Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അങ്കുര്‍ ഗുപ്ത ഹാപ്പിയാണ്; 28 വര്‍ഷത്തിന് ശേഷം തപാല്‍ വകുപ്പില്‍ ജോലി കിട്ടി

ന്യൂദല്‍ഹി- സുപ്രിം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന്  അങ്കുര്‍ ഗുപ്തയ്ക്ക് തപാല്‍ അസിസ്റ്റന്റായി ജോലി കിട്ടിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രായം 50. അപേക്ഷ നല്‍കിയിട്ട് 28 വര്‍ഷവും കഴിഞ്ഞു. 

1995ലാണ് അങ്കുര്‍ ഗുപ്ത തപാല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിച്ചത്. പതിവ് പരീക്ഷയ്ക്കും സര്‍ട്ടിഫിക്കറ്റ് പരിശോധനകള്‍ക്കും ശേഷം അങ്കുര്‍ ഗുപ്ത പ്രീ-ഇന്‍ഡക്ഷന്‍ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ടു. 15 ദിവസം പരിശീലനവും കിട്ടി. എന്നാല്‍ 'വൊക്കേഷണല്‍ സ്ട്രീമില്‍' നിന്നാണ് ഇന്റര്‍മീഡിയറ്റ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതെന്ന കാരണത്തില്‍ മെറിറ്റ് ലിസ്റ്റില്‍ നിന്നും അങ്കുര്‍ ഗുപ്തയെ ഒഴിവാക്കുകയും തപാല്‍ അധികൃതര്‍ തൊഴില്‍ നിഷേധിക്കുകയും ചെയ്തു. 

ഇതോടെ മറ്റ് പലരോടുമൊപ്പം സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ ഗുപ്തയും സമീപിച്ചു. 1999ല്‍ അനുകൂലമായ വിധി ലഭിക്കുകയും ചെയ്തു. എന്നാല്‍  2000ല്‍ തപാല്‍ വകുപ്പ് ട്രിബ്യൂണലിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചതോടെ നടപടി നീണ്ടുപോയി. 

2017ലാണ് ഹൈക്കോടതി തപാല്‍ വകുപ്പിന്റെ ഹരജി തള്ളി സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് ശരിവെച്ച് ഉത്തരവിറക്കിയത്. ഇതോടെ തപാല്‍ വകുപ്പ് റിവ്യൂ ഹരജി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തു. അതും 2021ല്‍ തള്ളുകയായിരുന്നു. അതോടെ തപാല്‍ വകുപ്പ് സുപ്രിം കോടിയെ സമീപിച്ചു. 

സുപ്രിം കോടതി അവസാന വിധി പുറപ്പെടവിച്ചപ്പോള്‍ 2023 ആയിരുന്നു. ഉദ്യോഗാര്‍ഥിക്ക് നിയമനത്തിനുള്ള നിക്ഷിപ്ത അവകാശം അവകാശപ്പെടാനാവില്ലെങ്കിലും മെറിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടാല്‍ ന്യായമായ പരിഗണന ലഭിക്കാനുള്ള പരിമിത അവകാശമുണ്ടെന്ന് ജസ്റ്റിസുമാരായ ബേല എം ത്രിവേദിയും ദീപങ്കര്‍ ദത്തയും അടങ്ങിയ ബെഞ്ച് വിധിച്ചു. 

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142 പ്രകാരമുള്ള അസാധാരണമായ അധികാരപരിധി അഭ്യര്‍ഥിച്ചുകൊണ്ട് ഗുപ്തയ്ക്ക് ഒരു മാസത്തിനകം തപാല്‍ അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നല്‍കാനും തസ്തിക ഒഴിവില്ലെങ്കില്‍ സൂപ്പര്‍ ന്യൂമററി നിയമനം നല്‍കാനും സുപ്രിം കോടതിയുടെ നിര്‍ദ്ദേശമുണ്ടായി.

പ്രൊബേഷന്‍ കാലയളവ് തൃപ്തികരമായി പൂര്‍ത്തിയാക്കിയാല്‍ സേവനത്തില്‍ നിലനിര്‍ത്തണം. എന്നാല്‍ 1995ലെ റിക്രൂട്ട്‌മെന്റ് പ്രക്രിയയില്‍ പങ്കെടുത്ത മറ്റ് ഉദ്യോഗാര്‍ഥികളുടെ നിയമന തിയ്യതി മുതല്‍ സീനിയോറിറ്റി ക്ലെയിം ചെയ്യാന്‍ അങ്കുര്‍ ഗുപ്തയ്ക്ക് അര്‍ഹതയുണ്ടാവില്ലെന്നും സുപ്രിം കോടതി വിശദമാക്കി.

Latest News