേശം നല്‍കേണ്ടതുണ്ടെന്നുമാണ് ഇന്ത്യയുടെ വിശദീകരണം. 'ഈ അസംബ്ലിയുടെ ചര്‍ച്ചകള്‍ ഭീകരതയ്ക്കും അക്രമത്തിനുമെതിരായ വ്യക്തമായ സന്ദേശം നല്‍കണമെന്നും നമ്മള്‍ അഭിമുഖീകരിക്കുന്ന മാനുഷിക പ്രതിസന്ധിയെ അഭിസംബോധന ചെയ്യുമ്പോള്‍ നയതന്ത്രത്തിനും സംഭാഷണത്തിനുമുള്ള സാധ്യതകള്‍ വിപുലീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു,' യുഎന്നിലെ ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി യോജ്‌ന പട്ടേല്‍ പറഞ്ഞു.






