ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), ഇലക്ട്രിക് വെഹിക്കിൾസ് (ഇവി) എന്നിവയുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാൻ പുതിയ ഫണ്ട് ആരംഭിച്ച് പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ. കാറ്റഗറി രണ്ടിൽ ആൾട്ടർനേറ്റ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (എഐഎഫ്) ആയാണ് 20 കോടി രൂപയുടെ വി.എസ്.എസ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്‌സ് ആരംഭിച്ചിരിക്കുന്നത്.
ഇന്ത്യൻ ഉപഭോക്താക്കളെയും ബിസിനസുകളെയും ലക്ഷ്യമിട്ട് ഇന്ത്യയിൽ തുടങ്ങിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇലക്ട്രിക് വെഹിക്കിൾസ് (ഇവി) എന്നിവയുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകളിലാണ് പുതിയ ഫണ്ട് നിക്ഷേപിക്കുക.
സ്റ്റാർട്ടപ്പുകളുമായി ബന്ധപ്പെട്ട് ലോകത്തിലെ തന്നെ ഏറ്റവും മികച്ച സംരംഭകർ ഇന്ത്യയിലുണ്ട്. നൂതന സാങ്കേതിക വിദ്യയുടെയും എ.ഐ അധിഷ്ഠിത കണ്ടുപിടിത്തങ്ങളുടെയും പവർഹൗസായി മാറാനുള്ള കഴിവും നമുക്കുണ്ടെന്ന് ശർമ പറയുന്നു. 10 ട്രില്യൺ ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയാകാനുള്ള ഇന്ത്യയുടെ ആഗ്രഹം നവീകരണത്തിലൂടെയും സംരംഭകത്വത്തിലൂടെയുമാണ് യാഥാർഥ്യമാകുകയെന്നും അദ്ദേഹം പത്രക്കുറിപ്പിൽ പറഞ്ഞു.
ഒല ഇലക്ട്രിക്, ജോഷ് ടോക്‌സ്, മെസ സ്‌കൂൾ, യൂന്നാറ്റി, കവ സ്‌പേസ്, പ്രാൺ, ഗോക്വി, കെ.ഡബ്ല്യൂ.എച്ച് ബൈക്‌സ്, ദാൽചിനി, ട്രീബോ ഹോട്ടൽസ് തുടങ്ങിയ സ്റ്ററ്റാർട്ടപ്പുകളെ പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ ഫണ്ട് നൽകി പിന്തുണച്ചിട്ടുണ്ട്.