Sorry, you need to enable JavaScript to visit this website.

വിമാന യാത്രക്ക് വെബ് ചെക്ക് ഇൻ നിർബന്ധമോ, വിശദീകരണവുമായി ഇൻഡിഗോ

ന്യൂദൽഹി-വിമാന യാത്രക്ക് വെബ് ചെക്ക് ഇൻ നിർബന്ധമില്ലെന്ന് ഇൻഡിഗോ. വെബ് ചെക്ക് ഇന്നുമായി ബന്ധപ്പെട്ട് വിമാന യാത്രക്കാരുടെ പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് ഈ നടപടിക്രമം നിർബന്ധമല്ലെന്ന് ഇൻഡിഗോ അറിയിച്ചത്. അതേസമയം, കൂടുതൽ സുഗമമായ യാത്രയക്ക് വെബ് ചെക്ക് ഇൻ തെരഞ്ഞെടുക്കുകയാണ് നല്ലതെന്നും എയർലൈൻ അറിയിച്ചു. 

സൗജന്യ നിർബന്ധിത വെബ് ചെക്ക്ഇൻ ഉണ്ടായിരുന്നിട്ടും പണം ഈടാക്കുന്നതായി നിരവധി പേരിൽനിന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് വിശദീകരണം. പരാതികൾ ചർച്ച ചെയ്യാൻ എല്ലാ എയർലൈനുകളുടെയും ട്രാവൽ പോർട്ടലുകളുടെയും മുതിർന്ന ഉദ്യോഗസ്ഥരുമായി നവംബർ 8 ന് കേന്ദ്രം യോഗം വിളിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ എയർലൈൻ മേഖലയുമായി ബന്ധപ്പെട്ട് പതിനായിരത്തോളം പരാതികൾ സർക്കാരിന്റെ ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈൻ വഴി ലഭിച്ചതായി ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ് പറഞ്ഞു. ഈ പരാതികൾ മഞ്ഞുമലയുടെ ഒരു ചെറിയ ഭാഗം മാത്രമാണെന്നും ഈ ഉപഭോക്തൃ പരാതികൾ എല്ലാ എയർലൈനുകളുമായും ചർച്ച ചെയ്യാനാണ് യോഗമെന്നും അദ്ദേഹം പറഞ്ഞു. 
ആഭ്യന്തര വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂർ മുതൽ ഒരു മണിക്കൂർ മുമ്പ് വരെയും അന്താരാഷ്ട്ര വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുതൽ 75 മിനിറ്റ് വരെ മുമ്പും യാത്രക്കാർക്കുള്ള വെബ് ചെക്ക്ഇൻ ലഭ്യമാണ്. ആഭ്യന്തര വിമാനം പുറപ്പെടുന്നതിന് 60 മിനിറ്റ് മുമ്പും അന്താരാഷ്ട്ര വിമാനം പുറപ്പെടുന്നതിന് 75 മിനിറ്റ് മുമ്പും കൗണ്ടറിൽ എയർപോർട്ട് ചെക്ക് ഇൻ ലഭ്യമാണ്.
 

Latest News