നീതിപീഠത്തില്‍ നിന്നും പാടത്തേക്ക്; പദവികള്‍ ഉപേക്ഷിച്ച് കൃഷിക്കാരനായി മാറിയ ജഡ്ജിയുടെ കഥ

ചെന്നൈ- രാജ്യത്തെ ഹൈക്കോടതികളില്‍ നിന്നും സുപ്രീം കോടതിയില്‍ നിന്നുമെല്ലാം വിരമിക്കുന്ന മുതിര്‍ന്ന ജഡ്ജിമാരെ കാത്തിരിക്കുന്നത് നിരവധി സര്‍ക്കാര്‍ പദവികളാണ്. പല കമ്മീഷനുകളുടേയും തലപ്പത്തും ഗവര്‍ണര്‍മാരായുമെല്ലാം വിവിധ സര്‍ക്കാരുകള്‍ വിരമിച്ച ജഡ്ജിമാരെ നിയമിച്ചു പോരുന്ന പതിവുണ്ട്. ഇവര്‍ക്ക് വിരമിച്ച ശേഷവും ഔദ്യോഗിക വസതികളും പാറാവുകാരും വാഹനവും എല്ലാ സൗകര്യങ്ങളും ഈ പദവികളിലൂടെ ലഭിച്ചു കൊണ്ടിരിക്കും. പലരും ഈ പദവികള്‍ ഏറ്റെടുക്കുമ്പോള്‍ ചിലര്‍ പൂര്‍ണമായും വിശ്രമ ജീവിതത്തിലേക്ക് തിരിയുന്നു. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വളരെ വേറിട്ട വഴി കണ്ടെത്തിയ ഒരു മുന്‍ ജഡ്ജിയുണ്ട് തമിഴ്‌നാട്ടില്‍. മദ്രാസ് ഹൈക്കോടതിയില്‍ നിന്നു വിരമിച്ച ജസ്റ്റിസ് എ. ശെല്‍വം. സത്യസന്ധത കാത്തുസൂക്ഷിക്കാന്‍ പൊതുജീവിതത്തിലെ ഓരോ നിമിഷങ്ങളിലും അതീവ ജാഗ്രത പുലര്‍ത്തിയ, ഹൈക്കോടതി ചീഫ് ജസ്റ്റിസ് പോലും ചേംബറില്‍ നിന്ന് ഇറങ്ങി വന്ന് വണങ്ങിയ മികവുറ്റ ജഡ്ജി ആയ ശെല്‍വം ഒരു പദവിയും വേണ്ടെന്നു വച്ച് കര്‍ഷകനായി മാറിയിരിക്കുകയാണ്. 

ഏപ്രിലില്‍ കാലാവധി പൂര്‍ത്തിയാക്കി ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ശെല്‍വം പിന്നീട് പ്രത്യക്ഷപ്പെടുന്നത് ഒരു വൈറല്‍ വീഡിയോയിലാണ്. ഈയിടെയാണ് ജസ്റ്റിസ് ശെല്‍വം ഒരു ടീഷര്‍ട്ടും ഷോര്‍ട്ട്‌സും ധരിച്ച് തലയില്‍ ഒരു തോര്‍ത്ത് ചുറ്റിക്കെട്ടി പാടത്ത് ട്രാക്ടര്‍ ഓടിക്കുന്ന വിഡിയോ വൈറലായത്. ഈ വിഡിയോ ആണ് ജസ്റ്റിസ് ശെല്‍വത്തിന്റെ റിട്ടയര്‍മെന്റ് ജീവിതകഥ പുറത്തു കൊണ്ടു വന്നത്. തന്റെ പാടം ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുതുമറിച്ച് കൃഷിയിറക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്ന മുന്‍ ജഡ്ജിയുടെ ദൃശ്യങ്ങളാണ് വൈറല്‍ വീഡിയോയില്‍ കണ്ടത്. പരമ്പരാഗത കര്‍ഷക കുടുംബത്തില്‍ നിന്നാണ് ജസ്റ്റിസ് ശെല്‍വം ഹൈക്കോടതിയിലെ നീതിപീഠം വരെ വളര്‍ന്നത്. വിരമിച്ച ശേഷം മറ്റു പദവികള്‍ക്കൊന്നും കാത്തിരിക്കാതെ പുതുക്കോട്ടൈ ജില്ലയിലെ പുലന്‍കുറിച്ചിയിലെ തന്റെ അഞ്ചേക്കര്‍ പാടത്തേക്ക് കൃഷിപ്പണിയുമായി ഇറങ്ങുകയായിരുന്നു ഈ മുന്‍ ജഡ്ജി.

കൃഷിപ്പണി പഠിച്ചു വരുന്നത് തനിക്ക് വല്ലാത്ത ആനന്ദം നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. പാടം ഉഴുതു മറിക്കുന്നതും ട്രാക്ടര്‍ ഓടിക്കുന്നതുമെല്ലാം എല്ലാ ഇപ്പോള്‍ സ്വയം ചെയ്യുന്നു. കൃഷിപ്പണി ശരിക്കു പഠിച്ചു. ഒരു കര്‍ഷക കുടുംബത്തില്‍ നിന്ന് വരുന്നയാളായത് കൊണ്ടാണ് താന്‍ കൃഷിയിലേക്ക് ഇറങ്ങിയതെന്ന് ജസ്റ്റിസ് ശെല്‍വം ദി ഹിന്ദുവിനോട് പറഞ്ഞു. എന്റെ അച്ഛന്‍ ഒരു കര്‍ഷകനായിരുന്നു. കോളെജില്‍ പോകുന്ന കാലത്ത് പാന്റ്‌സും ചെരിപ്പും വാങ്ങാന്‍ പോലും കഴിവുണ്ടായിരുന്നില്ല. മുണ്ടുടുത്താണ് കോളെജില്‍ പോയിരുന്നത്. ലോ കോളെജില്‍ എത്തിയ ശേഷമാണ് ചെരിപ്പും പാന്റ്‌സുമെല്ലാം ധരിച്ചു തുടങ്ങിയത്-അദ്ദേഹം പറയുന്നു.

1981ലാണ് ശെല്‍വം അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1986ല്‍ ജില്ലാ മുന്‍സിഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായി തെരഞ്ഞെടുക്കപ്പെട്ടു. 1989ല്‍ സബ് ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു. 1997ല്‍ ജില്ലാ ജഡ്ജിയായി വരെ ഉയര്‍ന്നു. 2006ല്‍ മദ്രാസ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായി. 2009ല്‍ ഹൈക്കോടതി ജഡ്ജിയായി പോസ്റ്റ് ചെയ്യപ്പെട്ടു. മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചിന്റെ ഭരണചുമതല വഹിക്കുന്നതിടെ ശ്രദ്ധേയമായ പലനടപടികളും കൈക്കൊണ്ടു. നീതിപീഠത്തില്‍ നിന്ന് കൃഷിപ്പാടത്തേക്ക് ഇറങ്ങി വന്ന് ഏവരേയും അമ്പരിപ്പിച്ച പോലെ ഹൈക്കോടതിയിലെ അദ്ദേഹത്തിന്റെ അവസാന ദിവസവും വേറിട്ട ഒന്നായിരുന്നു. വിരമിക്കുന്ന ജഡ്ജിമാര്‍ക്ക് യാത്രയയപ്പും അത്താഴവിരുന്നും നല്‍കുന്ന ഹൈക്കോടതിയിലെ പതിവ് ജസ്റ്റിസ് ശെല്‍വം തനിക്കു വേണ്ടെന്നു പ്രഖ്യാപിച്ചു. അവസാന ദിവസം കോടതിയിലെത്തിയ ഉടന്‍ തന്നെ തന്റെ ഔദ്യോഗിക കാറിന്റെ ചാവി കോടതി രജിസ്ട്രാറെ തിരിച്ചേല്‍പ്പിച്ചു. തിരിച്ചു സ്വന്തം കാറിലാണ് വീട്ടിലേക്കു മടങ്ങിയത്. 31 വര്‍ഷം നീണ്ട തന്റെ കരിയറില്‍ ഏറെ പ്രശംസപിടിച്ചുപറ്റിയ അദ്ദേഹത്തിന്റെ സത്യസന്ധതയെ മാനിച്ച് ചീഫ് ജസ്റ്റിസായിരുന്നു ഇന്ദിര ബാനര്‍ജി പ്രോട്ടോകോള്‍ ലംഘിച്ച് ജസ്റ്റിസ് ശെല്‍വത്തിന്റെ ചേംബറിലെത്ത് അദ്ദേഹത്തിനു യാത്രാമംഗങ്ങള്‍ കൈമാറി. മറ്റു ഹൈക്കോടതി ജഡ്ജിമാരും ചീഫ് ജസ്റ്റിസിനു പിന്നാലെ എത്തി.

ജസ്റ്റിസ് ശെല്‍വത്തിന്റെ സത്യസന്ധതയെ കുറിച്ച് ഹൈക്കോടതിയില്‍ പല കഥകളുമുണ്ട്. സര്‍ക്കാര്‍ ചെലവില്‍ ഇന്നേ വരെ അദ്ദേഹം ഒരു കപ്പ് ചായ പോലും കുടിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ ഒരംഗം പറയുന്നു. സ്വന്തം പോക്കറ്റില്‍ നിന്നും പണമെടുത്താണ് ചായ വാങ്ങുന്നത്. കോടതിയിലെ തന്റെ ചേംബറിലും വീട്ടിലും ജസ്റ്റിസ് ശെല്‍വം എ.സി ഉപയോഗിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. കോടതിയിലെ അവസാന ദിവസത്തിനു ശേഷം ഔദ്യോഗിക വസതിയും ഒഴിഞ്ഞ് അദ്ദേഹം തൊട്ടടുത്ത ദിവസം രാവിലെ തന്നെ തന്റെ നാടായ പുതുക്കോട്ടൈയിലെക്കു തിരിച്ചു. ഇപ്പോള്‍ അദ്ദേഹം സന്തുഷ്ടനായ ഒരു കര്‍ഷകനാണ്. ഒരു പുസ്തകത്തിലും കാണാത്ത പ്രകൃതിയുടെ നിയമത്തില്‍ വ്യാപൃതനായിരിക്കുകയാണ് ഞാനിപ്പോള്‍. ഈ ജോലി എനിക്കേറെ പ്രിയപ്പെട്ടതാണ്-ജസ്റ്റിസ് ശെല്‍വം പറയുന്നു.

A. Selvam, Judge, Madurai Bench of Madras High Court, accepting salute given by CISF personnel during Republic Day celebrations in Madurai on Thursday.


 

Latest News