Sorry, you need to enable JavaScript to visit this website.

സിറിയയില്‍ ഇറാന്‍ ബന്ധമുള്ള രണ്ട് കേന്ദ്രങ്ങളില്‍ യു. എസ് ആക്രമണം

വിര്‍ജീനിയ- അമേരിക്കന്‍ സൈനികര്‍ക്കെതിരായ ആക്രമണം നടത്തിയെന്ന് ആരോപിച്ച് സിറിയയില്‍ ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ യു. എസ് ആക്രമണം നടത്തിയതായി പെന്റഗണ്‍ അറിയിച്ചു. ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സുമായും അനുബന്ധ ഗ്രൂപ്പുകളുമായും ബന്ധപ്പെട്ട കിഴക്കന്‍ സിറിയയിലെ രണ്ട് കേന്ദ്രങ്ങളിലാണ് യു. എസ് സൈനികര്‍ വ്യോമാക്രമണം നടത്തിയത്.

ഒക്ടോബര്‍ 17 മുതല്‍ നടന്ന ആക്രമണ പരമ്പരകളുടെ പ്രതികരണമാണ് യു. എസിന്റെ ആക്രമണമെന്ന് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് 21 യു. എസ് സൈനികര്‍ക്ക് ചെറിയ പരിക്കുകളുണ്ടായെന്നും  ഒരു സംഭവത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരു അമേരിക്കന്‍ കരാറുകാരന്‍ മരിച്ചതായും അദ്ദേഹം അറിയിച്ചു.

യു. എസ് സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നും കൂടുതല്‍ ശത്രുതയില്‍ ഏര്‍പ്പെടാന്‍ ഉദ്ദേശ്യമോ ആഗ്രഹമോ ഇല്ലെന്നും എന്നാല്‍ യു. എസ് സേനയ്‌ക്കെതിരായ ഇറാന്റെ പിന്തുണയോടെയുള്ള ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ഓസ്റ്റിന്‍ പറഞ്ഞു. ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

യു. എസ് സേനയ്‌ക്കെതിരായ ഇറാന്റെ നിഴല്‍ യുദ്ധം തുടരുകയാണെങ്കില്‍ തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കുന്നതിന് ആവശ്യമായ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

2,500 ഓളം സൈനികരുടെ സേനയെ അമേരിക്ക നിലനിര്‍ത്തുന്ന ഇറാഖിലും 900ഓളം യു. എസ് ഉദ്യോഗസ്ഥര്‍ ഉള്ള സിറിയയിലും ഇറാനുമായി ബന്ധമുള്ള കേന്ദ്രങ്ങളില്‍ നിന്ന് നിരവധി വര്‍ഷങ്ങളായി അമേരിക്ക ആക്രമണം നേരിടുന്നുണ്ടെന്നും പെന്റഗണ്‍ പറയുന്നു. ഇറാനെതിരായ മുന്‍ ആക്രമണങ്ങള്‍ക്ക് ബൈഡന്‍ ഭരണകൂടം അംഗീകാരം നല്‍കിയിട്ടുണ്ട്.

Latest News