Sorry, you need to enable JavaScript to visit this website.

ഷാംജുവിന്റെ ആദ്യ ശമ്പളം  ദുരിതാശ്വാസ നിധിയിലേക്ക് 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിന് ഷാംജു  ആദ്യ ശമ്പളം കോഴിക്കോട് കലകടർ യു.വി ജോസിന് കൈമാറുന്നു.

കോഴിക്കോട്- അവിടനല്ലൂർ ഗവ ഹയർസെക്കന്ററി സ്‌കൂളിലെ സംഗീത അധ്യാപകൻ ടി.യു ഷാംജു ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ജില്ലാ കലക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ തുകയുടെ ചെക്ക് ജില്ലാ കലക്ടർ യു.വി ജോസിന് കൈമാറി. 
നന്മണ്ട ചീക്കിലോട് സ്വദേശി താഴെ ഉള്ളറാട്ട് വീട്ടിൽ ഷാംജു ജൂണിലാണ് ജോലിയിൽ പ്രവേശിച്ചത്. നൂറ് ശതമാനം അന്ധതയുള്ള ഷാംജുവിന് കഴിഞ്ഞ വർഷം താൽക്കാലികമായി ജോലി ലഭിച്ചിരുന്നുവെങ്കിലും സ്ഥിരം ജോലിയെന്ന സ്വപ്‌നം യാഥാർത്ഥ്യമായത് ഇപ്പോഴാണ്. ജീവിതത്തിൽ നിരവധി സുമനസുകളുടെ സഹായം ഉണ്ടായിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ  ആവുന്ന വിധത്തിൽ മറ്റുള്ളവരെ സഹായിക്കണം എന്ന ആഗ്രഹത്തെ തുടർന്നാണ് ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ തീരുമാനിച്ചതെന്നും ഷാംജു പറഞ്ഞു. അച്ഛനും അമ്മയും അനിയനും അടങ്ങുന്നതാണ് ഷാംജുവിന്റെ കുടുംബം. അച്ഛൻ ബാലനും അമ്മ വനജയും അനിയൻ ഷാലുവും ഷാംജുവിന്റെ എല്ലാ തീരുമാനങ്ങൾക്ക് പിന്തുണയുമായുണ്ട്. സ്വകാര്യ ചാനലിൽ ഉൾപ്പെടെ സംഗീത പരിപാടികളിൽ പങ്കെടുത്തിട്ടുള്ള ഷാംജു വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട അധ്യാപകനും കൂടിയാണ്. 
ചടങ്ങിൽ സ്‌കൂളിലെ സഹ അധ്യാപകരായ എ.സി മൊയ്തു, വി രാജൻ, ഡോ. സുബീഷ് എം.എം എന്നിവർ സംബന്ധിച്ചു.
 

Latest News