Sorry, you need to enable JavaScript to visit this website.

മാസപ്പടിയും കുഴൽനാടന്റെ മാപ്പും

ചെറിയൊരു ഇടവേളക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയനെയും മകൾ വീണ വിജയനെയും സംശയത്തിന്റെ മുൾമുനയിൽ നിർത്തിയ മാസപ്പടി വിവാദം വീണ്ടും ചൂടുപിടിച്ചിരിക്കുന്നു. കൊച്ചിയിലെ കരിമണൽ കമ്പനി സി.എം.ആർ.എല്ലിൽനിന്ന് വീണ വിജയനും അവരുടെ ഐ.ടി സ്ഥാപനമായ എക്‌സാലോജിക്കിനും ഏത് കാര്യത്തിനെന്ന് വ്യക്തമല്ലാതെ  മാസപ്പടിയെന്നോണം ലഭിച്ച 1.72 കോടി രൂപക്ക് ഐ.ജി.എസ്.ടി അടച്ചുവെന്ന് വെളിപ്പെടുത്തി കേരള ധനവകുപ്പ് ഒറ്റവരി പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നു. സി.എം.ആർ.എല്ലിൽനിന്ന് ലഭിച്ച പണത്തിന് വീണ വിജയനോ, എക്‌സാലോജിക്കോ ഐ.ജി.എസ്.ടി അടച്ചിട്ടുണ്ടോ എന്ന് രണ്ടു മാസം മുമ്പ് മാത്യു കുഴൽനാടൻ എം.എൽ.എ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടി ആയാണ് ഈ ഒറ്റവരി പ്രസ്താവന. ഇതിന് പിന്നാലെ മാത്യു കുഴൽനാടൻ മാപ്പ് പറയണമെന്ന ആവശ്യം എ.കെ. ബാലനെ പോലുള്ള സി.പി.എം നേതാക്കളും സോഷ്യൽ മീഡിയയിലെ ഇടതു പ്രൊഫൈലുകളും വ്യാപകമായി ഉന്നയിക്കുന്നു. ചില മാധ്യമ പ്രവർത്തകരും അക്കൂട്ടത്തിലുണ്ട്. എന്നാൽ മാപ്പ് പറയുന്ന പ്രശ്‌നമില്ലെന്നും സംസ്ഥാന ധനവകുപ്പും ധനമന്ത്രിയും മുഖ്യമന്ത്രിയും കുടുംബവും നടത്തുന്ന കൊള്ളക്ക് കൂട്ടുനിൽക്കുകയാണെന്നും പറഞ്ഞ് പോരാട്ടം കടുപ്പിക്കുകയാണ് കുഴൽനാടൻ.
വീണ വിജയൻ ഐ.ജി.എസ്.ടി അടച്ചു എന്നൊരു ഒഴുക്കൻ പ്രസ്താവന ഇറക്കിയതല്ലാതെ അതുസംബന്ധിച്ച രേഖകളോ വിശദാംശങ്ങളോ ധനവകുപ്പ് പുറത്തുവിട്ടിട്ടില്ല. ചില ചാനലുകൾ വീണ വിജയൻ ഐ.ജി.എസ്.ടി അടച്ചതിന്റേതെന്ന് പറഞ്ഞ് രേഖകൾ പുറത്തുവിട്ടെങ്കിലും അതിലും കാര്യങ്ങൾ വ്യക്തമല്ല. ചാനലുകൾ പുറത്തുവിട്ട രേഖകൾ ആധികാരികമാണെന്ന് ധനവകുപ്പ് പറയുന്നുമില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് മാത്യു കുഴൽനാടന്റെ പ്രതിരോധം. 2018 ജനുവരിയിൽ മാത്രം ജി.എസ്.ടി രജിസ്‌ട്രേഷൻ ലഭിച്ച വീണ വിജയൻ 2017 ൽ നടന്ന ഇടപാടിന് എങ്ങനെ ഐ.ജി.എസ്.ടി അടച്ചുവെന്ന ന്യായമായ ചോദ്യമാണ് അദ്ദേഹം ഉന്നയിക്കുന്നത്. മാത്രമല്ല, വീണ വിജയന്റെ വേറെയും ദുരൂഹ ഇടപാടുകൾ ഇപ്പോൾ പുറത്ത് വന്നതിലും കൂടുതൽ തുക ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം ആരോപിക്കുന്നു. നികുതി ക്രമക്കേട് നടത്തിയതിന് അന്വേഷണം നേരിടുകയായിരുന്ന സാന്റ മോണിക്ക കമ്പനിയിൽനിന്ന് ഒരു കോടി രൂപ വീണ വിജയന്റെ കമ്പനിയിലേക്ക് എത്തിയിട്ടുണ്ടെന്നും ഈ പണം എത്തിയതിന് പിന്നാലെ കമ്പനിക്കെതിരായ അന്വേഷണം നിലച്ചുവെന്നുമാണ് കുഴൽനാടൻ ആരോപിക്കുന്നത്.
വിവാദം കൊഴുക്കുമ്പോഴും ഈ വിഷയത്തിലെ അടിസ്ഥാന പ്രശ്‌നമായ അഴിമതിയും കൈക്കൂലിയും ചർച്ചയാവാതിരിക്കാനുള്ള ബോധപൂർവ നീക്കങ്ങളും നടക്കുന്നുണ്ട്. ചില മാധ്യമങ്ങളുടെയും മാധ്യമ പ്രവർത്തകരുടെയും ബഹളംവെക്കൽ കണ്ടാൽ അഴിമതിയും കൈക്കൂലിയും മറച്ചുവെക്കാൻ ക്വട്ടേഷൻ എടുത്ത പോലെ തോന്നും. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മുമ്പൊരിക്കൽ ആക്ഷേപിച്ചപോലെ മാധ്യമ സിണ്ടിക്കേറ്റ് എന്ന പോലെയാണ് ഇവരുടെ പ്രവർത്തനം. വീണ വിജയൻ ഐ.ജി.എസ്.ടി അടച്ചിട്ടുണ്ടെന്ന് തെളിയിച്ചാൽ മാപ്പ് പറയാമെന്ന് പറഞ്ഞിരുന്ന കുഴൽനാടൻ, ധനവകുപ്പിന്റെ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ ഇപ്പോൾ മാപ്പ് പറയണമെന്നാണ് അവരുടെ ആവശ്യം. ഈ അഴിമതി വിഷയത്തിൽ കുഴൽനാടൻ മാത്രം അന്വേഷി ആകുന്നതെന്തിനാണെന്നാണ് ഒരാളുടെ ചോദ്യം. ഇടപാടുകൾ നടന്നതെല്ലാം ബാങ്ക് അക്കൗണ്ടുകൾ വഴി. അതിന് നികുതിയും അടച്ചിട്ടുണ്ട്. അപ്പോൾ ഇതിൽ അഴിമതിയില്ല എന്നതാണ് വാദം. അഴിമതി പണമായാലും കൊള്ളപ്പണമായാലും നികുതി അടച്ചാൽ എല്ലാം ക്ലീൻ ആയി എന്ന് തോന്നും ഇതൊക്കെ കേട്ടാൽ. ഉത്തരേന്ത്യയയിലെ മോഡിഭക്ത മാധ്യമങ്ങളെ ഗോഡി മീഡിയ എന്ന് പരിഹസിക്കാറുണ്ട്. സമാന പ്രവർത്തനം കേരളത്തിൽ നടത്തുന്ന മാധ്യമങ്ങളെ എന്തു വിളിക്കണമെന്നറിയില്ല.
പരിസ്ഥിതി ചൂഷണമടക്കം ആരോപണങ്ങൾ നേരിടുന്ന സി.എം.ആർ.എൽ കമ്പനി എന്തിന് മുഖ്യമന്ത്രിയുടെ മകൾക്കും അവരുടെ കമ്പനിക്കും മാസപ്പടി പോലെ ഓരോ മാസവും എട്ട് ലക്ഷം രൂപ വീതം കൊടുക്കണമെന്നതാണ് പ്രസക്തമായ ചോദ്യം. 2017 നും 2020മിടയിൽ 1.72 കോടി രൂപ ഇത്തരത്തിൽ വീണയും എക്‌സാലോജിക്കും കൈപ്പറ്റിയെന്നത് വെറുമൊരു ആരോപണമല്ല, കേന്ദ്ര ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലാണ്. വീണയുടെ ഐ.ടി കമ്പനി നൽകിയ സേവനങ്ങൾക്ക് കരാർ പ്രകാരമുള്ള പ്രതിഫലമായാണ് ഈ പണമെന്ന് വാദമുണ്ടായെങ്കിലും അങ്ങനെയൊരു സേവനവും ലഭിച്ചിട്ടില്ലെന്ന് സി.എം.ആർ.എല്ലിലെ ഉയർന്ന ഉദ്യോഗസ്ഥർ തന്നെ ആദായ നികുതി വകുപ്പിന് മൊഴി നൽകി. വീണയുടെ കമ്പനി വികസിപ്പിക്കുകയോ വിൽക്കുകയോ ചെയ്യാത്ത മൈക്രോസോഫ്റ്റ് എക്‌സൽ, ടാലി തുടങ്ങിയ സോഫ്റ്റ്‌വെയറുകളുടെ മെയിന്റനൻസിനാണ് ഈ 1.72 കോടി നൽകിയതെന്ന ആനമണ്ടൻ വാദങ്ങളും ഇതിനിടെ സി.പി.എം നേതാക്കൾ ഉന്നയിച്ചു. ഇത്ര 'മികച്ച സേവനം' നൽകുന്ന കമ്പനി ഇതിനിടെ പൂട്ടിപ്പോയി എന്നതാണ് കൂടുതൽ രസകരം.
ഭരണത്തിലെ ഉന്നതനുമായി വീണക്കുള്ള അടുത്ത ബന്ധം കണക്കിലെടുത്താണ് പണം നൽകിയതെന്ന് സി.എം.ആർ.എൽ ഉദ്യോഗസ്ഥർ ആദായ നികുതി വകുപ്പിന് മൊഴി നൽകിയിട്ടുണ്ട്. അപ്പോൾ സംഗതി വ്യക്തമാണ്. സി.എം.ആർ.എൽ കമ്പനി വീണ വിജയനും എക്‌സാലോജിക്കിനും നൽകിയ പണം ഐ.ടി സേവനങ്ങൾക്കല്ല. മുഖ്യമന്ത്രിയിൽനിന്ന് ദുരൂഹമായ മറ്റെന്തോ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള കൈക്കൂലിയാണ്. ഇത് വ്യക്തമായ അഴിമതിയാണ്. എന്നാൽ ഇതേകുറിച്ച് ഒരന്വേഷണവും കേന്ദ്ര ഏജൻസികളോ, സംസ്ഥാന ഏജൻസികളോ ഇതുവരെ നടത്തിയിട്ടില്ല. എന്തുകൊണ്ടാണ് അന്വേഷിക്കാത്തതെന്നതും ദുരൂഹം. ശരിയായ അന്വേഷണം നടന്നാൽ മുഖ്യമന്ത്രിയും മകളുമെല്ലാം പ്രതിക്കൂട്ടിലാവുന്ന ഇടപാടാണിത്. 
ഇത്രയൊക്കെയായിട്ടും ഈ വിവാദത്തിലെ നായികയായ വീണ വിജയൻ തന്റെ ഭാഗം ന്യായീകരിക്കാൻ രംഗത്ത് വന്നിട്ടില്ല എന്നതും സംശയത്തിന് ഇടനൽകുന്നു. മുഖ്യമന്ത്രിയോട് പത്രസമ്മേളനത്തിൽ ഈ ഇടപാടിനെ കുറിച്ച് ചോദ്യമുണ്ടായപ്പോൾ സി.എം.ആർ.എൽ കമ്പനി നൽകിയ സ്റ്റേറ്റ്‌മെന്റിൽ പറയുന്ന പി.വി താനല്ല എന്നൊരു വിചിത്ര മറുപടിയാണ് പറഞ്ഞത്. പിന്നെ പതിവുപോലെ കേന്ദ്ര ഏജൻസികളുടെ ഗൂഢാലോചനയും ആരോപിച്ചു. 
അഴിമതിയും കൈക്കൂലിയും പകൽപോലെ വ്യക്തമാക്കുന്ന തെളിവുകൾ തങ്ങളുടെ പക്കൽ ലഭിച്ചിട്ടും അതിന്മേൽ അന്വേഷണം നടത്താതെ ആദായ നികുതി വകുപ്പും കേന്ദ്ര ഏജൻസികളും ഒളിച്ചുകളിക്കുകയാണ്. എന്തൊക്കെയോ അന്തർധാരകൾ ഉണ്ടെന്ന സംശയം ബലപ്പെടുകയാണിവിടെ. ഇതിന്റെ ഒരംശം തെളിവില്ലാത്ത കേസിലാണ് ദൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കേന്ദ്ര ഏജൻസികൾ പിടിച്ച് തിഹാർ ജയിലിൽ ഇട്ടതെന്നോർക്കണം. 
സി.എം.ആർ.എൽ കമ്പനി ഉടമയായ കർത്താ എൽ.ഡി.എഫിന് മാത്രമല്ല, യു.ഡി.എഫ്, ബി.ജെ.പി നേതാക്കൾക്കും ഒരുപോലെ വേണ്ടപ്പെട്ടവനായതിനാൽ ഈ വിഷയത്തിൽ കേരളത്തിലെ പ്രതിപക്ഷം അത്ര ശക്തമായി രംഗത്ത് വരില്ല. ഈ സാഹചര്യത്തിലാണ് മാത്യു കുഴൽനാടന്റെ ഒറ്റയാൾ പോരാട്ടം ഈ അഴിമതിയെ സജീവ ചർച്ചയായി നിലനിർത്തുന്നത്. അപ്പോൾ എങ്ങനെയെങ്കിലും അദ്ദേഹത്തിന്റെ വായ മൂടിക്കെട്ടിയും മാപ്പ് പറയിച്ചും അഴിമതിയെ തമസ്‌കരിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനും വേണ്ടി ധനവകുപ്പും സർക്കാരും സി.പി.എമ്മും കൂട്ടായി ശ്രമിക്കുന്നത്. അതിലേക്കുള്ള ചാവേറുകളുടെ റോളിലാണ് ഒരു വിഭാഗം മാധ്യമ പ്രവർത്തകർ.

Latest News