Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സന്ദർശകരെ ആകർഷിച്ച് കോട്ടൂർ ജൈവവൈവിധ്യ പാർക്ക്

കോട്ടൂർ ജൈവവൈവിധ്യ പാർക്കിൽ പരിസ്ഥിതി പ്രവർത്തകൻ  വി.സി. ബാലകൃഷ്ണൻ കുട്ടികളുമായി സംസാരിക്കുന്നു. 

കണ്ണൂർ- അന്യമാവുന്ന അപൂർവ സസ്യങ്ങളുടെ കലവറയൊരുക്കി തങ്ങൾ നട്ടുനനച്ച ജൈവവൈവിധ്യ പാർക്കിലേക്ക് സന്ദർശകരെ ആകർഷിക്കുകയാണ് ശ്രീകണ്ഠാപുരം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ. 
കോട്ടൂർ പന്നിയോട്ടുമൂലയിലുള്ള ജൈവവൈവിധ്യ കലവറയായ ഈ പാർക്ക് 2007-08 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ശ്രീകണ്ഠാപുരം ഗ്രാമപഞ്ചായത്ത് ആരംഭിച്ചത് മുതൽ ഇതിന്റെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്തിരിക്കുന്നത് സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റാണ്. വിവിധയിനം ചിത്രശലഭങ്ങളാലും പക്ഷിയിനങ്ങളുടെ വൈവിധ്യത്താലും സമ്പന്നമാണ് കോട്ടുർ ജൈവവൈവിധ്യ പാർക്ക്. ശ്രീകണ്ഠാപുരം ബസ്‌സ്റ്റാൻറിൽ നിന്നും മൂന്നര കിലോമീറ്റർ സഞ്ചരിച്ചാൽ പാർക്കിലെത്താം. 
പരിസ്ഥിതി സംരക്ഷണത്തിന്റെ പാഠങ്ങൾ നുകരാൻ പുസ്തകങ്ങൾക്കപ്പുറം പ്രകൃതിയിലേക്കിറങ്ങിയ ഈ വിദ്യാർഥികൾ പഠനത്തിന്റെ പുതിയ മാതൃകയാണ് സൃഷ്ടിക്കുന്നത്. ജൈവവൈവിധ്യം സംരക്ഷിക്കുന്നതിൽ മാത്രമല്ല, അതിന്റെ ആവശ്യകതയെക്കുറിച്ച് നാട്ടുകാരെയും വിദ്യാർഥികളെയും ബോധവൽക്കരിക്കുന്നതിലും ഇവർ ശ്രദ്ധയൂന്നുന്നു. ഇവിടുത്തെ വിദ്യാർഥികളുടെയും അധ്യാപകരുടെയും പാദസ്പർശവും കരപരിലാളനയുമേൽക്കാത്ത സ്ഥലങ്ങൾ നാല് ഏക്കർ വ്യാപിച്ചു കിടക്കുന്ന പാർക്കിൽ ഇല്ലെന്നു തന്നെ പറയാം. 
വ്യത്യസ്തങ്ങളായ 500 തരം സസ്യങ്ങളും, 91 തരം ചിത്രശലഭങ്ങളും, 54 പക്ഷിവർഗങ്ങളുമാണ് പാർക്കിലുള്ളത്. ചെടികളെ തിരിച്ചറിയുന്നതിനായി ഓരോ ചെടിയുടെ മുമ്പിലും മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പേര്, ശാസ്ത്രനാമം, കുടുംബം എന്നിവ പ്രദർശിപ്പിക്കുന്ന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. പറശ്ശിനിക്കടവ് ഹെർബൽ നഴ്‌സറി,  വയനാട്ടിലെ ഡോ. എ എം എസ് സ്വാമിനാഥൻ അഗ്രോ ബയോഡൈവേഴ്‌സിറ്റി റിസർച്ച് സെന്റർ, ഉറവ് ബാംബൂ നഴ്‌സറി, പെരിയ റിസർവ് ഫോറസ്റ്റ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള സസ്യങ്ങൾ വിദ്യാർഥികൾ ഇവിടെ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
പാർക്കിലെ ചിത്രശലഭങ്ങളെ നിരീക്ഷിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികൾ പോക്കറ്റ് ഫീൽഡ് ഗൈഡ് തയ്യാറാക്കിയിരുന്നു. ഇതിന്റെ പ്രകാശനം കഴിഞ്ഞ ജൂലൈ ആറിന് വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജുവാണ് നിർവഹിച്ചത്. കൂടാതെ 80 ചെടികളുടെ ചിത്രങ്ങളും വിവരങ്ങളും ഉൾപ്പെടുത്തിയ 'ഒാരില' എന്ന റഫറൻസ് ഗൈഡും ജൈവവൈവിധ്യ പാർക്കിനെക്കുറിച്ചുള്ള 'പൂവാംകുരുന്നില' എന്ന ഡോക്യുമെന്ററിയും ഇവർ തയ്യാറാക്കിയിട്ടുണ്ട്.
സമഗ്രമായ ജൈവവൈവിധ്യം സ്വാഭാവികമായി വളർന്നുവരാൻ ആവശ്യമായ അന്തരീക്ഷമൊരുക്കുക, ഔഷധ സസ്യങ്ങൾ ഉൾപ്പെടെയുള്ള അപൂർവ്വയിനം സസ്യങ്ങൾ കണ്ടെത്തി നട്ടുപിടിപ്പിക്കുക, പ്രൈമറി തലം മുതൽ സർവ്വകലാശാലാതലം വരെയുള്ള വിദ്യാർഥികൾക്ക് പാർക്കിലെ ജൈവവൈവിധ്യത്തെ കുറിച്ച് പഠിക്കാൻ സൗകര്യമൊരുക്കുക, പ്രത്യേകയിനം സസ്യങ്ങൾ വളർത്തുന്നതിലൂടെ അവയെ ആശ്രയിക്കുന്ന ജീവികളെ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് വിദ്യാർഥികൾ നിറവേറ്റുന്നത്. 
നഗരസഭയിൽ നിന്നും ജൈവവൈവിധ്യ ബോർഡിൽ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായത്തിലാണ് പാർക്കിലെ പ്രവർത്തങ്ങൾ മുന്നോട്ടുകൊണ്ടുപോവുന്നത്. അധ്യാപകരുടെ പിന്തുണയോടെ കുട്ടികൾ നടത്തുന്ന ജൈവവൈവിധ്യ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി നിരവധി പുരസ്‌കാരങ്ങളും സ്‌കൂളിന് ലഭിച്ചിട്ടുണ്ട്.  
2009 ൽ ജൈവവൈവിധ്യ ബോർഡിന്റെ ഹരിത വിദ്യാലയം പുരസ്‌കാരം, 2010-11 വർഷത്തെ വനം-വന്യജീവി വകുപ്പിന്റെ വനമിത്ര പുരസ്‌കാരം, 2015 ൽ ജൈവവൈവിധ്യ ബോർഡിന്റെ മികച്ച ജൈവവൈവിധ്യ ക്ലബിനുള്ള പുരസ്‌കാരം എന്നിവ അവയിൽ ചിലതാണ്. 
2018 ലെ വനം-വന്യജീവി വകുപ്പ് നൽകുന്ന വനമിത്ര അവാർഡിന് സ്‌കൂളിലെ അധ്യാപകനും എൻ.എസ്.എസ് യൂനിറ്റ് സ്‌പെഷ്യൽ ഓഫീസറുമായ ടി.എം. രാജേന്ദ്രൻ അർഹനായിരുന്നു.

Latest News