വിവാഹം കഴിക്കാൻ ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് യുവതി അറസ്റ്റിൽ, കാമുകൻ ഒളിവിൽ

അഗര്‍ത്തല- കാമുകനെ വിവാഹം കഴിക്കാന്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ ബംഗ്ലാദേശി യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ ത്രിപുര ജില്ലയിലെ ധര്‍മനഗറില്‍ അനധികൃതമായി പ്രവേശിച്ചതിനാണ് യുവതിയെ അറസ്റ്റ് ചെയ്തതെന്ന്   പോലീസ് അറിയിച്ചു. 34 കാരനായ നൂർ ജലാലിനെ വിവാഹം കഴിക്കാനാണ് യുവതി ത്രിപുരയിലെത്തിയതെന്ന് പോലീസ് പറഞ്ഞു.

ധര്‍മ്മനഗര്‍ സബ്ഡിവിഷനിലെ ഫുല്‍ബാരിയില്‍ താമസിക്കുന്ന 34 കാരനായ നൂര്‍ ജലാല്‍ ബംഗ്ലാദേശിലെ മൗലവി ബസാര്‍ പതിവായി സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്ന് പറയുന്നു. ഇവിടെ വെച്ചാണ് വിവാഹിതനായ ഇയാള്‍ 24 വയസുള്ള വിവാഹിതയായ യുവതിയുമായി പരിചയത്തിലായത്. ഇത് പിന്നീട് പ്രണയത്തിലെത്തി.  ഇയാളെ വിവാഹം കഴിക്കാനാണ്  അതിര്‍ത്തി കടന്ന് എത്തിയതെന്ന് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.  ഇരുവരും ഫുല്‍ബാരിയില്‍ താമസിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചു. അറസ്റ്റ് ചെയ്ത യുവതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.  നൂര്‍ ജലാല്‍ ഒളിവിലാണെന്നും അന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു.

Latest News