Sorry, you need to enable JavaScript to visit this website.

ഷവര്‍മ: കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം  കഴിച്ച ആറുപേര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍

കൊച്ചി- കൊച്ചിയില്‍ ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന് പരാതി ഉയര്‍ന്ന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ആറുപേര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍. കൊച്ചിയിലെ ലെ ഹയാത്ത് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ആരോഗ്യ പ്രശ്നങ്ങളുള്ളത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഹോട്ടലില്‍ നിന്ന് ഷവര്‍മ, അല്‍ഫാം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ ഉള്ളത്. സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ഇവരില്‍ നിന്ന് പ്രാഥമിക വിവരശേഖരണം നടത്തി. കാക്കനാട് പ്രദേശത്തുള്ള ഈ ആറ് പേരുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് അധികൃതര്‍ പറയുന്നു.
ഷവര്‍മ കഴിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രാഹുല്‍ മരണപ്പെടുന്നത്. 24 വയസ് മാത്രമുള്ള രാഹുല്‍ എന്ന യുവാവിനെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. രാഹുലിനെ ശനിയാഴ്ച ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ ഹൃദയാഘാതം ഉണ്ടായെന്നായിരുന്നു മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. അന്നുമുതല്‍ വെന്റിലേറ്ററിലായിരുന്നു രാഹുല്‍. ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് രാഹുലിനെ ചികില്‍സിച്ചതെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
കോട്ടയം സ്വദേശിയായ രാഹുല്‍ ഡി നായരെന്ന 24 കാരന്‍ കാക്കനാട് സെസ്സിലെ ജീവനക്കാരനാണ്. ഇതിനടുത്തായി വാടകക്ക് താമസിക്കുന്ന രാഹുല്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഷവര്‍മ പാഴ്സലായി വാങ്ങി കഴിച്ചത്. കാക്കനാട് ലെ ഹയാത്ത് എന്ന ഹോട്ടലില്‍ നിന്നാണ് ഷവര്‍മ പാഴ്സലായി വാങ്ങിയത്. ഇത് കഴിച്ചതിനു പിന്നാലെ രാഹുലിന്റെ ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു. ഷവര്‍മയില്‍ നിന്നുള്ള ഭക്ഷ്യ വിഷബാധയേറ്റതാണെന്നാണ് കുടുംബത്തിന്റെ പരാതി. ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങിയ രാഹുല്‍   ശനിയാഴ്ച ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. കാക്കനാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് യുവാവ് മരണത്തിന് കീഴടങ്ങിയത്.

Latest News