Sorry, you need to enable JavaScript to visit this website.

കേരളത്തെ വർഗീയത പറഞ്ഞു നശിപ്പിക്കാൻ അനിൽ ആന്റണിക്ക് ആരുടെ ക്വട്ടേഷൻ

ന്ത്യയിലെ മതേതര രാഷ്ട്രീയത്തിന്റെ പ്രതിനിധിയായാണ് എ.കെ ആന്റണിയെ പൊതുവേ വിലയിരുത്തുന്നത്. പ്രസ്താവനകളിൽ ചില വിഭാഗങ്ങളെ കുറ്റപ്പെടുത്തുന്ന പരാമർശങ്ങൾ അദ്ദേഹത്തിൽനിന്ന് ഉണ്ടായിട്ടുണ്ടെങ്കിലും ആറു പതിറ്റാണ്ടിലേറെക്കാലമായി തുടരുന്ന രാഷ്ട്രീയ ജീവിതത്തിൽ വർഗീയത ഒരിക്കലും അദ്ദേഹം ഉപജീവന മാർഗമാക്കിയിരുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ മകനും ബി.ജെ.പി നേതാവുമായ അനിൽ ആന്റണി കേരളത്തിൽ പ്രത്യേകിച്ചും ഇന്ത്യയിൽ പൊതുവിലും വർഗീയത പരത്താനാണ് ശ്രമിക്കുന്നത്. കാസർക്കോട് കുമ്പളയിൽ നിർത്താതെ പോയ ബസ് വിദ്യാർഥിനികൾ തടഞ്ഞ സംഭവത്തിൽ ബുർഖയിടാത്തവർക്ക് കേരളത്തിൽ രക്ഷയില്ല എന്ന അടിക്കുറിപ്പോടെയാണ് ചിത്രം അനിൽ ആന്റണി പങ്കുവെച്ചത്. കേരളത്തിൽ സി.പി.എമ്മും കോൺഗ്രസും വർഗീയതയെ പ്രോത്സഹിപ്പിക്കുയാണെന്നും വിശദീകരിച്ചുള്ള പോസ്റ്റിലാണ് കുമ്പള സംഭവത്തിന്റെ വീഡിയോ കൂടി ചേർത്ത് അനിൽ ആന്റണി പ്രചരിപ്പിച്ചത്. സംഗതി വ്യാജമാണെന്ന് തെളിഞ്ഞതോടെ അനിൽ ആന്റണി പോസ്റ്റ് പിൻവലിച്ചു. എന്നാൽ ഇതിന്റെ സ്‌ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേരളത്തെ വർഗീയത പറഞ്ഞു നശിപ്പിക്കാനുള്ള ക്വട്ടേഷനാണ് അനിൽ ആന്റണിക്ക് എന്ന് തോന്നുന്ന തരത്തിലാണ് അദ്ദേഹം നിരന്തരമായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്.

നേരത്തെയും അനിൽ ആന്റണി വ്യാജ വാർത്ത ഷെയർ ചെയ്ത് വർഗീയ പ്രചാരണത്തിന് ശ്രമിച്ചിരുന്നു. കൊല്ലം കടയ്ക്കലിൽ സൈനികന്റെ ദേഹത്ത് പോപ്പുലർ ഫ്രണ്ട് എന്നെഴുതി മർദ്ദിച്ചുവെന്ന സംഭവമാണ് അനിൽ ആന്റണി ഷെയർ ചെയ്തിരുന്നത്്. സംഗതി വ്യാജമാണെന്ന് തിരിച്ചറിഞ്ഞിട്ടും പോസ്റ്റ് പിൻവലിക്കാൻ തയ്യാറായില്ല. സംഭവം വ്യാജമാണെങ്കിലും താൻ ഉന്നയിച്ച കാര്യത്തിന് പ്രസക്തിയുണ്ട് എന്നായിരുന്നു അനിൽ ആന്റണി പറഞ്ഞത്. തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രഭവ കേന്ദ്രമായി കേരളം മാറുന്നു എന്നായിരുന്നു നൽകിയ വിശദീകരണം.
അതേസമയം, കുമ്പളയിലെ വീഡിയോ ഉദ്ധരിച്ച്  ഫേസ്ബുക്കിൽ നടത്തിയ വിദ്വേഷ  പോസ്റ്റ് വിവാദമായതോടെ അനിൽ ആന്റണി പിൻവലിച്ചു. ഇദ്ദേഹത്തിന്റെ എഫ് ബി പോസ്റ്റ് കുറെ പേർ ഷെയർ ചെയ്തിരുന്നു. എന്നാൽ സംഭവത്തിന്റെ യഥാർത്ഥ വീഡിയോ പുറത്തുവന്നതോടെയാണ്  അബദ്ധം മനസ്സിലാക്കി  പോസ്റ്റ് ഒഴിവാക്കിയത്.

ബസ് നിർത്താത്തതിനെ ചൊല്ലി സമരം നടത്തിയ വിദ്യാർത്ഥിനികൾ ബസ്സിനകത്തുള്ള യാത്രക്കാരോട്  സംസാരിക്കുന്ന വീഡിയോ ആണ് ദുഷ്പ്രചരണത്തിന് ഉപയോഗിച്ചത്. കുമ്പളയിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനികൾ ആയിരുന്നു സമരം നടത്തിയത്. സമരം ബസ്സിനകത്തുള്ള വീട്ടമ്മ ചോദ്യം ചെയ്തപ്പോൾ വിദ്യാർഥിനികൾ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയകളിൽ വർഗീയ വിദ്വേഷം പരത്തുന്ന തരത്തിൽ വ്യാഖ്യാനിച്ചത്. ബസിലെ യാത്രക്കാരിയായ  ഇതര മതസ്ഥരോട് ബുർഖ ധരിക്കാൻ നിർബന്ധിക്കുന്നു എന്നാണ് വ്യാജ പ്രചരണം. ഒരു കൂട്ടം വിദ്യാർത്ഥിനികൾ  ബസ്സിലെ സീറ്റിൽ ഇരുന്നിരുന്ന പ്രായമായ സ്ത്രീയോട്  സ്‌റ്റോപ്പ് അനുവദിക്കാത്തത് സംബന്ധിച്ച് തർക്കിക്കുന്ന 51 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആണ് ദുഷ്പ്രചരണത്തിനായി ഉപയോഗിച്ചത്. ബുർഖ ധരിക്കാതെ ബസ്സിൽ കയറിയ ഈ സ്ത്രീയെ വിദ്യാർത്ഥിനികൾ ശകാരിക്കുന്നു എന്നായിരുന്നു വിദ്വേഷ പ്രചാരണം. ബുർഖ ധരിക്കാത്ത സ്ത്രീകൾ ബസ്സിൽ കയറുന്നത്  മുസ്ലിം സ്ത്രീകൾ ആഗ്രഹിക്കുന്നില്ലെന്നും ഇസ്ലാമിക നിയമപ്രകാരം ഇതിന്റെ പേരിൽ ഇതര മതസ്ഥരെ ഉപദ്രവിക്കുന്നു എന്നുമായിരുന്നു പ്രചരണം.

കുമ്പള സംഭവവുമായി ബന്ധപ്പെട്ട് എഴുത്തുകാരി സുധാ മേനോൻ എഴുതിയ പോസ്റ്റ്:

ഇന്നലെയാണ് ഒരു സുഹൃത്ത്  ഈ വീഡിയോ  അയച്ചു തന്നത്. ബുർഖയിടാത്ത ഹിന്ദു സ്ത്രീകളെ കേരളത്തിലെ ബസ്സിൽ നിന്നും ചീത്ത വിളിച്ചു കൊണ്ട് ഇറക്കി വിട്ടുവെന്നും, പൊതുഗതാഗത സംവിധാനം ഉപയോഗിക്കണമെങ്കിൽ കൂടി കേരളത്തിലെ ഹിന്ദു സ്ത്രീകൾക്ക് ബുർഖ ഇടേണ്ട ഗതികേടാണ് എന്നും ആണ് ആനന്ദി നായർ( ആനന്ദി സനാതനി) ത ഇൽ എഴുതിയത്.  'ഗോഡ്‌സ് ഓൺ കൺട്രി ഇപ്പോൾ അള്ളാഹ് ഓൺ കൺട്രിയാണ്' എന്ന തള്ളലും ഉണ്ട്. ഫേക്ക് ആയിരിക്കും എന്ന ഉറപ്പോടെയാണ് കണ്ടത്. പരസ്പരം ചീത്ത വിളിക്കുന്നുണ്ട് എന്നല്ലാതെ ബുർഖയെപ്പറ്റി ഒരക്ഷരം പോലും ഈ വീഡിയോയിൽ പറയുന്നുണ്ടായിരുന്നില്ല. 
ഇപ്പോൾ ഏഷ്യാനെറ്റ് പറയുന്നത് കുമ്പളമുള്ളേരിയ കെഎസ്ടിപി റോഡിൽ ഭാസ്‌ക്കര നഗറിൽ കോളേജിന് മുന്നിൽ ബസ് നിർത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് വിദ്യാർഥിനികൾ ബസ് തടഞ്ഞത് എന്നാണ്. ബസ് തടഞ്ഞ സംഭവത്തിന് യാതൊരു വർഗീയ ചുവയുമില്ലെന്ന് കുമ്പള എസ്എച്ച്ഒ അനൂപ് കുമാർ ഇ  ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞുവെന്നും അവർ റിപ്പോർട്ട് ചെയുന്നുണ്ട്. 
പക്ഷെ ഇതിനകം ഈ വീഡിയോ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് മനുഷ്യരിൽ എത്തിക്കഴിഞ്ഞു.  ഈ ഫേക്ക് ന്യൂസ് നിർമ്മിച്ചവരുടെ ലക്ഷ്യം  സഫലമായി.  ബുർഖ ഇടാതെ ഹിന്ദു സ്ത്രീകൾക്ക് പോലും  സുരക്ഷിതമായി യാത്ര ചെയ്യാൻ പറ്റാത്ത ഇടമായി കേരളത്തെ അടയാളപ്പെടുത്തിക്കഴിഞ്ഞു. ഒരു മലയാളി നായർ ആണല്ലോ വീഡിയോ ഷെയർ ചെയ്തത്!   കേരളത്തിലെ ടൂറിസത്തെപ്പോലും ബാധിക്കാവുന്ന വിഷയമാണിത്. 
ഇങ്ങനെ പച്ച നുണ പറഞ്ഞുകൊണ്ട് സാമുദായികസ്പർദ്ധ ഉണ്ടാക്കുന്ന സാമൂഹ്യദ്രോഹികൾക്കെതിരെ ഒന്നും ചെയ്യാൻ പറ്റില്ലേ?  ഓർക്കുക, ഇത്തരം പെരും നുണകളിൽ നിന്നാണ് പലപ്പോഴും വർഗീയകലാപങ്ങൾ ഉണ്ടാകുന്നത്. അപ്പോഴും ജീവനും സ്വത്തും നഷ്ടപ്പെടുന്നത് ഇതൊന്നും അറിയാത്ത ജീവിക്കാൻ പാട് പെടുന്ന ദരിദ്രരായ മനുഷ്യർക്കാണ്.  മനുഷ്യവിരുദ്ധരായ ഈ ട്വിറ്റർ ജീവികൾ അപ്പോഴും അവരുടെ പ്രിവിലേജ്ഡ് ലോകത്ത് സുരക്ഷിതരായിരിക്കും.
 

Latest News