Sorry, you need to enable JavaScript to visit this website.

വീഡിയോ: ഇസ്രായിലിലേക്ക് ഹമാസിന്റെ റോക്കറ്റാക്രമണം, വൻ നാശനഷ്ടമെന്ന് റിപ്പോർട്ട്

ടെൽഅവീവ്- ഗാസയിലേക്ക് ഇസ്രായിൽ നടത്തുന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് ഇസ്രായിൽ തലസ്ഥാനമായ ടെൽ അവീവിലേക്ക് ഹമാസ് റോക്കറ്റ് തൊടുത്തുവിട്ടു. കെട്ടിടങ്ങൾക്കും നിരവധി കാറുകൾക്കും കേടുപാടുകൾ സംഭവിച്ചുവെന്നാണ് പ്രാഥമിക വിവരം. വൈകിട്ട് തന്നെ ഇസ്രായിലിൽ ഉടനീളം അധികൃതർ അപായ സൈറൺ നൽകിയിരുന്നു. ടെൽ അവീവിൽനിന്നുള്ള നിരവധി എക്‌സ് എക്കൗണ്ടുകളിൽ സ്‌ഫോടനം നടന്നതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ഫലസ്തീനിൽനിന്നുള്ള 8000ത്തോളം തടവുകാരെ ഉടൻ മോചിപ്പിച്ച് ഇസ്രായിലിൽനിന്ന് ഹമാസ് ബന്ദികളാക്കിയവരെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രായിലിൽ വൻ പ്രതിഷേധം നടക്കുന്നുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിഷേധക്കാർ ടെൽ അവീവിൽ റോഡുകൾ ഉപരോധിച്ചു.

അതേസമയം, യുദ്ധവും മനുഷ്യക്കുരുതിയും അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര പൊതുസഭയിൽ 120 രാജ്യങ്ങളുടെ പിന്തുണയോടെ പാസാക്കിയ പ്രമേയത്തിന് പുല്ലുവില പോലും കൽപ്പിക്കാതെ ഗാസയിൽ ഇസ്രായിൽ നരമേധം തുടരുന്നു. വെള്ളിയാഴ്ച രാത്രിമുഴുവൻ നീണ്ട ബോംബാക്രമണത്തിന് പിന്നാലെ ശനിയാഴ്ചയും ഇസ്രായിലിന്റെ ടാങ്കുകൾ വടക്കൻ ഗാസയിൽ ആക്രമണം തുടർന്നു. ഒക്ടോബർ ഏഴിനുശേഷം ഇസ്രായിൽ നടത്തുന്ന ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 7700 കവിഞ്ഞു. ഇതിൽ 3500 പേർ കുഞ്ഞുങ്ങളാണ്.
ഫലസ്തീനികൾക്ക് കുടിവെള്ളവും ഭക്ഷണവും തടഞ്ഞുകൊണ്ടാണ് ഇസ്രായിൽ ആക്രമണം തുടരുന്നത്. വൈദ്യുതിയും വിഛേദിച്ചിരിക്കുകയാണ്. വാർത്താവിനിമയ ബന്ധങ്ങളും വിഛേദിച്ചു. ബെയ്ത് ലാഹിയ, ബെയ്ത് ഹാനൂൻ, സെയ്തൂൻ എന്നിവിടങ്ങളിൽ ഇടതടവില്ലാതെ ഇസ്രായിലി പോർവിമാനങ്ങൾ ബോംബ് വർഷിക്കുകയാണ്. വൻ ഭൂകമ്പത്തേക്കാൾ വലിയ നാശനഷ്ടങ്ങളാണ് ഗാസയിൽ ഉണ്ടായിരിക്കുന്നത്. വാർത്താവിനിമയ ബന്ധം വിഛേദിക്കപ്പെട്ടതോടെ രക്ഷാപ്രവർത്തനവും തടസ്സപ്പെട്ടു.
ഹമാസിനെതിരായ യുദ്ധം പുതിയ ഘട്ടത്തിലേക്ക് കടന്നുവെന്ന് ഇസ്രായിൽ പ്രതിരോധ മന്ത്രി യോവാവ് ഗാലന്റ് പറഞ്ഞു. ഭൂമിക്കു മുകളിലും അടിയിലുമായി ഞങ്ങൾ ആക്രമണം തുടരുകയാണെന്നും, ഹമാസിന്റെ തുരങ്ക ശൃംഖല നശിപ്പിക്കുമെന്നും എല്ലാ ഭീകരന്മാരെയും വേട്ടയാടി കൊല്ലുമെന്നും ഗാലന്റ് പറഞ്ഞു.

വടക്കൻ ഗാസയിൽ കരസേനയുടെ നീക്കം തുടരുകയാണെന്ന് ഇസ്രായിൽ ആർമി അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേത്തോടെയാണ് ഇസ്രായിൽ കരയാക്രമണം ആരംഭിച്ചത്. 24 മണിക്കൂർ കൊണ്ട് ഹമാസിനെതിരായ പോരാട്ടം കൂടുതൽ വ്യാപിപ്പിച്ചുവെന്നും ഇസ്രായിൽ പറഞ്ഞു. യുദ്ധഭൂമിയായ വടക്കൻ ഗാസയിൽനിന്ന് അവിടത്തെ താമസക്കാരോട് എത്രയും വേഗം തെക്കൻ ഗാസയിലേക്ക് പോകണമെന്ന് ഇസ്രായിൽ പ്രതിരോധ വക്താവ് ഡാനിയൽ ഹഗാറി ആവശ്യപ്പെട്ടു. ഇസ്രായിൽ കരയുദ്ധം ഈ രീതിയിൽ തുടരുകയാണെങ്കിൽ ഗാസയിൽ ആയിരങ്ങൾ ഇനിയും കൊല്ലപ്പെടുമെന്ന് യു.എൻ മനുഷ്യാവകാശ ഹൈക്കമ്മീഷനർ വോൾക്കർ തുർക്ക് മുന്നറിയിപ്പ് നൽകി. ഇസ്രായിലിന്റെ കരയാക്രമണത്തെ സൗദി അറേബ്യ ശക്തിയായി അപലപിച്ചു.
ഗാസയിൽ എത്രയും വേഗം വെടിനിർത്തൽ നടപ്പാക്കണമെന്ന്് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. ആക്രമണത്തിന് ഇടവേള നൽകുന്നതിനു പകരം മുമ്പെങ്ങുമില്ലാത്തവിധം ബോംബിംഗ് കടുപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്ന് ദോഹയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ അദ്ദേഹം കുറ്റപ്പെടുത്തി. ആക്രമണം തൽക്കാലത്തേക്ക് നിർത്തിവെക്കണമെന്നും, ജീവകാരുണ്യ സഹായം എത്തിക്കുന്നതിന് സൗകര്യമൊരുക്കണമെന്നും യൂറോപ്യൻ യൂനിയൻ ഫോറിൻ പോളിസി മേധാവി ജോസഫ് ബോറൽ ആവശ്യപ്പെട്ടു. പൂർണമായും ഒറ്റപ്പെട്ട ഗാസയിൽ അതിശക്തമായ ബോംബിംഗാണ് തുടരുന്നത്. കുഞ്ഞുങ്ങളടക്കം നിരവധി സാധാരണക്കാരാണ് കൊല്ലപ്പെടുന്നത്. ഇത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. 
അതിനിടെ, തങ്ങളുടെ പക്കലുള്ള ഇസ്രായിൽ ബന്ദികളെ മോചിപ്പിക്കണമെങ്കിൽ മുഴുവൻ ഫലസ്തീൻ തടവുകാരെയും ഇസ്രായിൽ വിട്ടയക്കണമെന്ന് ഹമാസ് ആവർത്തിച്ച് ആവശ്യപ്പെട്ടു. ബന്ദി പ്രശ്‌നം ഒറ്റയടിക്ക് തീർക്കാനാണ് ശത്രു ആഗ്രഹിക്കുന്നതെങ്കിൽ ഞങ്ങൾ അതിന് തയാറാണ്. അതല്ല, ഘട്ടംഘട്ടമായിട്ടാണെങ്കിൽ അതിനും ഞങ്ങൾ തയാറാണെന്ന് ഹമാസിന്റെ സായുധ വിഭാഗമായ ഇസ്സുദ്ദീൻ അൽ ഖസ്സാം ബ്രിഗ്രേഡ് വക്താവ് അബു ഉബൈദ, അൽ അഖ്‌സ ചാനലിന് നൽകിയ പ്രസ്താവനയിൽ അറിയിച്ചു.
229 ഇസ്രായിലി ബന്ദികളാണ് ഹമാസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരിൽ 50 പേർ കഴിഞ്ഞ ദിവസം ഇസ്രായിലിന്റെ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് ഹമാസ് അറിയിച്ചിരുന്നു. ബന്ദികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്രായിലിൽ പ്രകടനങ്ങൾ തുടരുകയാണ്. ബന്ദികളെ മോചിപ്പിക്കുന്നതിന് ഇസ്രായിൽ സാധ്യമായ എല്ലാ മാർഗങ്ങളും തേടുമെന്ന് പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു പറഞ്ഞു.
അതിനിടെ, തുർക്കിയിൽനിന്ന് ഇസ്രായിലിന്റെ നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിക്കുകയാണെന്ന് ഇസ്രായിൽ വിദേശ കാര്യമന്ത്രി, എലി കോഹൻ അറിയിച്ചു. ഗാസയിൽ ഇസ്രായിൽ നടത്തുന്ന മനുഷ്യക്കുരുതിയെ അതിരൂക്ഷമായ ഭാഷയിൽ തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ അപലപിച്ചതിലുള്ള പ്രതിഷേധമായാണ് നടപടി. ഇസ്രായിലും തുർക്കിയും തമ്മിലുള്ള ബന്ധത്തെകുറിച്ച് പുനർവിചിന്തനം നടത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടിയെന്ന് എലി കോഹൻ എക്‌സിൽ കുറിച്ചു.
ഗാസയിൽ ഇസ്രായിൽ നടത്തുന്ന കൂട്ടക്കുരുതിക്ക് പിന്നിലെ ശരിയായ കുറ്റവാളികൾ പാശ്ചാത്യ ശക്തികളാണെന്ന് ഉർദുഗാൻ കുറ്റപ്പെടുത്തി. യുദ്ധക്കുറ്റവാളികളെ പോലെയാണ് ഇസ്രായിൽ ഇപ്പോൾ പെരുമാറുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്താംബുളിൽ നടന്ന കൂറ്റൻ ഫലസ്തീൻ അനുകൂല റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 15 ലക്ഷം പേരാണ് റാലിയിൽ അണിനിരന്നത്.
വിവിധ ലോക നഗരങ്ങളിൽ ഇന്നലെയും വൻ ഫലസ്തീൻ അനുകൂല റാലികൾ നടന്നു. വിലക്ക് ലംഘിച്ച് ആയിരങ്ങളാണ് പാരീസിൽ നടന്ന റാലിയിൽ പങ്കെടുത്തത്. ലണ്ടൻ, റോം തുടങ്ങിയ നഗരങ്ങളിലും വലിയ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.

Latest News