Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അസമില്‍ നിന്നുള്ള 'വിദേശികളെ' തടയാന്‍ മേഘാലയ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ചു

ഗുവാഹത്തി- അസമിലെ ദേശീയ പൗരത്വ പട്ടികയുടെ അന്തിമ കരട് പട്ടികയില്‍ നിന്ന് 40 ലക്ഷത്തോളം പേരെ പുറത്താക്കിയതിനു പിന്നാലെ അയല്‍ സംസ്ഥാനമായ മേഘാലയ അതിര്‍ത്തിയില്‍ ഏഴ് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചു. മേഘാലയ പോലീസിന്റെ നുഴഞ്ഞുകയറ്റം തടയല്‍ വകുപ്പാണ് ഇവ സ്ഥാപിച്ചത്. അനധികൃതമായി യാത്ര ചെയ്യുന്ന വിദേശികളെ തടയുകയാണ് ലക്ഷ്യമെന്ന്് മേഘാലയ സര്‍ക്കാര്‍ അറിയിച്ചു. അസമില്‍ നിന്നുള്ള യാത്രക്കാരെയാണ് ഇവിടങ്ങളില്‍ പരിശോധിക്കുക. ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്ന രേഖകള്‍ ഈ ചെക്ക്‌പോസ്റ്റുകളില്‍ കാണിക്കണം. ഇരു സംസ്ഥാനങ്ങളും അതിര്‍ത്തി പങ്കിടുന്ന വെസ്റ്റ് ഖാസി ഹില്‍സ്, റി ഭോയ്, ജയിന്തിയ ഹില്‍സ്, ഗരോ ഹില്‍സ് ജില്ലകളിലെ അതിര്‍ത്തി റോഡുകളിലാണ് ഈ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

അസമിലെ 40 ലക്ഷത്തോളം പേരെ പൗരത്വ പട്ടികയില്‍ നിന്ന് വെട്ടിയതോടെയാണ് മേഘാലയ ജനങ്ങളുടെ നീക്കങ്ങളുടെ മേല്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. ഇതിനെതിരെ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. അതിനിടെ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി ജനങ്ങളുടേയും വാഹനങ്ങളുടേയും സുഗമമായ പോക്കു വരവുകള്‍ ഉറപ്പു വരുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനൊവാള്‍ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയെ ഫോണില്‍ വിളിച്ചു. ഇക്കാര്യത്തില്‍ ഉടന്‍ നടപടി എടുക്കണമെന്ന് സോനൊവാള്‍ ആവശ്യപ്പെട്ടു. അസമിലെ ജനങ്ങള്‍ നേരിടേണ്ടി വരുന്ന പീഡനങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അസം മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അസമിലെ കരട് പൗരത്വ പട്ടിക പ്രസിദ്ധീകരിച്ച ദിവസം തന്നെ മേഘാലയയിലെ ഖാസി സ്റ്റുഡന്റ്‌സ് യൂണിയന്‍ (കെ.എസ്.യു) എന്ന സംഘടന അസം അതിര്‍ത്തിയില്‍ സ്വന്തമായി ചെക്ക് പോസ്റ്റ് സ്ഥാപിച്ച് അസമില്‍ നിന്ന് വരുന്നവരെ തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ഇടപെട്ട് ഇവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഈ ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കിയത്. ഇതിനു തൊട്ടുപിറകെയാണ് ഇപ്പോള്‍ മേഘാലയ സര്‍ക്കാര്‍ ഔദ്യോഗികമായ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

Latest News