സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക  സമര്‍പ്പിക്കാനെത്തിയത് കഴുതപ്പുറത്ത് 

ഇന്‍ഡോര്‍-മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴുതപ്പുറത്തേറി സ്ഥാനാര്‍ഥി. ബുര്‍ഹാന്‍പൂര്‍ നിയമസഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ പ്രിയങ്ക് സിംഗ് താക്കൂറാണ് കഴുതപ്പുറത്ത് കയറി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ തഹസില്‍ദാര്‍ ഓഫീസിലെത്തിയത്. രാഷ്ട്രീയക്കാര്‍ ജനങ്ങളെ കഴുതകളായി കാണുന്നതില്‍ പ്രതിഷേധിച്ചാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴുതപ്പുറത്ത് എത്തിയതെന്ന് ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ബുര്‍ഹാന്‍പൂരില്‍ രണ്ട് മൂന്ന് കുടുംബങ്ങളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും വികസനം ഇവരുടെ വീട്ടില്‍ മാത്രം നടക്കുമ്പോള്‍ ജനങ്ങള്‍ വിഡ്ഢികളാകുകയാണെന്നും ഇദ്ദേഹം ആരോപിച്ചു.
ബുര്‍ഹാന്‍പൂരില്‍ നിന്ന് മത്സരിക്കാനായി നേരത്തെ ബിജെപിയുടെ ടിക്കറ്റ് തേടിയിരുന്നു. എന്നാല്‍, ടിക്കറ്റ് നിഷേധിക്കപ്പെട്ടതോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കഴുതയെ ചിഹ്നമായി തേടിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷനില്‍നിന്ന് ലഭ്യമായില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ടിക്കറ്റ് നിഷേധിച്ചത് ബിജെപിയുടെ തെറ്റായ തീരുമാനമാണ്. തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം ബിജെപിക്ക് പിന്തുണ നല്‍കും. എന്റെ തെരഞ്ഞെടുപ്പ് പ്രചാരണ രീതി വ്യത്യസ്തമായിരിക്കും. എന്നാല്‍ ഈ രണ്ട്, മൂന്ന് കുടുംബങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ വോട്ടര്‍മാര്‍ ഇനി വിഡ്ഢികളായി തുടരില്ല എന്ന സന്ദേശം വ്യക്തമാകുമെന്നും താക്കൂര്‍ പറഞ്ഞു.വികസനം, ദാരിദ്ര്യം, ബിജെപിയിലെയും കോണ്‍ഗ്രസിലെയും മുതിര്‍ന്ന നേതാക്കളുടെ അഴിമതി എന്നിവയായിരിക്കും തന്റെ പ്രചാരണായുധയമെന്നും താക്കൂര്‍ പറഞ്ഞു.

Latest News