മോസ്‌കോ- ഹമാസിന്റെ കൈയിലുള്ള റഷ്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെയുള്ള വിദേശ ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഹമാസിന്റെ പ്രതിനിധി സംഘം വ്യാഴാഴ്ച മോസ്‌കോ സന്ദര്‍ശിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മുതിര്‍ന്ന ഹമാസ് അംഗം അബു മര്‍സൂഖ് ചര്‍ച്ചയില്‍ പങ്കെടുത്തതായി ടാസ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായില്‍, ഇറാന്‍, ഫലസ്തീന്‍ അതോറിറ്റി, ഗാസയെ നിയന്ത്രിക്കുന്ന ഹമാസ് എന്നിവയുള്‍പ്പെടെ പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിലെ എല്ലാ ഘടകങ്ങളുമായും മികച്ച ബന്ധമുള്ള രാജ്യമാണ് റഷ്യ.
യു.എസ് നയതന്ത്രത്തിന്റെ പരാജയമാണ് നിലവിലെ പ്രതിസന്ധിയെന്ന് മോസ്‌കോ ആവര്‍ത്തിച്ച് കുറ്റപ്പെടുത്തുന്നു. ഇസ്രായിലും ഹമാസും തമ്മില്‍ വെടിനിര്‍ത്തണമെന്നും സമാധാന പരിഹാരം കണ്ടെത്തുന്നതിന് ചര്‍ച്ചകള്‍ പുനരാരംഭിക്കുകയും ചെയ്യണമെന്നും റഷ്യ ആവശ്യപ്പെട്ടു. 'പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയോടെയുള്ള ഇസ്രായിലിന്റെ കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനും വിദേശകാര്യ മന്ത്രാലയവും നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് ഹമാസ് പ്രസ്താവന പുറത്തിറക്കി.