അപകടത്തില്‍പ്പെട്ടയാളെ രക്ഷിച്ചതിന് പിന്നാലെ പിടിച്ചു പറിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കൊച്ചി- അപകടത്തില്‍പ്പെട്ടയാളെ രക്ഷപ്പെടുത്തിയ ശേഷം പിടിച്ചുപറി നടത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മട്ടാഞ്ചേരി പുതിയ റോഡില്‍ പനച്ചിക്കല്‍പ്പറമ്പില്‍ വീട്ടില്‍ ഷാജഹാന്‍ (ഇക്രു- 28), മട്ടാഞ്ചേരി കമ്മ്യൂണിറ്റി ഹാള്‍ റോഡില്‍ അഭിലാഷ് (അഭി- 25) എന്നിവരെയാണ് ഞാറയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. 

വെള്ളിയാഴ്ച വൈകിട്ട് ഞാറയ്ക്കല്‍ ഗവണ്‍മെന്റ് ആശുപത്രിയ്ക്ക് സമീപത്തായിരുന്നു സംഭവം. മോട്ടോര്‍ സൈക്കിള്‍ സ്‌കിഡ് ചെയ്ത് അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികനെ ആശുപത്രിയില്‍ എത്തിച്ച ശേഷം ഇയാളെ ഭീഷണിപ്പെടുത്തി പണവും വില കൂടിയ ഹെല്‍മെറ്റും കവര്‍ച്ച ചെയ്യുകയായിരുന്നു. മാളയ്ക്കു സമീപം പുത്തന്‍ചിറ സ്വദേശി അര്‍ജ്ജുന്‍ (19)നാണ് ബൈക്കപകടത്തില്‍ പരിക്ക് പറ്റിയത്. 

തേവര കോളേജില്‍ പഠിക്കുന്ന അര്‍ജ്ജുന്‍ കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി കാളമുക്ക് മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന് സമീപം വച്ച് മഴയെ തുടര്‍ന്ന് സ്‌കിഡ് ചെയ്ത ബൈക്കില്‍ നിന്ന് വീഴുകയായിരുന്നു. ബാറില്‍ മദ്യപിക്കാന്‍ തൊട്ടുപിറകെ സ്‌കൂട്ടറില്‍ വരികയായിരുന്ന പ്രതികള്‍ അര്‍ജ്ജുനെ ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് പണം തട്ടിയെടുത്തത്. കൂടുതല്‍ പണം ആവശ്യപ്പെട്ടാണ് വില കൂടിയ ഹെല്‍മെറ്റും കവര്‍ന്നത്. 

റൗഡി ലിസ്റ്റില്‍ ഉള്ളവരും മയക്കുമരുന്ന് കേസുകളടക്കം നിരവധി കേസുകളില്‍ പ്രതികളുമാണ് ഷാജഹാനും അഭിലാഷും. ഇന്‍സ്‌പെക്ടര്‍ എ. എല്‍. യേശുദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എസ്. ഐമാരായ സി. രഞ്ജുമോള്‍, സി. ആര്‍. വന്ദന കൃഷ്ണന്‍, സി. പി. ഒമാരായ വി. എസ്. സ്വരാഭ്, എസ്. ദിനില്‍ രാജ് എന്നിവരാണ് ഉണ്ടായിരുന്നത്.

Latest News