Sorry, you need to enable JavaScript to visit this website.

കളമശ്ശേരിയിലെ സ്‌ഫോടനം: ബേണ്‍സ് ചികിത്സാ വിദഗ്ധ സംഘമടക്കം സജ്ജമെന്ന് ആരോഗ്യ മന്ത്രി

കൊച്ചി - കളമശേരിയില്‍ പൊട്ടിത്തെറി ഉണ്ടായ സാഹചര്യത്തില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നുള്ള ബേണ്‍സ് ചികിത്സാ വിദഗ്ധ സംഘം കളമശേരി മെഡിക്കലെത്താന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. കോട്ടയം മെഡിക്കല്‍ കോളജും സജ്ജമാണ്. മതിയായ കനിവ് 108 ആംബുലന്‍സുകള്‍ ലഭ്യമാക്കാനും നിര്‍ദേശം നല്‍കി. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സയൊരുക്കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയ ആരോഗ്യ മന്ത്രി അവധിയിലുള്ള മുഴുവന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും അടിയന്തരമായി തിരിച്ചെത്താനും ആവശ്യപ്പെട്ടു.
കൊച്ചി കളമശ്ശേരി സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പൊട്ടിത്തെറിയില്‍ 35 പേര്‍ക്ക് പരുക്കേറ്റെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 35 പേരെയും കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഏഴ് പേര്‍ ഐസിയുവിലാണ്. ഗുരുതമായി പൊള്ളലേറ്റവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നുണ്ട്. പൊട്ടിത്തെറിയില്‍ മരിച്ച സ്ത്രീയെ തിരിച്ചറഞ്ഞിട്ടില്ല. കൂടുതല്‍ പേര്‍ക്ക് പരുക്കുണ്ടെങ്കില്‍ ആവശ്യമെങ്കില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും.  യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയാണ് ഹാളില്‍ പൊട്ടിത്തെറിയുണ്ടായത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. അട്ടിമറി ഉണ്ടായിട്ടുണ്ടോ എന്നുള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. സ്ഫോടന സാധ്യതയുള്ള വസ്തുക്കളൊന്നും സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ഇന്റലിജന്‍സ് എഡിജിപിയും ഉടന്‍ സ്ഥലത്തെത്തും.

 

Latest News