പ്രസവ വാര്‍ഡിന്റെ മേല്‍ക്കൂരയില്‍നിന്ന് കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണു, രക്ഷപ്പെട്ടത് തലനാരിഴക്ക്

കോട്ടയം - കോട്ടയം ജില്ലാ ജനറല്‍ ആശുപത്രി പ്രസവ വാര്‍ഡിന്റെ മേല്‍ക്കൂരയില്‍ നിന്ന് കോണ്‍ക്രീറ്റ് സിമന്റ് പാളി അടര്‍ന്നുവീണു. ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. മൂന്നുപേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

പ്രസവശേഷം സ്ത്രീകളെ അഡ്മിറ്റ് ചെയ്യുന്ന നാലാം വാര്‍ഡിലേക്കുള്ള വഴിയിലെ മുകള്‍ ഭാഗത്തെ സിമന്റ് പാളിയാണ് അടര്‍ന്നുവീണത്. വാര്‍ഡില്‍ ക്ലീനിംഗ് നടക്കുകയായിരുന്നതിനാല്‍ നിരവധി സ്ത്രീകള്‍ ഈ സമയം വരാന്തയിലുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. കാലപ്പഴക്കംചെന്ന കെട്ടിടത്തിന്റെ പല ഭാഗത്തുനിന്നും ഇത്തരത്തില്‍ പ്ലാസ്റ്ററിങ് അടര്‍ന്നുവീഴുന്നത് ജീവനക്കാരെയടക്കം ആശങ്കയിലാഴ്ത്തുന്നു.

കോട്ടയം ജനറല്‍ ആശുപത്രി്ക്കായി പുതിയ കെട്ടിടം പണി ഇതുവരെ തുടങ്ങിയിട്ടില്ല. പത്തുനില കെട്ടിടമാണ് വിഭാവനം ചെയ്യുന്നത്. പക്ഷേ  നിര്‍മാണം തുടങ്ങണമെങ്കില്‍ ഇപ്പോഴുള്ള ആശുപത്രിക്കെട്ടിടത്തിലെ മണ്ണുനീക്കണം. ഇതിനുള്ള നടപടിയായിട്ടില്ല.പുതിയ കെട്ടിടത്തിന്റെ രണ്ടു നില തറനിരപ്പില്‍നിന്ന് താഴെയാണ്. ഈ രണ്ടുനില നിര്‍മിക്കാന്‍ 30 അടി താഴ്ചയില്‍ 15 ലക്ഷം ക്യൂബിക് മീറ്റര്‍ മണ്ണ് നീക്കേണ്ടിവരുമെന്നാണ് കണക്ക്. 2,86,000 ചതുരശ്രയടിയാണ് കെട്ടിടത്തിന്റെ വിസ്തീര്‍ണം. പുതിയ കെട്ടിടം നര്‍മിക്കുന്നതിന് കരാര്‍ എടുത്തിരിക്കുന്നത് ഇന്‍കെല്‍ ആണ്. മണ്ണ് നീക്കണമെങ്കില്‍ സ്ഥലം ഇന്‍കെലിന് കൈമാറണം. അതിനുമുമ്പ് സ്ഥലം ഒരുക്കുന്നതിനായി നേത്രരോഗവിഭാഗം ഓപ്പറേഷന്‍ തിയേറ്റര്‍, ഭൂമികയുടെ ഓഫീസ് തുടങ്ങിയ കെട്ടിടങ്ങള്‍കൂടി പൊളിച്ചുനീക്കണം.ഇവിടെനിന്ന് നീക്കുന്ന മണ്ണ്. ഇന്‍കെലിന്റെ കീഴിലുള്ള പ്രോജക്ട് നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകാനാണ് തീരുമാനം. ആലപ്പുഴയിലെ പുളിങ്കുന്നിലേക്ക് കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ഉത്തരവ്. പുളിങ്കുന്നില്‍ താലൂക്ക് ആശുപത്രിയുടെ നിര്‍മാണം നടക്കുന്നുണ്ട്. ഇവിടേക്കുള്ള അപ്രോച്ച്റോഡുപണിക്ക് ഈ മണ്ണ് ഉപയോഗിക്കും.

ഡിസംബറില്‍ നിര്‍മാണം തുടങ്ങുമെന്നാണ് അധികൃതര്‍ പറയുന്നത്.സ്ഥലം ഭാഗികമായി ഇന്‍കെലിന് കൈമാറിക്കഴിഞ്ഞു. കെട്ടിടങ്ങള്‍ പൊളിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. 220 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. 130 കോടി രൂപയുടെ ഭരണാനുമതി കിട്ടിക്കഴിഞ്ഞതായും അധികൃതര്‍ അറിയിച്ചു.

 

 

 

 

Latest News