ഗുട്ടെറസിന്റെ പ്രസ്താവന; യു. എന്‍ ഉദ്യോഗസ്ഥര്‍ക്കുള്ള വിസ നിര്‍ത്താന്‍ തീരുമാനിച്ച് ഇസ്രായേല്‍

ടെല്‍ അവീവ്- ഹമാസിനെ അനുകൂലിച്ച് യു. എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പ്രസ്താവന നടത്തിയതിനു പിന്നാലെ യു. എന്‍ പ്രതിനിധികള്‍ക്ക് വിസ അനുവദിക്കില്ലെന്ന് ഇസ്രായേല്‍. ഹമാസിന്റെ ആക്രമണം ''ശൂന്യതയില്‍'' നിന്നുണ്ടായതല്ലെന്ന് അന്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഇസ്രായേലിന്റെ പ്രതികാര നടപടി. 

സംഭവത്തില്‍ പ്രതിഷേധിച്ച് യു. എന്‍ ഉദ്യോഗസ്ഥര്‍ക്കുള്ള വിസ നിര്‍ത്താന്‍ തീരുമാനിച്ചതായി ഐക്യരാഷ്ട്രസഭയിലെ ഇസ്രായേല്‍ പ്രതിനിധി ഗിലാഡ് എര്‍ദാന്‍ പറഞ്ഞു. ഇസ്രായേല്‍ ആര്‍മി റേഡിയോയിലായിരുന്നു പ്രതികരണം. യു. എന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് ആന്‍ഡ് എമര്‍ജന്‍സി റിലീഫ് കോഓര്‍ഡിനേറ്റര്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത്‌സിന്റെ വിസ അപേക്ഷ ഇസ്രായേല്‍ ഇതിനകം നിരസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹമാസിന്റെ ആക്രമണങ്ങള്‍ ശൂന്യതയിലല്ല സംഭവിച്ചതെന്ന് തിരിച്ചറിയണമെന്നും ഫലസ്തീന്‍ ജനത 56 വര്‍ഷത്തെ അധിനിവേശത്തിന് വിധേയരായിരുന്നുവെന്നും അന്റോണിയോ ഗുട്ടെറസ് യു. എന്‍ സുരക്ഷാ കൗണ്‍സിലില്‍ പറഞ്ഞിരുന്നു. യു. എന്നിന്റെ പ്രസ്താവന ഇസ്രയേലിനെ പ്രകോപിപ്പിച്ചിരുന്നു. 

ഇസ്രായേല്‍- ഗസ സ്ഥിതിഗതികളെക്കുറിച്ചുള്ള സുരക്ഷാ കൗണ്‍സില്‍ മന്ത്രിതല യോഗത്തില്‍ പങ്കെടുത്ത ഇസ്രായേല്‍ വിദേശകാര്യ മന്ത്രി എലി കോഹന്‍ യു. എന്‍ ആസ്ഥാനത്ത് ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്താനിരുന്നെങ്കിലും പീന്നീട് തീരുമാനം മാറ്റി.

യു. എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഉടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയിലെ ഇസ്രായേല്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്‍ ആവശ്യപ്പെട്ടു. കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും കൂട്ടക്കൊല ചെയ്യാനുള്ള പ്രചാരണത്തിന് അനുകൂലിക്കുന്ന യു. എന്‍ സെക്രട്ടറി ജനറല്‍ യുഎന്നിനെ നയിക്കാന്‍ യോഗ്യനല്ലെന്നും എര്‍ദാന്‍ പറഞ്ഞു.

Latest News