വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് പാലക്കാട്-പൊള്ളാച്ചി തീവണ്ടിപ്പാത ഗതാഗതത്തിന് വീണ്ടും തുറന്നു കൊടുത്തത്. മീറ്റർ ഗേജ് പാത ബ്രോഡ് ഗേജാക്കി മാറ്റാനായിരുന്നു നീണ്ട വർഷങ്ങളിലെ കാത്തിരിപ്പ്. ധാരാളം സാധ്യതയുള്ളതാണ് പുതിയ റെയിൽ പാത. കോയമ്പത്തൂർ വഴിയുള്ള നിലവിലെ റെയിൽ പാതയ്ക്ക് പുറമേ ബദൽ ലൈനായി മധുര, പാലക്കാട് വഴി ഒരു റെയിൽ പാത കൂടി ലഭിക്കുന്നു. കർണാടകയിലെ മൂകാംബികയിലേക്ക് മധുര, പഴനി കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് പുതിയ ട്രെയിൻ സർവീസ് വരുമെന്നെല്ലാം പ്രതീക്ഷിച്ചു. പടിഞ്ഞാറേ തീരത്തെ ഗോവയിൽ നിന്ന് വേളാങ്കണ്ണിയിലേക്ക്, അജ്മീറിൽ നിന്ന് ഏർവാടിയിലേക്ക്... മാധ്യമ പ്രവർത്തകരുടെ ഭാവനയ്ക്കനുസരിച്ച് പുതിയ തീവണ്ടി സർവീസുകളുടെ റൂട്ടും പ്രഖ്യാപിച്ച് കാത്തിരിപ്പ് തുടങ്ങിയിട്ടും വർഷങ്ങളായി.
തിരുവനന്തപുരത്ത് നിന്ന് പാലക്കാട് വരെ സർവീസ് നടത്തിയിരുന്ന അമൃത എക്‌സ്പ്രസിനെ പൊള്ളാച്ചിയിലേക്ക് നീട്ടിയതും ഏതാനും ലോക്കൽ ട്രെയിനുകൾ അനുവദിച്ചതും മാത്രമായി കോടികൾ മുടക്കി പണിത പുതിയ പാതയുടെ നേട്ടം. റെയിൽവേ ബജറ്റ് തന്നെ ഇല്ലാതാക്കിയ ഇക്കാലത്ത് ഇതേക്കുറിച്ചൊന്നും ചോദിക്കാനും പറയാനും ആരുമില്ലല്ലോ. ഒടുവിൽ ഇക്കഴിഞ്ഞ ഞായറാഴ്ച ആദ്യ എക്‌സ്പ്രസ് തീവണ്ടി കേരളത്തിൽ നിന്ന് അനുവദിച്ചത് കൊച്ചിയ്ക്കും രാമേശ്വരത്തിനുമിടയിൽ. എന്നാലും സാരമില്ലായിരുന്നു. പ്രതിവാര എക്‌സ്പ്രസ് എന്ന പേരിൽ തുടങ്ങിയ ഇത് ആഴ്ചയിൽ ഒറ്റ ദിവസമേ സർവീസ് നടത്തുന്നുള്ളു. മാത്രവുമല്ല, അവധിക്കാല സ്‌പെഷ്യലായതിനാൽ പ്രത്യേക നിരക്കുമാണ്. തൽക്കാൽ എന്ന പേരിലാണ് കൊള്ള.
വൈകുന്നേരം നാലിന് എറണാകുളം ജംഗ്ഷനിൽ(സൗത്ത്) നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച പുലർച്ചെ നാലിന് രാമേശ്വരത്തെത്തുന്ന വിധത്തിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ആലുവ, തൃശൂർ, പാലക്കാട് ജംഗ്ഷൻ, പാലക്കാട് ടൗൺ, പൊള്ളാച്ചി ജംഗ്ഷൻ, ഉദുുമൽപേട്ട്, പഴനി, ദിണ്ഡിഗൽ ജംഗ്ഷൻ, മാനാമധുര, രാമനാഥപുരം എന്നിവിടങ്ങളിൽ സ്‌റ്റോപ്പ്. തിങ്കളാഴ്ച രാത്രി 10ന് മടക്ക യാത്ര ആരംഭിച്ച് ചൊവ്വാഴ്ച രാവിലെ 10.15ന് എറണാകുളം ജംഗ്ഷനിലെത്തുന്ന വിധമാണ് സമയ ക്രമീകരണം.
മീറ്റർഗേജ് കാലത്തു ഒലവക്കോട് ജംഗ്ഷനിലിറങ്ങി പെട്ടി ട്രെയിനിൽ മധുരയിലേക്കും പഴനിയിലേക്കും യാത്ര ചെയ്തവരാണ് പഴയ തലമുറ. നമ്മുടെ മദിരാശി മെയിലും വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസും ഒലവക്കോട് ജംഗ്ഷനിലെത്തുമ്പോൾ സ്റ്റേഷന്റെ ആളൊഴിഞ്ഞ ഭാഗത്ത് കൽക്കരിയും പുകച്ച് അടുത്ത ഓട്ടം കാത്തിരിക്കുന്ന പഴനി ട്രെയിനുണ്ടാവാറുണ്ട്. മലബാറിന്റെ പല ഭാഗങ്ങളിൽ നിന്നും പഴനി, മധുര എന്നീ കേന്ദ്രങ്ങളിലേക്ക് യാത്ര തിരിക്കുന്ന കുടുംബങ്ങൾക്ക് ചുരുങ്ങിയ ചെലവിൽ ലക്ഷ്യത്തിലെത്തി തിരിച്ചു വരാൻ കഴിഞ്ഞിരുന്നു. അക്കാലത്ത് രാമനാഥപുരത്തേക്കും പാസഞ്ചർ ട്രെയിനുണ്ടായിരുന്നു.

മീറ്റർഗേജ് പാത ഇല്ലാതായപ്പോൾ ബസുകൾ മാറിക്കയറിയുള്ള യാത്ര എല്ലാവർക്കും ക്ലേശകരമായി. പാലക്കാട് നിന്ന് മധുര വരെയെത്താൻ ദിവസത്തിന്റെ പാതി വരെ വേണമെന്നായി. കോയമ്പത്തൂർ, ട്രിച്ചിയെല്ലാം കറങ്ങിയായി ട്രെയിനുകളുടെ സഞ്ചാരം. പളനി, മധുര, രാമേശ്വരം എന്നീ മൂന്നു ക്ഷേത്ര നഗരങ്ങളെ ബന്ധിപ്പിച്ച് കേരളത്തിൽ നിന്നുള്ള ആദ്യ ട്രെയിനാണ് ഞായറാഴ്ച ആരംഭിച്ചത്. രാമേശ്വരത്തേക്കുള്ള യാത്രക്കാരെ ഏറ്റവും ആകർഷിക്കുന്ന പാമ്പൻ പാലത്തിന് മുകളിലൂടെയുള്ള യാത്ര ആസ്വദിക്കാൻ ഇരുട്ടായതിനാൽ ഇപ്പോഴത്തെ സമയക്രമത്തിൽ സാധ്യമല്ല.
രാവിലെ ആറിനു ശേഷം ട്രെയിൻ രാമേശ്വരത്ത് എത്തുന്ന തരത്തിൽ സമയം ക്രമീകരിക്കണമെന്നാണ് ടൂറിസ്റ്റുകളുടെ ആവശ്യം. പാലക്കാട്- പൊള്ളാച്ചി മീറ്റർ ഗേജ് പാത ബ്രോഡ് ഗേജാക്കിയ ശേഷം കൂടുതൽ ട്രെയിൻ ഇതുവഴി വേണമെന്ന ആവശ്യമുയർന്നിരുന്നു. ഇപ്പോൾ മൂന്ന് മാസത്തേക്ക് അനുവദിച്ചതാണ് ഈ സർവീസ്. കലക്ഷൻ കുറഞ്ഞാൽ ഇത് റദ്ദാക്കാനും സാധ്യതയുണ്ട്.
ഉത്തര കേരളത്തിൽ നിന്ന് രാമേശ്വരത്തേക്ക് ട്രെയിനെന്നത് പുതിയ കാര്യമല്ല.
രാമേശ്വരത്തിനുമപ്പുറം കടലിനക്കരെ സിലോൺ വരെ യാത്ര ചെയ്തവരാണ് നമ്മുടെ പൂർവീകർ. 1964 ഡിസംബർ 22 വരെ ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന റെയിൽപാതയും ട്രെയിൻ സർവീസും ഉണ്ടായിരുന്നു.
1964 ഡിസംബർ 22 രാത്രി 11.30നെത്തിയ മധുര രാമേശ്വരം വഴി ധനുഷ്‌കോടിയിലേക്കു പുറപ്പെട്ട തീവണ്ടിയുടെ യാത്ര ചരിത്രമാവുകയായിരുന്നു. പാമ്പൻ പാലത്തിലൂടെ നീങ്ങിയ തീവണ്ടി അവസാന സ്‌റ്റോപ്പായ ധനുഷ്‌കോടിയിലേക്ക് മുന്നേറുകയായിരുന്നു. ധനുഷ്‌കോടി സ്‌റ്റേഷനെ സമീപിക്കുന്നതിന് മുമ്പ് എഞ്ചിൻ െ്രെഡവർ ഒരു കാര്യം മനസ്സിലാക്കി. റെയിൽവേ പാതയിൽ സ്ഥാപിച്ചിരിക്കുന്ന സിഗ്‌നൽ ലൈറ്റ് പ്രവർത്തിക്കുന്നില്ല. അൽപ്പസമയം നിർത്തിയിട്ട ട്രെയിൻ രണ്ടും കൽപ്പിച്ച് മുന്നോട്ടെടുക്കാൻ തീരുമാനിച്ചു. മുന്നോട്ട് നീണ്ട് കിടക്കുന്ന പാളങ്ങളുൾപ്പെടെ കടലിനെയൊന്നാകെ എടുത്തുയർത്തിക്കൊണ്ട് വരുന്ന ഭീകരമായ കൊടുങ്കാറ്റ്. ഒന്നും ചെയ്യാനില്ലായിരുന്നു. 110 യാത്രക്കാരും അഞ്ചു ജീവനക്കാരുമുൾപ്പെടെ ആ തീവണ്ടിയെ കടലിൻ അഗാധതയിലേക്ക് കാറ്റ് വലിച്ചെറിഞ്ഞു.
ഇന്ത്യ-സിലോൺ റെയിൽ പാത ചരിത്രമായ നിമിഷമായിരുന്നു അത്.
പാലക്കാടോ, കോഴിക്കോടോ ഉള്ള യാത്രക്കാർക്ക് ട്രെയിനിൽ ടിക്കറ്റെടുത്ത് ശ്രീലങ്കയായി മാറിയ സിലോൺ വരെ യാത്ര ചെയ്യാൻ അന്ന് സൗകര്യമുണ്ടായിരുന്നു. തുടർന്നുള്ള രണ്ടു രാത്രികളിൽ കൂടി ചുഴലിക്കാറ്റു നാശം വിതച്ചു. ഏതാണ്ട് 1800 പേർ ദുരന്തത്തിൽ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ഇന്ത്യ -സിലോൺ റെയിൽപാതയും ധനുഷ്‌കോടിയെന്ന പട്ടണവും ചരിത്രമായി. ഇന്ത്യൻ മഹാ സമുദ്രത്തിൽ പാമ്പൻ പാലത്തിന് സമാന്തരമായി പഴയ റെയിൽ പാതയുടെ ഓർമ്മകൾ നിലനിർത്താൻ കുറേ കോൺക്രീറ്റ് തൂണുകൾ നിലകൊള്ളുന്നു. തൂത്തുകുടി -മദിരാശി ദേശീയ പാതയിൽ രാമനാഥപുരം ജില്ലയിലെ രാമേശ്വരത്തിനടുത്തുള്ള കൊച്ചു തുരുത്താണ് ധനുഷ്‌കോടി. ഇവിടെ നിന്നും ശ്രീലങ്കയിലെ തലൈമന്നാറിലേയ്ക്ക് 31 കിലോ മീറ്ററാണ് ദൂരം.
മദ്രാസ് എഗ്മൂറിൽ നിന്നും ധനുഷ്‌കോടി വരെ പതിവ് ട്രെയിൻ സർവീസുണ്ടായിരുന്നു. ധനുഷ്‌കോടിയിൽ നിന്നും ശ്രീലങ്കയിലെ തലൈമന്നാർ വരെ എസ്.എസ് ഇർവ്വിൻ എന്ന ആവിക്കപ്പൽ. തലൈമന്നാർ മുതൽ കൊളംബോ വരെ വീണ്ടും ട്രെയിൻ. ട്രെയിൻ ധനുഷ്‌കോടിയെത്തുമ്പോൾ അവിടെ തീവണ്ടിയെ കാത്ത് എസ്.എസ്. ഇർവിൻ എന്ന ആവിക്കപ്പൽ കിടക്കുന്നുണ്ടാകും. ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്കും തിരിച്ചും വിസ ആവശ്യമില്ലായിരുന്നു.
തമിഴ്‌നാട്ടിലെ പാമ്പൻ ദ്വീപിനെ സമുദ്രം വഴി ധനുഷ്‌കോടിയുമായി ബന്ധിപ്പിക്കുന്ന ചരിത്രപ്രസിദ്ധമായ പാലമാണ് പാമ്പൻ പാലം. പാക് കടലിടുക്കിന് കുറുകേ 1914ൽ പണി പൂർത്തിയായ ഈ പാലം അക്കാലത്തെ എഞ്ചിനീയറിംഗ് വിസ്മയങ്ങളിൽ ഒന്നായിരുന്നു. കപ്പലുകൾക്ക് കടന്നു പോകാൻ പാലം വിഭജിച്ച് ഉയർത്തുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണമെന്നതാണ് പ്രത്യേകത. പാമ്പൻ പാലം പൂർത്തിയായ 1914 ൽ തുടങ്ങിയതാണ് ഇന്ത്യ -സിലോൺ എക്‌സപ്രസ്. ദുരന്തത്തിനു ശേഷം തമിഴ്‌നാട് സർക്കാർ ധനുഷ്‌കോടിയുടെ പുനരുദ്ധാരണത്തിൽ താൽപര്യം കാട്ടിയതുമില്ല.






