വാളയാര്‍ കേസ് പ്രതിയുടെ ആത്മഹത്യക്ക് പിന്നില്‍ മോഷണ ആരോപണമെന്ന് പോലീസ്, ഒരാള്‍ പിടിയില്‍

കൊച്ചി- വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ ആത്മഹത്യയില്‍ ഒരാള്‍ പിടിയില്‍. കരാര്‍ കമ്പനിയിലെ സൂപ്പര്‍വൈസറായ പെരുമ്പാവൂര്‍ സ്വദേശി നിയാസാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയത്.

കേസിലെ നാലാം പ്രതിയായ പാലക്കാട് പാമ്പാംപള്ളം അട്ടപ്പള്ളം വീട്ടില്‍ കുട്ടി മധു എന്നു വിളിക്കുന്ന മധു മണികണ്ഠനെ (29) കഴിഞ്ഞ ദിവസമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കേസില്‍ ബിനാനിപുരം പോലീസാണ് നിയാസിനെ അറസ്റ്റ് ചെയ്തത്. കമ്പനിയില്‍നിന്ന് ചെമ്പ് തകിട് മോഷണം പോയ സംഭവത്തില്‍ മധുവിനെ നിയാസ് തടഞ്ഞുവച്ചിരുന്നുവെന്നും ഇതിലുള്ള മാനസിക സമ്മര്‍ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍.

എടയാറില്‍ പ്രവര്‍ത്തനം നിലച്ച ബിനാനി സിങ്ക് കമ്പനിയിലെ സ്‌ക്രാപ്പ് നീക്കുന്ന സ്ഥാപനത്തിലെ ജീവനക്കാര്‍ താമസിക്കുന്ന മുറിയിലാണ് മധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നര വര്‍ഷമായി മധു ഇവിടെ ജോലി ചെയ്യുകയായിരുന്നു.

 

Latest News