നായയെ പീഡിപ്പിച്ച 28കാരന്‍ അയല്‍വാസി  കണ്ടതോടെ മുകളില്‍ നിന്ന് താഴേക്കെറിഞ്ഞു

ന്യൂദല്‍ഹി-പെണ്‍പട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും മൂന്നാമത്തെ നിലയില്‍ നിന്ന് താഴേക്ക് എറിയുകയും ചെയ്ത 28കാരനെ പോലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ ഗ്രേറ്റര്‍ നോയിഡയിലാണ് ഞെട്ടിക്കുന്ന സംഭവം. നായക്ക് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് സംഭവമെന്ന് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 
ആല്‍ഫ2 ഏരിയയില്‍ മൂന്നു നിലകളുള്ള തന്റെ വീട്ടിന്റെ ബാല്‍ക്കണിയില്‍ വെച്ച് യുവാവ് പെണ്‍ നായയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ശബ്ദം കേട്ട് എഴുന്നേറ്റ അയല്‍വാസി സംഭവം കണ്ടു. അയല്‍വാസിയുടെ ശബ്ദം കേട്ടതോടെ യുവാവ് പട്ടിയെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് എറിയുകയായിരുന്നു. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് ഉദ്യോഗസ്ഥനായ വിനോദ് കുമാര്‍ മിശ്ര അറിയിച്ചു.
പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഐപിസി 377 പ്രകാരവും മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരവും കേസെടുത്തതായി പോലീസ് അറിയിച്ചു. സ്വകാര്യ കെട്ടിട നിര്‍മാണ കമ്പനിയിലെ ജോലിക്കാരനാണ് പ്രതി. സംഭവ സമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് അറിയിച്ചു.

Latest News