ഗാസ- ലോകമേ... കണ്ണു തുറക്കാത്തതെന്ത്? കുരുന്നുകളുടെ ദീനരോദനങ്ങളില്‍ ഗാസ വിലയം പ്രാപിക്കുമ്പോള്‍ മൗനവല്മീകത്തിലൊളിക്കുകയാണ് ലോകം. ആ ദൈന്യവിലാപങ്ങള്‍ പ്രതികാരവും പകയും ആയുധമാക്കിയ ഇസ്രായിലിനോ എല്ലാ അരുതായ്മകള്‍ക്കും കുട പിടിക്കുന്ന അമേരിക്കക്കോ കേള്‍ക്കാനാകുന്നില്ല. അറബ് രാജ്യങ്ങള്‍പോലും നിസ്സഹായരായി നില്‍ക്കുകയാണ്. ഇത്രയേറെ വ്യാപ്തിയുള്ള ഒരു മാനുഷിക ദുരന്തത്തിന് അടുത്ത കാലത്തൊന്നും ലോകം സാക്ഷ്യം വഹിച്ചിട്ടില്ല.
ഇസ്രായില്‍ ബോംബാക്രമണത്തില്‍ ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ട ഗാസയില്‍ മരിച്ച കുട്ടികളുടെ എണ്ണം 'അമ്പരപ്പിക്കുന്നതാണ്. മൂന്നാഴ്ചക്കിടെ 2,360 കുട്ടികള്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് ചെയ്ത യുനിസെഫ് അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്‌തെങ്കിലും ആരും കേള്‍ക്കുന്നില്ല. മാനുഷിക സഹായം തടയപ്പെട്ടിരിക്കുന്നു. ഗാസ ആശുപത്രികളിലെ ഡോക്ടര്‍മാര്‍പോലും കണ്ണീര്‍ വാര്‍ക്കുകയാണ്.
ഗാസയില്‍ 5,364 കുട്ടികള്‍ക്ക് ഇസ്രായിലിന്റെ കലിയടങ്ങാത്ത ആക്രമണത്തില്‍ പരിക്കേറ്റതായി യുനിസെഫ് കൂട്ടിച്ചേര്‍ത്തു. ഗാസയില്‍ ദിനംപ്രതി 400ലധികം കുട്ടികള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരിക്കേറ്റ കുട്ടികളുടെ സ്ഥിതി അതിദയനീയമാണ്. അംഗഭംഗം വന്നവര്‍, ഗുരുതരമായി പൊള്ളലേറ്റവര്‍, മാരകമായ മുറിവുകള്‍ പറ്റിയവര്‍.... ചികിത്സപോലും കിട്ടാതെ ആശുപത്രികളില്‍ നരകിക്കുകയാണ്.
'ഗാസ മുനമ്പിലെ സാഹചര്യം ഞങ്ങളുടെ മനസ്സാക്ഷിയിലേറ്റ കളങ്കമാണ്. കുട്ടികളുടെ മരണനിരക്കും പരിക്കുകളും ഞെട്ടിപ്പിക്കുന്നതാണ്, -യുനിസെഫ് റീജിയണല്‍ ഡയറക്ടര്‍ പറഞ്ഞു. 'സംഘര്‍ഷം ലഘൂകരിക്കപ്പെടുന്നില്ലെങ്കില്‍, ഭക്ഷണം, വെള്ളം, വൈദ്യസഹായം, ഇന്ധനം എന്നിവയുള്‍പ്പെടെയുള്ള മാനുഷിക സഹായം അനുവദിച്ചില്ലെങ്കില്‍, മരണസംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കും എന്നതാണ് കൂടുതല്‍ ഭയാനകമായ വസ്തുത.'
ഗാസ മുനമ്പിലെ മിക്കവാറും എല്ലാ കുട്ടികളും വേദനാജനകമായ സംഭവങ്ങള്‍ക്കും ആഘാതങ്ങള്‍ക്കും വിധേയരായിട്ടുണ്ട്. ശാരീരികമായും മാനസികമായും തകര്‍ന്ന ഈ കുട്ടികള്‍ ലോകത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.