റോം- മുതിര്‍ന്ന മക്കളെ വീട്ടില്‍നിന്ന് പുറത്താക്കാൻ കോടതിയുടെ അനുമതി കരസ്ഥമാക്കി ഇറ്റാലിയൻ വയോധിക. മക്കൾ പുറത്തുപോയി സ്വതന്ത്രമായി ജീവിക്കണമെന്നും ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് 75-കാരി. ഇറ്റലിയിലെ പെവിയയില് കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചത്. 42ഉം 40 ഉം വയസ്സ് പ്രായമുള്ള ആണ്മക്കളോട് വീട്ടിൽനിന്ന് പുറത്തുപോകാൻ ആവശ്യപ്പെടണമെന്നാണ് വയോധിക ആവശ്യപ്പെട്ടിരുന്നത്.
ഉദ്യോഗമുള്ളതിനാല് ഇരുവരും സ്വന്തമായി വീടുണ്ടാക്കി പോകണമെന്ന് പലതവണ മക്കളോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് മാതാവ് കോടതിയിലെത്തിയതെന്ന് ഇറ്റലിയിലെ പ്രമുഖവാര്ത്താഏജന്സിയായ അന്‍സ (ANSA) യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വീട്ടുചെലവിനായി പണം നല്‍കാനോ വീട്ടുകാര്യങ്ങളില്‍ മാതാവിനെ സഹായിക്കാനോ മക്കള്‍ തയാറായിരുന്നില്ല. സ്വന്തമായി വീടുണ്ടാക്കി സ്വയം കാര്യങ്ങള്‍ നോക്കാന്‍ മക്കളെ പലതവണ ഉപദേശിക്കുകയും നിര്‍ബന്ധിക്കുകയും ചെയ്തു.
ഭര്‍ത്താവില്‍നിന്ന് വേര്‍പിരിഞ്ഞ് താമസിക്കുന്ന സ്ത്രീ തനിക്ക് കിട്ടുന്ന പെന്‍ഷന്‍പണം മുഴുവനായും വീട്ടില്‍ ഭക്ഷണത്തിനും മറ്റിനങ്ങള്ക്കായും ചെലവിടുന്നതായി ജഡ്ജി സിമോണ കാറ്റര്ബി ചൂണ്ടിക്കാട്ടി. മക്കൾക്ക് ഡിസംബര്‍ 18 വരെ കുടുംബവീട്ടില്‍ കഴിയാമെന്നും അതിനുശേഷം വീടൊഴിഞ്ഞുപോകണമെന്നും കോടതി ഉത്തരവിട്ടു.