യു എസും ബ്രിട്ടനും കണ്ണുരുട്ടി; കനേഡിയന്‍മാര്‍ക്ക് വിസ അനുവദിക്കാന്‍ തീരുമാനിച്ച് ഇന്ത്യ

ടൊറന്റോ- കനേഡിയന്‍മാര്‍ക്ക് ഇന്ത്യ താത്ക്കാലികമായി നിര്‍ത്തിവെച്ച വിസ സേനങ്ങള്‍ പുനഃരാരംഭിക്കുന്നു. ഇതിന്റെ ഭാഗമായി എന്‍ട്രി വിസ, ബിസിനസ് വിസ, മെഡിക്കല്‍ വിസ, കോണ്‍ഫറന്‍സ് വിസ എന്നിവയ്ക്കായുള്ള വിസ സേവനം ഇന്ത്യ പുന:ാരംഭിക്കുമെന്ന് അറിയിച്ചു. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ 26 മുതല്‍ ഈ വിസകള്‍ അനുവദിച്ചു തുടങ്ങും. 

കാനഡയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയില്‍ പുരോഗതി കണ്ടാല്‍ കാനഡ പൗരന്മാര്‍ക്കുള്ള വിസ വളരെ വേഗത്തില്‍ അനുവദിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഞായറാഴ്ച അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് ആദ്യഘട്ടമായി വിസകള്‍ അനുവദിച്ചു തുടങ്ങിയത്. 

ഇന്ത്യ- കാനഡ തര്‍ക്കത്തില്‍ യു എസും ബ്രിട്ടനും കാനഡയുടെ പക്ഷം പിടിച്ചതോടെയാണ് നയത്തില്‍ അയവു വരുത്താന്‍ ഇന്ത്യക്ക് തീരുമാനിക്കേണ്ടി വന്നത്. 

ബ്രിട്ടീഷ് കൊളംബിയയില്‍ ഖാലിസ്ഥാനി വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതിനെ തുടര്‍ന്നായിരുന്നു ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായത്. കാനഡയുടെ ആരോപണങ്ങള്‍ ഇന്ത്യ തള്ളുകയും ദിവസങ്ങള്‍ക്കകം കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് താത്ക്കാലികമായി നിര്‍ത്തിവെക്കുകയുമായിരുന്നു.

Latest News