കണ്ണൂര്‍ - കണ്ണൂരിന്റെ വ്യവസായ കുതിപ്പിന് കരുത്ത് പകരാന്‍ ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സംഗമം ഒക്ടോബര്‍ 30, 31 തിയതികളില്‍ കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ നടക്കും. സംഗമം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംഗമത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന സംരംഭകര്‍ക്ക് ലെയ്‌സണ്‍ ഓഫീസര്‍മാരുടെ സഹായം ലഭ്യമാക്കുകയും പദ്ധതികളുടെ മോണിറ്ററിംഗ് ഉറപ്പാക്കുകയും ചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന, കണ്ണൂരിന്റെ വികസന മുന്നേറ്റത്തില്‍ പങ്കാളികളാകാന്‍ താല്‍പര്യപ്പെടുന്ന കണ്ണൂരുകാരും അല്ലാത്തവരുമായ പ്രവാസി നിക്ഷേപകര്‍ പങ്കെടുക്കും. ആദ്യദിനത്തില്‍ വ്യവസായം, കാര്‍ഷികം എന്നിവയിലും രണ്ടാം ദിനം ടൂറിസം, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി മേഖലയിലുമാണ് ചര്‍ച്ചകള്‍ നടക്കുക. പ്രവാസി വ്യവസായികളില്‍നിന്ന് പുതുസംരംഭങ്ങളിലൂടെ ജില്ലയിലെ വ്യവസായത്തിന് നിക്ഷേപം സമാഹരിക്കുകയാണ് ലക്ഷ്യം.
ടൂറിസം, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ടെക്‌നോളജി, വിദ്യാഭ്യാസം, റീട്ടെയില്‍, കയറ്റുമതി, സേവന മേഖലകള്‍, മറ്റു വ്യാപാര ശൃംഖലകള്‍ ഉള്‍പ്പെടെ പ്രവാസികള്‍ക്ക് കണ്ണൂരില്‍ ആരംഭിക്കാവുന്ന ചെറുതും വലുതുമായ സംരംഭങ്ങളാണ് നിക്ഷേപക സംഗമത്തിലൂടെ പ്രതീക്ഷിക്കുന്നത്. യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ദല്‍ഹി, ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളില്‍നിന്നായി 200 ഓളം പ്രവാസി സംരംഭകര്‍ പങ്കെടുക്കും. പ്രവാസി സംരംഭകര്‍ക്ക് പദ്ധതികള്‍ അവതരിപ്പിക്കാനുള്ള അവസരവും ലഭിക്കും. കണ്ണൂരിന്റെ വ്യവസായ സംരംഭകത്വ സാധ്യതാ പഠനം നടത്തി വിശദമായ റിപ്പോര്‍ട്ട് തയാറാക്കി സംഗമത്തില്‍ അവതരിപ്പിക്കും. ഇതുവഴി നിക്ഷേപകര്‍ക്ക് കൃത്യമായ ദിശാബോധം ലഭ്യമാക്കാനാകും.
നിക്ഷേപക സംഗമത്തിന്റെ പ്രചാരണ വീഡിയോ ലോഞ്ചിംഗ് ജോണ്‍ബ്രിട്ടാസ് എം.പി നിര്‍വഹിച്ചു.
ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരംസമിതി അധ്യക്ഷരായ യു.പി ശോഭ, കെ.കെ രത്‌നകുമാരി, ടി.സരള, അംഗങ്ങളായ ചന്ദ്രന്‍ കല്ലാട്ട്, കെ.വി ബിജു, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എ.എസ് ഷിറാസ്, വ്യവസായ കേന്ദ്രം മാനേജര്‍ രവീന്ദ്രകുമാര്‍, ടി.പി വിജയന്‍ എന്നിവര്‍ പങ്കെടുത്തു.