ഗാസ- ഗുഡ് നൈറ്റ് ഗാസ.. ഇസ്രായില്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീന് എഴുത്തുകാരി ഹിബ കമാല്‍ അബു നദ അവസാനമായി കുറിച്ച വരി. കഴിഞ്ഞ വെള്ളിയാഴ്ച ഗാസ സിറ്റിക്ക് തെക്ക് സ്വന്തം വീട്ടില്‍ വെച്ചാണ് 32 കാരി ഹിബ അബു നദ കൊല്ലപ്പെട്ടത്.
ഗാസയുടെ രാത്രി ഇരുണ്ടതാണ്, റോക്കറ്റുകളുടെ തിളക്കം മാത്രം, നിശബ്ദമാണ് ബോംബുകളുടെ ശബ്ദം മാത്രം, ഭയമില്ലാത്തത് പ്രാര്‍ത്ഥനാ വേളകളില്‍ മാത്രം, രക്തസാക്ഷികളുടെ വെളിച്ചമില്ലെങ്കില്‍ കറുപ്പ് മാത്രം. ശുഭരാത്രി, ഗാസ..
ഒക്ടോബര്‍ എട്ടിന് എക്സ് പ്ലാറ്റ്ഫോമിലെ തന്റെ അവസാനത്തെ പോസ്റ്റില്‍ എഴുത്തുകാരിയും അധ്യാപികയുമായ അവര്‍ കുറിച്ചു.
ഇതാണ് ഹിബയുടെ അവസാന വരികളെന്ന് ബ്രിട്ടീഷ് വംശജനായ സൈപ്രസ് കവിയും എഴുത്തുകാരനും പ്രസാധകനുമായ ആന്റണി അനക്സാഗോറൂ ലിറ്റററി ഹബില്‍ എഴുതി.
അരാജകത്വങ്ങള്‍ക്കിടയിലും വിവരണാതീതമായ ആനന്ദാവസ്ഥ ഞങ്ങള്‍ സ്വയം കണ്ടെത്തുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍, നമ്മുടെ പ്രതിരോധത്തിന്റെ സാക്ഷ്യപത്രമായി ഒരു പുതിയ നഗരം ഉയര്‍ന്നുവരുന്നു. കരച്ചിലിന്റെ വേദന വായുവില്‍ പ്രതിധ്വനിക്കുന്നു, ഡോക്ടര്‍മാരുടെ രക്തം പുരണ്ട വസ്ത്രങ്ങള്‍ മാത്രം. കുടുംബങ്ങള്‍ പ്രതികൂല സാഹചര്യങ്ങളില്‍ അചഞ്ചലമായ ശക്തി പ്രകടിപ്പിക്കുന്നു.
ഓക്സിജന്‍ മരിച്ചവര്ക്കുള്ളതല്ലെന്നാണ് ഹിബയുടെ വാക്കുകള്‍. ഫലസ്തീന് പശ്ചാത്തലത്തില്‍ ആഴത്തില്‍ വേരൂന്നിയ ഹിബയുടെ കൃതികള്‍ ആഗോളതലത്തില്‍ വായനക്കാരില്‍ പ്രതിധ്വനിച്ചു.
ഹൃദയസ്പര്‍ശിയായ പ്രമേയങ്ങളും ഗഹനമായ സന്ദേശങ്ങളും നിറഞ്ഞ അവരുടെ രചനകള്‍ മാനുഷിക അനുഭവത്തിന്റെ സാരാംശം ഉള്‍ക്കൊള്ളുന്നതാണ്. ഫലസ്തീനിയന്‍ സാഹിത്യത്തിലെ തന്റെ പാരമ്പര്യം മായാതെ നിലനില്‍ക്കുമെന്ന് വ്യക്തമാക്കി ഹിബ അബൂ നദ അവളുടെ വാക്കുകളിലൂടെ സ്വയം അനശ്വരയായി.
1948ല്‍ ഫലസ്തീനില്‍നിന്ന് നാടുകടത്തപ്പെട്ട അഭയാര്‍ത്ഥി കുടുംബത്തില്‍ 1991ല്‍ സൗദി അറേബ്യയിലാണ് ഹിബ അബു നദ ജനിച്ചത്.