Sorry, you need to enable JavaScript to visit this website.

സ്റ്റാർട്ടപ്പുകൾക്കുണ്ട് ടൈ സപ്പോർട്ട്

കൊച്ചി- കളമശ്ശേരി മേക്കർവില്ലേജിലെ സ്റ്റാർട്ടപ്പുകൾക്ക് സാങ്കേതിക മാർഗനിർദ്ദേശം നൽകാൻ സഹകരിക്കുമെന്ന് ദി ഇൻഡ്-യു.എസ് ഓൻട്രപ്രണേഴ്‌സ്(ടിഐഇ- 'ടൈ') അറിയിച്ചു. മേക്കർവില്ലേജിലെ ഇലക്ട്രോണിക്‌സ് സ്റ്റാർട്ടപ്പ് സംരംഭങ്ങൾ സന്ദർശിച്ചതിനു ശേഷം 'ടൈ'കേരള എക്‌സിക്യൂട്ടീവ് ഡയറക്ടർ റിട്ട. വിംഗ് കമാൻഡർ കെ. ചന്ദ്രശേഖർ അറിയിച്ചു.
മേക്കർ വില്ലേജിലെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ലോകോത്തര നിലവാരത്തിലുള്ളതാണെന്ന്  മുപ്പതോളം വരുന്ന 'ടൈ' സംഘം വിലയിരുത്തി.
മികച്ച ഫണ്ടിംഗും സാങ്കേതികവിദ്യയും കൈമുതലുള്ള കമ്പനികൾ വരെ പരാജയപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നുണ്ടെന്ന് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. വിവിധ തലങ്ങളിൽ കൃത്യമായ മാർഗനിർദ്ദേശം ലഭിക്കാത്തതുകൊണ്ടാണ് ഇതു സംഭവിക്കുന്നത്. പുതിയതും നിലവിലുള്ളതുമായ കമ്പനികൾക്ക് വേണ്ട മാർഗനിർദ്ദേശവും സഹകരണവും നൽകുകയെന്നതാണ് 'ടൈ'യുടെ ലക്ഷ്യം.
അന്താരാഷ്ട്ര സഹകരണം, ഫണ്ടിംഗ്, ഇൻകുബേഷൻ, തുടങ്ങിയവയാണ് 'ടൈ'യുടെ പ്രധാന മേഖലകൾ. മികച്ച ആശയങ്ങളും അവയുടെ മാതൃകയുമാണ് മേക്കർവില്ലേജിൽ കാണാനായത്. ഈ രംഗത്തെ വിദഗ്ധരുടെ മാർഗനിർദ്ദേശം കൂടിയാകുമ്പോൾ ഈ സംരംഭങ്ങൾക്ക് ശോഭനമായ ഭാവിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻകുബേഷനിൽനിന്ന് വാണിജ്യതലത്തിലേക്ക് മേക്കർവില്ലേജിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങളെ എത്തിക്കുന്നതിൻറ ശ്രമങ്ങളുടെ ഭാഗമായാണ് 'ടൈ' സന്ദർശനത്തെ കാണുന്നതെന്ന് മേക്കർ വില്ലേജ് സി.ഇ.ഒ പ്രസാദ് ബാലകൃഷ്ണൻ നായർ പറഞ്ഞു. ഇതിനായി ആഭ്യന്തര-അന്താരാഷ്ട്ര തലത്തിൽ മേക്കർ വില്ലേജിന്റെ സാന്നിധ്യം ഉറപ്പു വരുത്താൻ ടൈയുമായുള്ള സഹകരണത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
മേക്കർ വില്ലേജിലെ സംരംഭങ്ങൾ ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് മി. ബട്‌ലറിന്റെ സ്ഥാപകനും 'ടൈ' ചാർട്ടർ മെമ്പറുമായ സി.പി മാമ്മൻ പറഞ്ഞു. തൻെറ സോഫ്റ്റ്‌വെയർ കമ്പനിയായ സി.സി.എസ് ടെക്‌നോളജീസുമായി സഹകരിക്കാൻ സന്നദ്ധമായ സ്റ്റാർട്ടപ്പുകളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതിക മാർഗനിർദ്ദേശമാണ് 'ടൈ' യുടെ പ്രധാന മേഖലയെന്ന് ടൈ സീനിയർ വൈസ് പ്രസിഡൻറ് അജിത് മൂപ്പൻ പറഞ്ഞു. വാണിജ്യ സാധ്യതയുള്ള സ്റ്റാർട്ടപ്പുകൾക്ക് ഫണ്ടിംഗ് നൽകാൻ കേരള ഏഞ്ചൽ നെറ്റ് വർക്ക് തുടങ്ങുന്നുണ്ട്. 'ടൈ' വിവിധ മേഖലയിൽ കഴിവ് തെളിയിച്ച സംരംഭകരുടെ  കൂട്ടായ്മയായതിനാൽ കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകാൻ സാധിക്കും. അതിനപ്പുറത്തേക്ക് ആഭ്യന്തരവും ആഗോളവുമായ സഹകരണം സ്റ്റാർട്ടപ്പുകൾക്ക് ഉറപ്പുവരുത്താനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News