മോഷണക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പേര്‍ ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍

കൊച്ചി- നിര്‍മ്മാണം നിര്‍ത്തിവെച്ച വീട്ടില്‍ മോഷണം നടത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരടക്കം ആറ് പേര്‍ പിടിയില്‍. ഐക്കരനാട് സൗത്ത് കിങ്ങിണി മറ്റം പ്ലാപ്പിള്ളില്‍ ബേസില്‍ സാജു (19), കടമറ്റം പെരുമറ്റത്തില്‍ അഭയകുമാര്‍ (18), ഐക്കരനാട് പുതുപ്പനത്ത് വാടകയ്ക്ക് താമസിക്കുന്ന ഓണക്കൂര്‍ പെരിയപ്പുറം ചോവേലിക്കുടിയില്‍ നന്ദു (18), പ്രായപൂര്‍ത്തിയാകാത്ത മൂന്നു പേര്‍ എന്നിവരെയാണ് പുത്തന്‍കുരിശ് പോലീസ് പിടികൂടിയത്. 

കോലഞ്ചേരി പട്ടണത്തിനോട് ചേര്‍ന്ന് നിര്‍മ്മാണം നിര്‍ത്തി വച്ചിരിക്കുന്ന വീട്ടില്‍ നിന്നുമാണ് ഒരു ലക്ഷത്തോളം രൂപ വില വരുന്ന നിര്‍മ്മാണസാമഗ്രികള്‍ മോഷ്ടിച്ചത്. കാര്‍ വാടകയ്ക്ക് എടുത്ത് പല പ്രാവശ്യങ്ങളിലായാണ് മോഷണം നടത്തിയത്. കോലഞ്ചേരിയില്‍ത്തന്നെയുള്ള വിവിധ ആക്രികടകളിലായി മോഷണ വസ്തുക്കള്‍ വില്‍പ്പന നടത്തുകയും ചെയ്തു. ബേസില്‍ സാജുവിന്റെ നാലാമത്തെ മോഷണ കേസാണിത്. 

ഇന്‍സ്‌പെക്ടര്‍ പി. ദിലീഷ്, എസ്. ഐമാരായ കെ. എസ് ശ്രീദേവി, കെ. സജീവ്, സി. ഒ സജീവ്, എ. എസ്. ഐമാരായ കെ. കെ.സുരേഷ് കുമാര്‍, പി. വി എല്‍ദോസ്, ബിജു ജോണ്‍, എം. ബി സുജിത്ത്, എസ്. സി. പി. ഒ. രാമചന്ദ്രന്‍ നായര്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Latest News