കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി എയര്‍ ഇന്ത്യയുടെ സുരക്ഷാ പരിശോധന തുടങ്ങി. ദല്‍ഹിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യയുടെ ഓപ്പറേഷന്‍, ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ്, എന്‍ജിനീയറിംഗ് വിഭാഗത്തിലെ ഉന്നത സംഘമാണ് പരിശോധന തുടങ്ങിയത്. വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഇവര്‍ ചര്‍ച്ച നടത്തി.
വിമാനങ്ങള്‍ നിര്‍ത്തുന്ന റണ്‍വേ ഏപ്രണിലെ ചെരിവ് എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതു ശരിയാക്കും. അനുകൂലമായ റിപ്പോര്‍ട്ടായിരിക്കും ഡി.ജി.സി.എക്ക് സമര്‍പ്പിക്കുകയെന്ന് കരുതുന്നു. പരിശോധന പൂര്‍ത്തിയാക്കി സംഘം ഇന്നു മടങ്ങും.
290 പേര്‍ക്ക് സഞ്ചരിക്കാവുന്ന, കോഡ്-ഇ വിഭാഗത്തില്‍പെട്ട ഡ്രീംലൈനര്‍ വിമാനങ്ങളായിരിക്കും എയര്‍ഇന്ത്യ സര്‍വീസിനെത്തിക്കുക. കരിപ്പൂരില്‍ നിന്ന് ജിദ്ദ, റിയാദ് സര്‍വീസ് ആരംഭിക്കുകയാണ്് എയര്‍ ഇന്ത്യയുടെ ലക്ഷ്യം. നേരത്തെ സൗദി എയര്‍ലൈന്‍സ് സുരക്ഷാ പരിശോധന നടത്തി സര്‍വീസ് ആരംഭിക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കോഡ് ഇയിലെ 341 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങളാണ് സൗദി എയര്‍ലെന്‍സ് ജിദ്ദ, റിയാദ് മേഖലയിലേക്ക് എത്തിക്കുന്നത്. 2015 ലാണ് എയര്‍ ഇന്ത്യയും സൗദി എയര്‍ലെന്‍സും റണ്‍വേ വികസനത്തിന്റെ പേരില്‍ വലിയ വിമാനങ്ങള്‍ പിന്‍വലിച്ചതിനാല്‍ സര്‍വീസ് നിര്‍ത്തിയത്.
പി.കെ.കുഞ്ഞാലിക്കുട്ടി, എം.കെ.രാഘവന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, എം.ഐ.ഷാനവാസ്, പി.വി അബ്ദുള്‍ വഹാബ് തുടങ്ങിയവര്‍ നേരത്തെ എയര്‍ ഇന്ത്യ ചെയര്‍മാനെ കണ്ട് കരിപ്പൂരില്‍ നിന്ന് സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു. ഇതേ
തുടര്‍ന്നാണ് എയര്‍ഇന്ത്യ സുരക്ഷാ പരിശോധനക്കെത്തിയത്.