തരൂരിനെ തിരുത്തിയത് പുലിക്കുട്ടിയുടെ മകന്‍, നെഹ്‌റുവിനേയും തിരുത്തിയിട്ടുണ്ട്-കെ.എം.ഷാജി

തിരുവനന്തപുരം-കോണ്‍ഗ്രസില്‍ നെഹ്‌റുവിനേക്കാള്‍ വലുതായി ആരേയും കണ്ടിട്ടില്ലെന്നും ആ നെഹ്‌റുവിനെ വരെ മുസ്ലിം ലീഗ് തിരുത്തിയിട്ടുണ്ടെന്നും കെ.എം.ഷാജി. ലീഗിന്റെ വേദിയില്‍ ലീഗ് വിരുദ്ധ അഭിപ്രായങ്ങള്‍ പറയാന്‍ ആര്‍ക്കും അവസരമുണ്ട്. എന്നാല്‍ സമ്മേളനത്തിന്റെ സ്പിരിറ്റിനെതിരേ ആര് വന്ന് പറഞ്ഞാലും തിരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ട് മുസ്ലിം ലീഗ് റാലിയില്‍ ഹമാസ് വിഷയത്തില്‍ ശശി തരൂര്‍ നടത്തിയ പ്രസംഗം ലീഗ് നിലപാടല്ല. ജവഹര്‍ലാല്‍ നെഹ്‌റുവിന് പോലും മറുപടി കൊടുത്ത ചരിത്രമാണ് ലീഗിനുള്ളത്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പല കാര്യങ്ങളിലും മറ്റു നിലപാടുകള്‍ ഉണ്ടാകും. അതിന്റെ പേരില്‍ തരൂരിനെ വിമര്‍ശിക്കേണ്ടതില്ലെന്നും കെ.എം. ഷാജി പറഞ്ഞു.
എന്തുകൊണ്ടാണ് നമ്മള്‍ കോണ്‍ഗ്രസ് ആവാത്തത് എന്ന കാര്യം മനസ്സിലായില്ലേ. ലീഗ് വേറെയാണ്. ലീഗിന് അഭിപ്രായമുണ്ട്. കോണ്‍ഗ്രസിന് വേറെ അഭിപ്രായമുണ്ട്. പണ്ട് ജവഹര്‍ലാല്‍ നെഹ്‌റുവിനോട് തര്‍ക്കിച്ച പാര്‍ട്ടിയാണ് ലീഗ്. നെഹ്‌റു, ചത്ത കുതിര എന്ന് പറഞ്ഞപ്പോ അല്ല പണ്ഡിറ്റ് ജി ഉറങ്ങിക്കിടക്കാത്ത സിംഹമാണ് എന്ന് ഉരുളക്ക് ഉപ്പേരി പോലെ മറുപടി കൊടുത്തിട്ടുണ്ട്. തരൂരിന്റെ വിവരത്തെക്കുറിച്ച് ആര്‍ക്കും സംശയമൊന്നും ഇല്ല. ആ സമ്മേളനത്തിന്റെ സ്പിരിറ്റിനോട് യോജിക്കാത്ത വ്യക്തിപരമായ അഭിപ്രായം പറയുമ്പോള്‍ തരൂര്‍ ജിക്ക് അറിയുമായിരുന്നില്ലേ, ആ പുലിക്കുട്ടിയുടെ മകന്‍ എം.കെ. മുനീര്‍ പിറകിലുണ്ട് എന്ന്, അത് അറിഞ്ഞിട്ടല്ലേ പറഞ്ഞത്. അഭിപ്രായ വ്യത്യാസങ്ങളെ കൃത്യമായി പറയുകയും വിയോജിക്കുകയും പരസ്പരം തര്‍ക്കിക്കുകയും ചെയ്യുന്നതാണ് ഇന്ത്യ- ഷാജി പറഞ്ഞു.

 

Latest News