Sorry, you need to enable JavaScript to visit this website.

ഗാസ യുദ്ധം റിപ്പോർട്ട് ചെയ്യുന്ന അൽജസീറ ലേഖകന്റെ ഭാര്യയെയും മക്കളെയും ഇസ്രായിൽ കൊന്നു

ഗാസ- ഗാസയിൽ യുദ്ധം റിപ്പോർട്ട് ചെയ്യുന്ന അൽജസീറയുടെ പ്രധാന ലേഖകന്റെ ഭാര്യയെയും മക്കളെയും ഇസ്രായിൽ സൈന്യം ബോംബിട്ടുകൊന്നു. ഭാരയയെയു മകനെയും മകളെയുമാണ് ഇസ്രായിൽ സൈന്യം വകവരുത്തിയത്.  ഗാസയ്‌ക്കെതിരായ യുദ്ധത്തെ കവർ ചെയ്യുന്ന അൽ ജസീറയുടെ ഏറ്റവും പ്രധാന ലേഖകനായ വാൽ അൽദഹ്ദൂഹിന്റെ കുടുംബത്തെയാണ് ഇല്ലാതാക്കിയത്. നമ്മുടെ കുട്ടികളുടെ പിന്നാലെ പോയി ഞങ്ങളോട് പ്രതികാരം ചെയ്യാൻ അവർ ആഗ്രഹിക്കുന്നുണ്ടോ? എന്നായിരുന്നു ദുരന്തത്തിന് ശേഷം വാൽ അൽദഹ്ദൂദിന്റെ പ്രതികരണം.  അല്‍ ജസീറയുടെ ഗാസ ബ്യൂറോ ചീഫാണ് ഇദ്ദേഹം. 

സംഹാരശേഷിയുള്ള വൻ ആയുധങ്ങൾക്ക് പുറമെ പട്ടിണിയും ഉപയോഗിച്ച് ഗാസയിലെ ആയിരങ്ങളെ കൊന്നൊടുക്കുന്ന ഇസ്രായിൽ ക്രൂരത തുടരുകയാണ്. മനുഷ്യരുടെ കണ്ണീരും വിലാപവും പരിഗണിക്കാതെ രാത്രിയും പകലുമില്ലാതെ ഗാസയിലുടനീളം വൻ സംഹാരശേഷിയുള്ള ആയുധങ്ങൾ വർഷിച്ചുകൊണ്ടേയിരിക്കുന്നു. ഇതിന് പുറമെ വിശപ്പ് മാറ്റാനുള്ള ഭക്ഷണം ലഭിക്കാതെയും ആയിരങ്ങൾ മരണത്തിലേക്ക് പതുക്കെ നീങ്ങിക്കൊണ്ടിരിക്കുന്നു. പത്തൊൻപത് ദിവസമായി ഇസ്രായിൽ തുടർന്നുകൊണ്ടിരിക്കുന്ന ആക്രമണത്തിൽ ആകെ മരണം 6500 കവിഞ്ഞു. ഒക്ടോബർ ഏഴിന് ഇസ്രായിലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1400 പേർ കൊല്ലപ്പെടുകയും 200-ലേറെ പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി ഒരു സ്‌ഫോടനത്തിൽ മാത്രം 80 പേരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 700 പേരെയും ഇസ്രായിൽ കൊന്നു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്. 
ഇന്ധനം ലഭിക്കാതായതോടെ ഗാസയിലെ പ്രവർത്തനം നിർത്തുകയാണെന്ന് ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസി അറിയിച്ചു.
സമയം കഴിഞ്ഞു. ഞങ്ങൾക്ക് അടിയന്തിരമായി ഇന്ധനം ആവശ്യമാണെന്ന് ഏജൻസിയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ജൂലിയറ്റ് ടൂമ പറഞ്ഞു.
ഇന്ധനക്ഷാമം മൂലം ഗാസയിലെ ആറു ആശുപത്രികൾ ഇതോടകം അടച്ചുപൂട്ടിയെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. വാരാന്ത്യത്തിൽനിന്ന് വളരെ കുറച്ച് സഹായ ട്രക്കുകൾ ഗാസയിലേക്ക് പ്രവേശിച്ചു, എന്നാൽ ഇത് അതിർത്തിയിലൂടെയുള്ള സാധാരണ സഹായ പ്രവാഹത്തിന്റെ ഒരു ഭാഗം മാത്രമാണ്.
ഗാസയിലെ എമർജൻസി ഷെൽട്ടറുകളും ടെന്റ് സിറ്റികളും 1.4 ദശലക്ഷം കുടിയൊഴിപ്പിക്കപ്പെട്ടവരാണെന്ന് എയ്ഡ് ഏജൻസികൾ പറയുന്നു  പ്രദേശത്തെ ജനസംഖ്യയുടെ പകുതിയിലധികം. ഗാസക്ക് പുറമെ, വെസ്റ്റ് ബാങ്കിൽ ഇസ്രായിൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഇരുപത് ദിവസത്തിനിടെ 102 ഫലസ്തീനികൾ കൊല്ലപ്പെട്ടു. 
ഗാസയിൽ ഫലസ്തീനികളെ കൊന്നൊടുക്കാൻ പട്ടിണിയും ആയുധമായി ഇസ്രായിൽ ഉപയോഗിക്കുന്നുണ്ടെന്ന് ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ ഓക്‌സ്ഫാം പറയുന്നു. ഇസ്രായേലിന്റെ സമ്പൂർണ ഉപരോധത്തിന് ശേഷം, ആവശ്യമായ ഭക്ഷണത്തിന്റെ രണ്ട് ശതമാനം മാത്രമാണ് ഗാസയിൽ വിതരണം ചെയ്യുന്നത്. ഗാസയിലെ ആരോഗ്യ സംവിധാനം പൂർണ്ണമായും പ്രവർത്തനരഹിതമാണെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. 
ഗാസയിലേക്ക് കരയാക്രമണത്തിന് ഇസ്രായിൽ തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. എന്നാൽ ഇത് സംബന്ധിച്ച മറ്റു വിശദാംശങ്ങൾ നൽകിയില്ല. സൈന്യം കരവഴി എപ്പോൾ പോകുമെന്ന കാര്യത്തിൽ സർക്കാരിന്റെ പ്രത്യേക യുദ്ധ കാബിനറ്റ് തീരുമാനമെടുക്കുമെന്നും നെതന്യാഹു പറഞ്ഞു.
അതേസമയം, ഗാസയുമായുള്ള അതിർത്തി വേലിയിൽനിന്ന് 35 കിലോമീറ്റർ (20 മൈൽ) അകലെയുള്ള തീരദേശ നഗരമായ അഷ്‌ദോദിൽ താമസിക്കുന്നവർ ഉടൻ അഭയകേന്ദ്രങ്ങളിലേക്ക് പോകണമെന്ന് മുന്നറിയിപ്പ് അയച്ചതായി ഇസ്രായിൽ ചാനൽ 12 റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 
ഗാസയിലെ അൽവഫ ഹോസ്പിറ്റലിലേക്കും ഇസ്രായിൽ വ്യോമാക്രമണം നടത്തി. കിഴക്കൻ ഗാസ സിറ്റിയിലെ ഷാജയ്യ പ്രദേശത്താണ് ഈ ആശുപത്രി സ്ഥിതി ചെയ്യുന്നത്. 4,600 പേർക്ക് അഭയം നൽകുന്ന റഫയിലെ ഒരു യു.എൻ സ്‌കൂളിന് നേരെ ആക്രമണമുണ്ടായി. ഒക്‌ടോബർ 7 മുതൽ ഗാസയിൽ തങ്ങളുടെ 38 ജീവനക്കാർ കൊല്ലപ്പെട്ടതായി യു.എൻ സ്ഥിരീകരിച്ചു. ഇതിൽ ഏറെയും അധ്യാപകരാണ്. ഇസ്രായിലിന്റെ ആക്രമണത്തിൽ ഫലസ്തീനിലെ ഉന്നത ബിരുദധാരി ഷൈമ അക്രം സയ്ദാം കൊല്ലപ്പെട്ടു, ഗർഭിണിയായ ഇവരും മാതാവും ആക്രമണത്തിൽ കൊല്ലപ്പെട്ടു. തന്റെ പരീക്ഷകളിൽ 99.6 ശതമാനം മാർക്ക് നേടിയാണ് ഷൈമ വിജയിച്ചത്. ഗാസയുടെ തെക്ക് ഭാഗത്തുള്ള ഖാൻ യൂനിസിൽ ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ ആറുപേർ കൊല്ലപ്പെട്ടു. 

ഹമാസ് തീവ്രവാദ സംഘടനയല്ലെന്ന് തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ പറഞ്ഞത് വിവാദമായി. ഹമാസിനെ ഒരു ഭീകര സംഘടനയായല്ല, മറിച്ച് അവരുടെ ഭൂമിക്ക് വേണ്ടി പോരാടുന്ന 'വിമോചകർ' ആയിട്ടാണ് താൻ കാണുന്നതെന്നായിരുന്നു ഉർദുഗാന്റെ പ്രസ്താവന. യുദ്ധത്തിന്റെ തുടക്കത്തിൽ മിത സമീപനം സ്വീകരിച്ച ഉർദുഗാൻ ഗാസയിലെ അൽ അഹ് ലി ആശുപത്രിക്ക് നേരെ നടത്തിയ ആക്രമണത്തിന് ശേഷമാണ് നിലപാട് കർക്കശമാക്കിയത്. ഇസ്രായിൽ നടത്തുന്ന അതിക്രമങ്ങളെ തുർക്കി ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്ന് പാർലമെന്റിലെ ഭരണകക്ഷി അംഗങ്ങളോട് അദ്ദേഹം പറഞ്ഞു. ഞങ്ങൾക്ക് ഇസ്രായിലിലേക്ക് പോകാൻ പദ്ധതി ഉണ്ടായിരുന്നുവെന്നും പുതിയ സഹചര്യത്തിൽ അത് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. 2010ൽ ഗാസയിലേക്ക് സഹായവുമായി എത്തിയ തുർക്കി കപ്പലിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 10 സിവിലിയന്മാർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇസ്രായിലുമായുള്ള ബന്ധം തുർക്കി മരവിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്ര ഉച്ചകോടിക്കിടെ ഉർദുഗാൻ ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കണ്ട ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലേക്ക് വരുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങളുണ്ടായത്. എന്നാൽ ഈ ബന്ധത്തെ ഇസ്രായിൽ ദുരുപയോഗം ചെയ്തുവെന്ന് ഉർദുഗാൻ പറഞ്ഞു. എന്നാൽ ഹമാസ് ഒരു 'നിന്ദ്യമായ തീവ്രവാദ സംഘടന' ആണെന്നും ഫലസ്തീൻ ഭൂമി സംരക്ഷിക്കാൻ പോരാടുന്ന ഒരു വിമോചന ഗ്രൂപ്പായി ഹമാസിനെ വിശേഷിപ്പിച്ച തുർക്കി പ്രസിഡന്റിന്റെ പ്രസ്താവനയെ നിരസിക്കുന്നുവെന്നും ഇസ്രായിൽ മറുപടി പറഞ്ഞു. കുഞ്ഞുങ്ങളെയും കുട്ടികളെയും സ്ത്രീകളെയും പ്രായമായവരെയും ക്രൂരമായും മനഃപൂർവം കൊലപ്പെടുത്തുകയും സാധാരണക്കാരെ ബന്ദികളാക്കുകയും ഭീകര സംഘടനയെ പ്രതിരോധിക്കാനുള്ള തുർക്കി പ്രസിഡന്റിന്റെ ശ്രമവും അദ്ദേഹത്തിന്റെ പ്രകോപനപരമായ വാക്കുകളും ലോകം മുഴുവൻ കണ്ട ഭീകരതയെ മാറ്റില്ലെന്നും ഇസ്രായിൽ വ്യക്തമാക്കി. 
ഗാസയിൽ അധിനിവേശം നടത്താനുള്ള ഇസ്രായിൽ നീക്കം ചെറുക്കാൻ നടപടി സ്വീകരിക്കണമെന്ന് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിനോട് ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസിസി ആവശ്യപ്പെട്ടു. കരയാക്രമണമുണ്ടായാൽ ഇനിയും ആയിരകണക്കിന് സാധാരണക്കാർ കൊല്ലപ്പെടുമെന്നും സീസി മുന്നറിയിപ്പ് നൽകി. 
ഇസ്രായിലുമായുള്ള യുദ്ധത്തിൽ ഫലസ്തീൻ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാൻ ഹിസ്ബുള്ള നേതാവ് ഹസൻ നസ്‌റല്ല ലെബനനിൽ ഹമാസിന്റെയും ഇസ്്‌ലാമിക് ജിഹാദിന്റെയും നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുണ്ട്. ഗാസയിൽ യഥാർത്ഥ വിജയം നേടുന്നതിനുള്ള മാർഗത്തെ പറ്റി ചർച്ച ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.
 

 

Latest News