Sorry, you need to enable JavaScript to visit this website.

കളമശ്ശേരി സ്‌ഫോടനം; മുഖ്യമന്ത്രി സർവ്വകക്ഷി യോഗം വിളിച്ചു, കനത്ത ജാഗ്രതാ നിർദേശവുമായി പോലീസ്

തിരുവനന്തപുരം - കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷിയോഗം വിളിച്ചു. നാളെ രാവിലെ പത്തിന് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് സർവ്വകക്ഷി യോഗം. എല്ലാ പാർട്ടി പ്രതിനിധികളേയും മുഖ്യമന്ത്രി സർവ്വകക്ഷി യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 
 കളമശ്ശേരിയിലെ സ്‌ഫോടനം അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. സ്‌ഫോടനമുണ്ടായതിനു പിന്നാലെ പോലീസ് കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രധാന സ്ഥലങ്ങളിലെല്ലാം 24 മണിക്കൂറും പോലീസ് പട്രോളിങ് ഉറപ്പാക്കണം. ഷോപ്പിങ് മാൾ, ചന്തകൾ, കൺെവൻഷൻ സെന്ററുകൾ, സിനിമാ തിയറ്റർ, ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, പ്രാർത്ഥനാലയങ്ങൾ, ആളുകൾ കൂട്ടംചേരുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കണമെന്നും പോലീസ് ഉന്നത ഉദ്യോഗസ്ഥർക്ക് ഡി.ജി.പി നൽകിയ സന്ദേശത്തിൽ വ്യക്തമാക്കി.
 അതിനിടെ, കളമശ്ശേരിയിൽ ബോംബ് വെച്ചത് താനാണെന്ന് അവകാശപ്പെട്ട് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിട്ടുണ്ട്. കൊച്ചി സ്വദേശിയാണ് പോലീസ് സ്റ്റേഷനിലെത്തി ബോംബ് വെച്ചത് താനാണെന്ന് അവകാശപ്പെട്ടത്. ഇയാളെ രഹസ്യ കേന്ദ്രത്തിൽ വച്ച് വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും ഇയാൾക്ക് സ്‌ഫോടനവുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്ന് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.
 ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണമാണ് നടക്കന്നത്. സ്‌ഫോടനം നടന്ന കൺവെൻഷൻ സെന്ററിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. ഈ ദൃശ്യങ്ങളിലുള്ള വാഹനങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലുമെല്ലാം നിരീക്ഷണം ശക്തമാക്കി. 
 ഇന്ന് രാവിലെ ഒമ്പതരയോടെയാണ് യഹോവ സാക്ഷികളുടെ കൺെവൻഷൻ നടന്ന സാമ്രാ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ ഒരാൾ മരിക്കുകയും മുപ്പതിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മൂന്നു ദിവസമായി ഇവിടെ പരിപാടി നടന്നുവരികയാണ്. ഇന്നത്തെ പ്രാർത്ഥന തുടങ്ങി അഞ്ച് മിനിറ്റിനകം തന്നെ സ്‌ഫോടനം ഉണ്ടാവുകയായിരുന്നു. ആദ്യം ഒരു പൊട്ടിത്തെറിക്കു പിന്നാലെ തുടർ സ്‌ഫോടനങ്ങളുണ്ടായെന്നാണ് പറയുന്നത്. രണ്ടായിരത്തിലധികം പേർ ആസമയം ഹാളിലുണ്ടായിരുന്നു. സ്‌ഫോടനം നടന്ന സ്ഥലം പോലീസ് സീൽ ചെയ്തിരിക്കുകയാണ്. എൻ.ഐ.എയും ഭീകര വിരുദ്ധസേനയും സ്ഥലത്തെത്തിയിട്ടുണ്ട്.

Latest News