Sorry, you need to enable JavaScript to visit this website.

അപകടത്തിന്റെ തോത് സംബന്ധിച്ചും എ.ഐ നിയന്ത്രണ ചട്ടങ്ങളിലും തീരുമാനത്തിലെത്താതെ യൂറോപ്യൻ യൂനിയൻ

നിർമിത ബുദ്ധിയുമായി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ബന്ധപ്പെട്ട പുതിയ നിയമങ്ങൾ സംബന്ധിച്ച് ധാരണയിലെത്താനാകാതെ യൂറോപ്യൻ യൂനിയൻ.
നിരവധി വിഷയങ്ങളിൽ യൂറോപ്യൻ നിയമനിർമാതാക്കൾ ഇതുവരെ സമവായത്തിലെത്തിയിട്ടില്ല. 
കരട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-എ.ഐ നിയമങ്ങൾ യൂറോപ്യൻ പാർലമെന്റും യൂറോപ്യൻ യൂനിയൻ അംഗരാജ്യങ്ങളും അംഗീകരിക്കേണ്ടതുണ്ട്. നിയമങ്ങളുടെ അന്തിമ പതിപ്പുകൾ അംഗീകരിക്കുന്നതിനായി പലതവണ യോഗം ചേർന്നു. ഫൗണ്ടേഷൻ മോഡലുകളെയും ഉയർന്ന അപകട സാധ്യതയുള്ള എ.ഐ സിസ്റ്റങ്ങളെയും കുറിച്ചുള്ള നിലപാടാണ് യൂറോപ്യൻ യൂനിയൻ നിയമനിർമാതാക്കൾ ചർച്ച ചെയ്യുന്നത്.  
വിവിധങ്ങളായ ജോലികൾ ചെയ്യുന്നതിനായി വളരെയധികം ഡാറ്റകളിൽനിന്ന് പരിശീലിപ്പിക്കുന്നതാണ് ഓപൺ എഐയുടെ ചാറ്റ്ജിപിടി പോലെയുള്ള ഫൗണ്ടേഷൻ മോഡലുകൾ. എ.ഐ നിയമങ്ങളുടെ കരട് അംഗീകരിക്കാനുളള പ്രക്രിയ വേഗത്തിലാക്കാനുള്ള സമ്മർദം തുടരുകയാണ് 
ഡിസംബർ വരെ യൂറോപ്യൻ യൂനിയൻ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന സ്‌പെയിൻ. യൂറോപ്യൻ രാജ്യങ്ങളെ കരാറിനായി പ്രേരിപ്പിക്കുന്ന അവർ പ്രക്രിയ വേഗത്തിലാക്കാനുള്ള ശ്രമത്തിൽ വിട്ടുവീഴ്ചകൾ നിർദേശിക്കുകയും ചെയ്തു.
45 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ളവ എന്ന് നിർവചിച്ചിരിക്കുന്ന ഫൗണ്ടേഷൻ മോഡലുകളെ നിയന്ത്രിക്കുന്നതിനുള്ള സമീപനം ഇതിൽ ഉൾപ്പെടുന്നു. അപകട സാധ്യതകൾ കണ്ടെത്തുന്നതിനുള്ള പതിവ് പരിശോധന ഉൾപ്പെടെ, ചാറ്റ് ജിപിടി പോലെയുള്ള വളരെ കഴിവുള്ള ഫൗണ്ടേഷൻ മോഡലുകൾക്ക് അധിക ബാധ്യതകൾ വേണമെന്നും സ്‌പെയിൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ ചെറിയ പ്ലാറ്റ്‌ഫോമുകളും അപകട സാധ്യതയുള്ളതാണെന്ന് എതിരഭിപ്രായമുള്ളവർ ചൂണ്ടിക്കാണിക്കുന്നു. 
നാലാമത്തെ സംഭാഷണത്തിനു മുന്നോടിയായി സാധ്യമായ വിട്ടുവീഴ്ചകളെക്കുറിച്ചും മറ്റു യൂറോപ്യൻ യൂനിയൻ രാജ്യങ്ങളുമായി കൂടിയാലോചിച്ചതായി സ്‌പെയിൻ വ്യക്തമാക്കുന്നു. എന്നാൽ ഉടനെ തന്നെ അന്തിമ ധാരണയിലെത്താൻ സാധ്യതയില്ലെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
അഞ്ചാമത്തെ ട്രൈലോഗ് ഡിസംബർ ആദ്യം നടക്കും. അപ്പോഴും ഒരു കരാറിലെത്തുന്നതിൽ പരാജയപ്പെട്ടാൽ ചർച്ച അടുത്ത വർഷത്തിന്റെ തുടക്കത്തിലേക്ക് നീളും. ജൂണിൽ നടക്കാനിരിക്കുന്ന യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പ് എ.ഐ ചർച്ചകളെ കൂടുതൽ വഴിതെറ്റിച്ചേക്കാം.
യൂറോപ്യൻ യൂനിയൻ വ്യവസായ മേധാവി തിയറി ബ്രെട്ടൺ, എ.ഐ നിയമത്തിന്റെ സഹ റിപ്പോർട്ടർമാരായ ഡ്രാഗോസ്, ബ്രാൻഡോ ബെനിഫൈ എന്നിവരുൾപ്പെടെ നിരവധി നിയമനിർമാതാക്കൾ വർഷാവസാനത്തിന് മുമ്പ് കരട് അംഗീകരിക്കപ്പെടുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
2021 ലാണ് എ.ഐ നിയമത്തിന്റെ കരട് തയാറാക്കാൻ നടപടികൾ ആരംഭിച്ചത്. മുഖം തിരിച്ചറിയൽ, ബയോമെട്രിക് നിരീക്ഷണം, മറ്റു എ.ഐ ആപ്ലിക്കേഷനുകൾ എന്നിവയുടെ ഉപയോഗം സംബന്ധിച്ച പുതിയ നിയമങ്ങൾ അടങ്ങുന്ന കരടിന് കഴിഞ്ഞ മേയിൽ യൂറോപ്യൻ പാർലമെന്റ് അനുമതി നൽകിയിരുന്നു. നിർമിത ബുദ്ധി ടൂളുകളെ ഏറ്റവും കുറഞ്ഞതു മുതൽ അസ്വീകാര്യമായത് വരെയുള്ള റിസ്‌ക് ലെവൽ അനുസരിച്ച് തരംതിരിക്കും. ഈ ടൂളുകൾ ഉപയോഗിക്കുന്ന ഗവൺമെന്റുകൾക്കും കമ്പനികൾക്കും റിസ്‌ക് തോത് അനുസരിച്ച് വ്യത്യസ്ത ബാധ്യതകളായിരിക്കും  ചുമത്തുക. 

Latest News