ജക്കാര്‍ത്ത- ഇന്തൊനീഷ്യയിലെ വടക്കന്‍ തീരമേഖലയിലെ ലോംബോക് ദ്വീപിലുണ്ടായ ശക്തിയേറിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 91 ആയി. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഭൂകമ്പമാപിനിയില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി. സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അധികൃതര്‍ പിന്നീട് ഇതു പിന്‍വലിച്ചു. ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. വിനോദ സഞ്ചാര കേന്ദ്രത്തിലുണ്ടായ ഭൂകമ്പത്തിന്റെ തുടര്‍ ചലനങ്ങള്‍ ഏറെ സമയം നീണ്ടു നിന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്.
ഇന്ത്യന്‍ സമയം ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് ദുരന്തം. വിനോദ സഞ്ചാരികളും നാട്ടുകാരും ഹോട്ടലുകളില്‍ നിന്നും വീടുകളില്‍ നിന്നും ഇറങ്ങി തെരുവിലേക്കോടി. ശക്തമായ തുടര്‍ച്ചലനങ്ങളുണ്ടായതിനെ തുടര്‍ന്ന് ജനങ്ങള്‍ തെരുവുകൡലാണ് രാത്രി കഴിച്ചുകൂട്ടിയത്. ലോംബോക്കില്‍ മിക്കയിടങ്ങളിലും വൈദ്യുതി വിതരണം താറുമാറായിരിക്കുകയാണ്. ദുരന്തം ഏറെ നാശം വിതച്ച മാതാരാം പോലുള്ള നഗരങ്ങളില്‍ തകര്‍ന്നടിഞ്ഞ ആശുപത്രികള്‍ക്കു പുറത്താണ് പരിക്കേറ്റ നൂറുകണക്കിനാളുകളെ ചികിത്സിക്കുന്നത്.

ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമായ ലോംബോക്കില്‍ ഭൗമോപരിതലത്തില്‍ നിന്ന് 15 കിലോമീറ്റര്‍ ആഴത്തിലാണ് ശക്തിയേറിയ ഭൂചലനം ഉണ്ടായത്. വിനോദ സഞ്ചാര കേന്ദ്രമായ ബാലി ദ്വീപിലും പ്രകമ്പനമുണ്ടായി. ഒരാഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണ് ലോംബോക്കില്‍ ഭൂകമ്പം ഉണ്ടാകുന്നത്. ജൂലൈ 29നുണ്ടായ ഭൂകമ്പത്തില്‍ 17 പേര്‍ മരിച്ചിച്ചിരുന്നു.







