റിയാദ് - റിയാദിൽ നടന്ന മൂന്നു ദിവസം നീണ്ട ഏഴാമത് ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് സമ്മേളനത്തിനിടെ വ്യത്യസ്ത മേഖലകളിൽ 1,790 കോടി ഡോളറിന്റെ കരാറുകൾ ഒപ്പുവെച്ചു. 90 ലേറെ രാജ്യങ്ങളിൽ നിന്നുള്ള ആറായിരത്തിലേറെ പേർ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. സൗദി അറേബ്യക്കകത്തു നിന്നും വിദേശത്തു നിന്നുമുള്ള 500 പേർ സമ്മേളനത്തിൽ പ്രസംഗിച്ചു.
പിരെല്ലി ടയർ കമ്പനിയും സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും തമ്മിലുള്ള പങ്കാളിത്തത്തിലൂടെ സൗദിയിൽ ടയർ ഫാക്ടറി സ്ഥാപിക്കാനുള്ള കരാർ, അസർബൈജാനിൽ 240 മെഗാവാട്ട് ശേഷിയിൽ കാറ്റാടി വൈദ്യുതി പദ്ധതി നടപ്പാക്കുന്നതിന് പണം നൽകുന്നതിന് അക്വാപവർ കമ്പനിയും യൂറോപ്യൻ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആന്റ് ഡെവല്പമെന്റും ഒപെക് ഫണ്ട് ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റും തമ്മിൽ ഒപ്പുവെച്ച കരാർ, സൗദിയിൽ സാറ്റലൈറ്റ് നിർമാണ കേന്ദ്രം സ്ഥാപിക്കാൻ ചൈനയിലെ എ സ്‌പേസ് കമ്പനിയുമായി ഒപ്പുവെച്ച കരാർ എന്നിവ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിനിടെ ഒപ്പുവെച്ച കരാറുകളിൽ പ്രധാനമാണ്.
നിക്ഷേപം, സാങ്കേതികവിദ്യ, എയ്‌റോസ്‌പേസ്, ബയോടെക്‌നോളജി, സൈബർ സെക്യൂരിറ്റി, റോബോട്ടിക്‌സ്, വെഞ്ച്വർ ക്യാപിറ്റൽ, സ്റ്റാർട്ടപ്പുകൾ എന്നീ മേഖലകളിലെ പുതിയ സംഭവവികാസങ്ങളിലേക്ക് സമ്മേളനം വെളിച്ചംവീശി. ആർട്ടിഫിഷ്യൻ ഇന്റലിജൻസിൽ നിന്നുള്ള സമൂഹങ്ങളുടെ നേട്ടങ്ങൾ വർധിപ്പിക്കാനുള്ള സംവിധാനങ്ങൾ വികസിപ്പിക്കുന്ന ആഗോള നിയന്ത്രണ സ്ഥാപനങ്ങളും നിയമനിർമാതാക്കളും ബന്ധപ്പെട്ട വകുപ്പുകളും നടത്തുന്ന ശ്രമങ്ങളും സമ്മേളനം വിശകലനം ചെയ്തു. അടുത്ത ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് സമ്മേളനം 2024 ഡിസംബറിൽ നടക്കും. ഇതിനു പുറമെ അടുത്ത ഡിസംബർ 7, 8 തീയതികളിൽ ഹോങ്കോംഗിൽ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് പ്രയോരിറ്റി സമ്മേളനവും നടക്കും.






